Featured Oddly News

‘കാന്‍സറിന് കീമോതെറപ്പി ആവശ്യമില്ല, നല്ലത് നാരങ്ങാവെള്ളം!’ ഇന്ത്യക്കാരിയുടെ ജോലി തെറിച്ചു !

ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് പോലും അശാസ്ത്രീയമായ ചികിൽസാ രീതികൾ നിർദേശിച്ച ഇന്ത്യൻ വംശജയായ ഡയറ്റീഷ്യൻ അപർണ ശ്രീവാസ്തവയുടെ ലൈസൻസ് എൻ.എച്ച്.എസ് (NHS) റദ്ദാക്കി. ഈസ്റ്റ് യോർക്ക്ഷറിലെ ഹള്ളിലുള്ള ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഇവർക്കെതിരെ സഹപ്രവർത്തകർ നൽകിയ പരാതിയെത്തുടർന്നാണ് നടപടി. 91 വയസ്സുള്ള പാർക്കിൻസൺസ് രോഗിയോട് യോഗ ചെയ്യാനും മാനസിക സമ്മർദ്ദം കുറയ്ക്കാൻ എഫ്.എം റേഡിയോ കേൾക്കാനും ഒരു ഉരുള ഭക്ഷണം 32 തവണ ചവച്ചരച്ച് കഴിക്കാനും ഇവർ നിർദേശിച്ചിരുന്നു.

അപർണയുടെ നിർദേശങ്ങൾ ശാസ്ത്രീയമല്ലെന്ന് ബോധ്യപ്പെട്ടതോടെ നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. നാരങ്ങാവെള്ളം കുടിക്കുന്നത് കീമോതെറാപ്പിയേക്കാൾ ആയിരം മടങ്ങ് ഫലപ്രദമാണെന്നും, രാവിലെ എഴുന്നേറ്റയുടൻ മൂന്ന് സ്പൂൺ വെളിച്ചെണ്ണ കുടിക്കുന്നത് ക്യാൻസറിനെ തടയുമെന്നും ഇവർ രോഗികൾക്ക് ഇമെയിൽ അയച്ചിരുന്നു. ഈ വിവരങ്ങൾ പുറത്തായതോടെ ഇവരെ ആദ്യം സസ്പെൻഡ് ചെയ്തെങ്കിലും, രോഗികളുടെ ജീവന് ഭീഷണിയാണെന്ന റിപ്പോർട്ടിനെത്തുടർന്ന് സ്ഥിരമായി പുറത്താക്കുകയായിരുന്നു.

ഒരു പ്രത്യേക ബ്രാൻഡിന്റെ ആപ്പിൾ സിഡർ വിനീഗർ വാങ്ങി കുടിക്കണമെന്നും ദിവസവും എട്ട് ഗ്ലാസ് ചൂടുവെള്ളം കുടിക്കണമെന്നും ഇവർ ഒരു രോഗിയോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ യോഗയിലൂടെ കുണ്ഡലിനി ഊർജ്ജം ഉണർത്താനും, ഇഞ്ചിയും നാരങ്ങാനീരും കുരുമുളകും ചേർത്ത വെള്ളം കുടിക്കാനും പച്ചക്കറികൾ മാത്രം കഴിക്കാനും ഇവർ 91-കാരനായ രോഗിക്ക് നിർദേശം നൽകി. ശാസ്ത്രീയ അടിത്തറയില്ലാത്ത ഇത്തരം കാര്യങ്ങൾ രോഗികളോട് പങ്കുവെച്ചതിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ തനിക്ക് വാട്സാപ്പ് സന്ദേശങ്ങളിലൂടെ ലഭിച്ച അറിവുകളാണിതെന്നായിരുന്നു അപർണയുടെ മറുപടി.