Featured Lifestyle

ഗ്യാസ് തീർന്നോ? വിഷമിക്കേണ്ട, തൊട്ടടുത്ത ATM-ൽ പോയി സിലിണ്ടർ വാങ്ങാം; പുതിയ പദ്ധതിയുമായി BPCL

പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ഇന്ധന ഇറക്കുമതിയിൽ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ, പാചകവാതക വിതരണം കൂടുതൽ എളുപ്പമാക്കാൻ ‘എൽ.പി.ജി എ.ടി.എമ്മു’കളുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ പൊതുമേഖലാ എണ്ണക്കമ്പനികൾ. ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കുന്നതുപോലെ ഇനി പാചകവാതക സിലിണ്ടറുകളും എ.ടി.എമ്മിലൂടെ സ്വന്തമാക്കാം. ബുക്ക് ചെയ്യാനോ സിലിണ്ടറിനായി ദിവസങ്ങളോളം കാത്തിരിക്കാനോ ഡെലിവറി വൈകുന്നതിനെക്കുറിച്ച് ആശങ്കപ്പെടാനോ നിൽക്കാതെ വെറും മിനിറ്റുകൾക്കുള്ളിൽ പുതിയ സിലിണ്ടർ കൈയ്യിൽ കിട്ടുന്ന സംവിധാനമാണിത്.

ഇന്ത്യൻ ഉപഭോക്താക്കൾക്കായി ഭാരത് പെട്രോളിയം (ബി.പി.സി.എൽ) ഗുരുഗ്രാമിൽ ഇത്തരത്തിലുള്ള ആദ്യ വെൻഡിങ് മെഷീൻ സ്ഥാപിച്ചുകഴിഞ്ഞു. ബാങ്ക് എ.ടി.എമ്മുകൾക്ക് സമാനമായി പ്രവർത്തിക്കുന്ന ഈ ഓട്ടോമേറ്റഡ് കിയോസ്കുകൾ വഴി 24 മണിക്കൂറും സിലിണ്ടറുകൾ ലഭിക്കും. ഗ്യാസ് ഏജൻസികളിൽ പോകാതെയും ഡെലിവറിക്കായി കാത്തുനിൽക്കാതെയും സിലിണ്ടറുകൾ വാങ്ങാൻ ഇതിലൂടെ സാധിക്കും. നിലവിൽ കൈകാര്യം ചെയ്യാൻ എളുപ്പമുള്ള 10 കിലോയുടെ സിലിണ്ടറുകളാണ് ഈ മെഷീനുകൾ വഴി വിതരണം ചെയ്യുന്നത്.

രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ച് വെറും 2-3 മിനിറ്റുകൾക്കുള്ളിൽ സിലിണ്ടർ സ്വന്തമാക്കാം. മെഷീനിൽ ഒഴിഞ്ഞ സിലിണ്ടർ നിശ്ചിത ഭാഗത്ത് വെച്ച ശേഷം ഡിജിറ്റലായി പണമടച്ചാൽ ഉടൻതന്നെ നിറഞ്ഞ സിലിണ്ടർ പുറത്തേക്ക് വരും. പൂർണമായും യന്ത്രവൽകൃതമായ ഈ സംവിധാനം ഗുണഭോക്താക്കൾക്ക് വലിയ ആശ്വാസമാകും. നിലവിൽ ഹരിയാനയിലെ ഗുരുഗ്രാം, ഡൽഹി-എൻ.സി.ആർ മേഖലകളിലാണ് ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നത്.

മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടക എന്നിവിടങ്ങളിലും വൈകാതെ എൽ.പി.ജി എ.ടി.എമ്മുകൾ എത്തും. ബി.പി.സി.എല്ലിന് പിന്നാലെ ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ കമ്പനികളും ഈ സംവിധാനം കൊണ്ടുവരാൻ ഒരുങ്ങുകയാണ്. ഫ്ലാറ്റുകളിലും വൻകിട അപ്പാർട്ട്മെന്റുകളിലും താമസിക്കുന്നവർക്ക് അടിയന്തര ഘട്ടങ്ങളിൽ സിലിണ്ടർ ലഭിക്കാത്ത പ്രശ്നത്തിന് ഇതോടെ ശാശ്വത പരിഹാരമാകും.