Crime Featured

ഫാൻസി കൂളിങ് ഗ്ലാസുകൾ വെച്ച് പുതപ്പിച്ചു കിടത്തിയ രണ്ടു പിഞ്ചുശരീരങ്ങൾ; ഭർത്താവിന് അരികിലേക്ക് പോകുന്നുവെന്ന് അശ്വതി

കൊച്ചി: വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളെ മരിച്ച നിലയിൽ കണ്ടെത്തിയത് അങ്ങേയറ്റം ദാരുണമായ സാഹചര്യത്തില്‍. മുറിയിലെ ഫാനിൽ പാതി മുറിച്ച ഒരു തുണിക്കഷ്ണം തൂങ്ങിക്കിടപ്പുണ്ടായിരുന്നു. അതിൽ നിന്നും അഞ്ച് മീറ്റർ മാറി രണ്ട് പേരുടെ മൃതദേഹങ്ങൾ തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു.

മറ്റൊരു മുറിയിലെ കട്ടിലിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ നല്ല വസ്ത്രങ്ങൾ ധരിപ്പിച്ച്, കണ്ണുകളിൽ ഫാൻസി കൂളിങ് ഗ്ലാസുകൾ വെച്ച് പുതപ്പിച്ചു കിടത്തിയ നിലയിലാണ് കണ്ടെത്തിയത്. അടുത്ത മുറിയിലെ തറയിൽ ഷാൾ വിരിച്ച് അതിൽ ഷെർവാണി ധരിപ്പിച്ച നിലയിൽ പതിനാലുകാരനായ മകന്റെ മൃതദേഹവും ഉണ്ടായിരുന്നു.

ലൂര്‍ദ്‌ ആശുപത്രിക്കു സമീപം ഗ്രീന്‍ ഗാര്‍ഡനിലാണു സംഭവം. വിളപ്പില്‍ശാല കാരോട്‌ കനക വിഹാറില്‍ ശ്രീകുമാരി, മകള്‍ അശ്വതി എസ്‌. നായര്‍, കാര്‍ണിവന്‍ (14), കീര്‍ത്തിവന്‍ (4), രണ്ടുവയസുകാരി അക്ഷിത എന്നിവരാണു മരിച്ചത്‌. തിരുവനന്തപുരം സ്വദേശികളായ ഇവര്‍ വടുതലയില്‍ വാടകയ്‌ക്കു താമസിക്കുകയായിരുന്നു.

ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം. മൃതദേഹത്തിനു സമീപത്തുനിന്ന്‌ ആത്മഹത്യാക്കുറിപ്പു കണ്ടെത്തിയിട്ടുണ്ടെന്ന്‌ പോലീസ്‌ അറിയിച്ചു.
രണ്ടുമാസം മുമ്പാണ്‌ കുടുംബം വടുതലയില്‍ വാടകയ്‌ക്കു താമസിക്കാന്‍ തുടങ്ങിയത്‌. ബൗദ്ധിക വെല്ലുവിളി നേരിടുന്ന കീര്‍ത്തിവന്‌ ആസ്‌റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സ നല്‍കാനായിരുന്നു ഇതെന്നാണു നിഗമനം. വിളപ്പില്‍ശാല കാരോടുള്ള വീട്‌ കഴിഞ്ഞവര്‍ഷം ഫെബ്രുവരി മുതല്‍ മറ്റൊരാള്‍ക്കു വാടകയ്‌ക്കു നല്‍കിയിട്ടാണ്‌ ഇവര്‍ എറണാകുളത്തെത്തിയത്‌.

അശ്വതിയുടെ ഭര്‍ത്താവ്‌ കാട്ടാക്കട പൂവച്ചല്‍ സ്വദേശി അര്‍ഷിദ്‌ രണ്ടുമാസം മുമ്പ്‌ ലിവര്‍ സിറോസിസ്‌ ബാധിച്ച്‌ മരിച്ചിരുന്നു. ഈ ആഘാതത്തിനു പിന്നാലെ കുടുംബത്തില്‍ കടുത്ത തര്‍ക്കങ്ങളും പ്രശ്‌നങ്ങളുമുണ്ടായതായി സൂചനയുണ്ട്‌. പോലീസിനു ലഭിച്ച ആത്മഹത്യാക്കുറിപ്പിലും കുടുംബപ്രശ്‌നങ്ങളുടെ ഹൃദയഭേദകമായ വിവരങ്ങളുണ്ടെന്നാണു വിവരം. വീടിനുള്ളിൽ നടത്തിയ പരിശോധനയിൽ അശ്വതി എഴുതിയത് എന്നു കരുതുന്ന ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു. ഭർത്താവിന്റെ അരികിലേക്ക് തങ്ങളും പോകുന്നു എന്ന രീതിയിലാണ് കത്തിൽ പറയുന്നത്. താങ്ങാനാവാത്ത മാനസിക വിഷമങ്ങളാണോ ആത്മഹത്യ തെരഞ്ഞെടുക്കാന്‍ കാരണമായതെന്ന്‌ പോലീസ്‌ അന്വേഷിക്കുന്നുണ്ട്‌.

രണ്ടുദിവസമായി വീട്ടില്‍നിന്ന്‌ അനക്കമൊന്നുമില്ലാതിരുന്നപ്പോഴാണ്‌ വിദേശത്തുള്ള വീട്ടുടമയുടെ ബന്ധുക്കള്‍ സ്‌ഥലത്തെത്തിയത്‌. ഇവര്‍ വീടുതുറന്ന്‌ അകത്തുകയറിയപ്പോള്‍ രണ്ടു മൃതദേഹങ്ങള്‍ ഫാനില്‍ തൂങ്ങിയാടുന്നതായി കണ്ടെത്തുകയായിരുന്നു. തൊട്ടടുത്ത മുറിയിലെ കട്ടിലില്‍ മൂന്നു കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളും കാണപ്പെട്ടു. കുട്ടികള്‍ക്കു വിഷം നല്‍കിയശേഷം അമ്മയും മകളും ജീവനൊടുക്കിയതാകാമെന്നാണ്‌ പോലീസിന്റെ നിഗമനം. മൃതദേഹങ്ങള്‍ക്കു രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നു സംശയിക്കുന്നു.

ഭര്‍ത്താവിന്റെ മരണം സൃഷ്‌ടിച്ച ശൂന്യതയും പിന്നാലെയുണ്ടായ കുടുംബകലഹങ്ങളും ഇവരെ വല്ലാതെ തളര്‍ത്തിയിരുന്നു. നോര്‍ത്ത്‌ പോലീസ്‌ സ്‌ഥലത്തെത്തി ഇന്‍ക്വസ്‌റ്റ്‌ നടപടികള്‍ പൂര്‍ത്തിയാക്കി. പോസ്‌റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. അശ്വതിയുടെ ബന്ധുക്കളും കൊച്ചിയില്‍ എത്തിയിരുന്നു. ഇവരുടെ മൊഴിയും പോലീസ്‌ രേഖപ്പെടുത്തി.

 (ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)