ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റില്‍ ഋതുരാജ് ഗെയ്ക്വാദ് ചെന്നൈ സൂപ്പര്‍ കിങ്സ് നായകനായി തുടരുന്നതാണ് അഭികാമ്യമെന്ന് ഇന്ത്യയുടെ മുന്‍ താരം റോബിന് ഉത്തപ്പ. രാജസ്ഥാന് റോയല്‍സ് വിട്ട് സൂപ്പര്‍ കിങ്സിലെത്തിയ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിനെ നായകനാക്കണമെന്ന നിര്‍ദേശങ്ങളെ തള്ളണമെന്നും ചെന്നൈ സൂപ്പര്‍ കിങ്സിന്റെ മുന്‍ താരമായിരുന്ന ഉത്തപ്പ വ്യക്തമാക്കി. ഋതുരാജില്‍ വിശ്വാസമര്‍പ്പിക്കാനുള്ള ക്ഷമ സൂപ്പര്‍ കിങ്സ് കാണിക്കുമെന്നാണു പ്രതീക്ഷയെന്നും ജിയോ ഹോട്ട്സ്റ്റാറിന്റെ ”ഔട്ട് ഓര് ഔട്ട് ഓഫ് ദ് പാര്‍ക്ക്” പരിപാടിയില്‍ ഉത്തപ്പ പറഞ്ഞു.
2024 മുതല്‍ സൂപ്പര്‍ കിങ്സിന്റെ നായകനായിരുന്നു ഋതുരാജ്. എം.എസ്. ധോണി അടക്കമുള്ള താരങ്ങളെ നയിച്ച പരിചയം താരത്തിനുണ്ട്. സൂപ്പര്‍ കിങ്സില്‍ പുതുമുഖമായ സഞ്ജുവിന് സമയം നല്‍കണമെന്നും ഉത്തപ്പ അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ എം.എസ്. ധോണി ഈ സീസണോടെ ഐ.പി.എല്‍. കരിയറിനോടു വിട പറഞ്ഞാലും അദ്ഭുതപ്പെടാനില്ലെന്നും ഉത്തപ്പ പറഞ്ഞു. 2024 ല്‍ ചെന്നൈ നായകനായ ഋതുരാജ് അടുത്ത സീസണിലും തുടര്‍ന്നു. പക്ഷേ സീസണ് മധ്യത്തില്‍ പരുക്കേറ്റു പുറത്തായി. അതോടെ ധോണിക്ക് നായകസ്ഥാനത്തു തിരിച്ചെത്തേണ്ടി വന്നു. ഐ.പി.എല്‍. ചരിത്രത്തിലാദ്യമായി സൂപ്പര്‍ കിങ്സ് പട്ടികയില്‍ ഏറ്റവും പിന്നില്‍ ഫിനിഷ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ ദിവസമാണു സഞ്ജു സാംസണ് ചെന്നൈ ക്യാമ്പിലെത്തിയത്. സഞ്ജുവും ധോണിയും തമ്മില്‍ പരിശീലനത്തിനിടെ സംസാരിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
രാജസ്ഥാന് റോയല്‍സ് വിടാനുള്ള തീരുമാനം വ്യക്തിപരമാണെന്നും വളരെ വ്യക്തമായി ചിന്തിച്ചെടുത്തതാണെന്നും സഞ്ജു നേരത്തെ വ്യക്തമാക്കിയിരുന്നു. രാജസ്ഥാന് റോയല്‍സിനൊപ്പമുള്ള യാത്ര സ്വാഭാവികമായ ഒരു പൂര്‍ണതയിലെത്തിയെന്നു തോന്നി. തുടരുന്നതിന് പകരം കരിയറിലെ പുതിയൊരു അധ്യായം തേടി മുന്നോട്ട് പോകാനാണു ചെന്നൈ സൂപ്പര്‍ കിങ്സിലേക്കു കൂടുമാറിയതെന്നും സഞ്ജു വിശദീകരിച്ചു. ഐ.പി.എല്ലില്‍ സി.എസ്.കെയ്ക്കായുള്ള സഞ്ജുവിന്റെ അരങ്ങേറ്റ മത്സരം ഗുവാഹത്തിയിലെ ബര്‍സാപാറ സ്റ്റേഡിയത്തില്‍ രാജസ്ഥാന് റോയല്‍സിനെതിരേ തന്നെയാണ്. കഴിഞ്ഞ നവംബറില്‍ താര ലേലത്തിനു മുന്നോടിയായാണു സഞ്ജു രാജസ്ഥാന് വിടുകയാണെന്നു പ്രഖ്യാപിച്ചത്.
ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, സാം കുറാന് എന്നിവര്‍ക്കു പകരമാണു സി.എസ്.കെ. സഞ്ജുവിനെ സ്വന്തമാക്കിയത്. രണ്ട് ഘട്ടങ്ങളിലായി (2013-2015, 2018-2025) സഞ്ജു രാജസ്ഥാന് ടീമിനായി കളിച്ചു. രാജസ്ഥാന് റോയല്‍സിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരവും ഏറ്റവും കൂടുതല്‍ റണ്ണെടുത്ത താരവും സഞ്ജുവാണ്. ഇടയ്ക്ക് 2016, 2017 സീസണുകളില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് ( ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) വേണ്ടിയും കളിച്ചു. ചെന്നൈയില്‍ സഞ്ജുവിന്റെ റോള്‍ എന്തായിരിക്കുമെന്നതില് ചര്‍ച്ച സജീവമാണ്. ട്വന്റി20 ലോകകപ്പില്‍ ഓപ്പണറായിറങ്ങിയ സഞ്ജു തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു.
അഞ്ച് ഇന്നിങ്സുകളിലായി 310 റണ്ണെടുത്ത സഞ്ജു ലോകകപ്പിലെ താരവുമായി. എം.എസ്. ധോണി എവിടെ ബാറ്റ് ചെയ്യുമെന്നതും ആകാംക്ഷയുണ്ടാക്കുന്നതാണ്. ഇംപാക്ട് പ്ലയറായി എട്ടാം നമ്പറില്‍ ധോണി ഇറങ്ങാനാണു സാധ്യത. വിക്കറ്റ് കീപ്പറായി ധോണിയാണോ സഞ്ജുവാണോ എന്ന് ഉറപ്പില്ല. സഞ്ജുവിനെ ടീമിന്റെ ബ്രാന്‍ഡ് നെയിമായി ധോണിയുടെ പിന്‍ഗാമിയാക്കാനും ലക്ഷ്യമുണ്ട്.




