മാട്രിമോണിയൽ ആപ്പിലൂടെ പരിചയപ്പെട്ട് വളരെ സന്തോഷത്തോടെ മുന്നോട്ട് പോയ ഒരു ബന്ധം ഒടുവിൽ ഒരു യുവതിക്കും കുടുംബത്തിനും വലിയൊരു ഭാരമായി മാറി. ഒടുവിൽ ആ പുരുഷനിൽ നിന്ന് രക്ഷപ്പെടാൻ അവർക്ക് പോലീസിന്റെ സഹായം തേടേണ്ടി വന്നു. സോഷ്യൽ മീഡിയയിലൂടെ ഒരു ഇൻഫ്ലുവൻസറാണ് യുവതിക്ക് നേരിട്ട ഈ ഞെട്ടിക്കുന്ന അനുഭവം പങ്കുവെച്ചത്. മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട ഇരുവരും പെട്ടെന്ന് തന്നെ അടുത്തതായും ഇവരുടെ വിവാഹത്തിന് ഇരു കുടുംബങ്ങളും സമ്മതം മൂളിയതായും പോസ്റ്റിൽ പറയുന്നു.
എന്നാൽ കുറച്ചുകാലത്തിന് ശേഷം, തനിക്ക് സങ്കീർണ്ണമായ ഒരു ഭൂതകാലമുണ്ടെന്ന് അയാൾ യുവതിയോട് പറഞ്ഞു. തന്റെ പക്കലുള്ള ചില മോശം ചിത്രങ്ങൾ കാണിച്ച് മുൻകാമുകി തന്നെ വിവാഹത്തിനായി ബ്ലാക്ക്‌മെയിൽ ചെയ്യുകയാണെന്നായിരുന്നു അയാൾ അവകാശപ്പെട്ടത്. എന്നാൽ പിന്നീട് ഈ കഥയിൽ മറ്റൊരു വഴിത്തിരിവുണ്ടായി. അയാൾ നുണ പറയുകയാണെന്നും മുൻകാമുകിയുമായി വീണ്ടും ബന്ധം സ്ഥാപിക്കാൻ അയാൾ തന്നെയാണ് ശ്രമിക്കുന്നതെന്നും യുവതിക്ക് മനസ്സിലായി.
അയാൾ തന്നെ വഞ്ചിക്കുകയാണെന്ന് തിരിച്ചറിഞ്ഞ യുവതി ഈ ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചു. എന്നാൽ തനിക്ക് ഒരു അവസാന അവസരം കൂടി നൽകണമെന്ന് അയാൾ യുവതിയോട് അപേക്ഷിച്ചു. തുടർന്ന് കാര്യങ്ങൾ സംസാരിച്ച് പരിഹരിക്കാനായി അയാൾ തന്റെ അങ്കിളിനൊപ്പം മദ്യപിച്ച നിലയിൽ പുലർച്ചെ 4 മണിക്ക് യുവതിയുടെ വീട്ടിലെത്തി. എന്നാൽ സംസാരിക്കുന്നതിന് പകരം അയാൾ യുവതിയെ ക്രൂരമായി മർദ്ദിക്കുകയും പുലർച്ചെ നടുറോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. ആ സമയത്ത് ആ വഴി വന്ന ഒരു കാർ യാത്രക്കാരൻ കാരണമാണ് യുവതിക്ക് രക്ഷപ്പെടാൻ സാധിച്ചത്. ഒപ്പമുണ്ടായിരുന്ന അങ്കിൾ യുവതിയെ സഹായിക്കാൻ ഒട്ടും തയ്യാറായില്ല.
ഈ സംഭവത്തിന് ശേഷവും തന്റെ തെറ്റുകൾക്ക് യുവതിയുടെ കുടുംബത്തോട് മാപ്പ് ചോദിച്ചുകൊണ്ട് ബന്ധം തുടരാൻ അയാൾ ശ്രമിച്ചു. എന്നാൽ യുവതിയുടെ കുടുംബം അവളുടെ ഒപ്പം നിൽക്കുകയും അയാൾക്കെതിരെ പോലീസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ വൈറലായ ഈ സംഭവം ഉപയോക്താക്കളെ ഏറെ ഭയപ്പെടുത്തുന്നതായിരുന്നു. എന്നാൽ കുടുംബം യുവതിക്ക് നൽകിയ പിന്തുണയെ പലരും പ്രശംസിച്ചു. എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ പങ്കുവെക്കപ്പെട്ട ഈ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ട് പതിനെണ്ണായിരത്തിലധികം ആളുകളാണ് കണ്ടത്.
മാട്രിമോണിയൽ ആപ്പുകൾ ഇപ്പോൾ കേവലം ചാറ്റിംഗ് പ്ലാറ്റ്‌ഫോമുകളായി മാറിയിരിക്കുകയാണെന്ന് ഒരു ഉപയോക്താവ് ഇതിന് താഴെ കമന്റ് ചെയ്തു. പുലർച്ചെ 4 മണിക്ക് സംസാരിക്കാൻ വന്ന അയാളെ വിശ്വസിച്ച് പുറത്തിറങ്ങിയത് യുവതിക്ക് പറ്റിയ തെറ്റാണെന്നും, എങ്കിലും അവൾ രക്ഷപ്പെട്ടതിലും മാതാപിതാക്കൾ ഒപ്പം നിന്നതിലും സന്തോഷമുണ്ടെന്നും മറ്റൊരാൾ കുറിച്ചു. ഇന്നത്തെ കാലത്ത് സ്ത്രീകൾ എന്തുകൊണ്ടാണ് വിവാഹത്തിന് മടിക്കുന്നത് എന്നതിന്റെ കാരണമാണ് ഇതെന്നും പലരും അഭിപ്രായപ്പെട്ടു.




