ലോകത്തിലെ ഏറ്റവും വരണ്ടതും ചൂടേറിയതുമായ പ്രദേശങ്ങളിലൊന്നായ ഡെത്ത് വാലി പൂക്കൾ കൊണ്ട് നിറഞ്ഞ മനോഹരമായ ഒരു പൂന്തോട്ടമായി മാറിയിരിക്കുകയാണ്. സാധാരണയായി പച്ചപ്പോ പൂക്കളോ പ്രതീക്ഷിക്കാൻ കഴിയാത്ത ഈ സ്ഥലത്തെ അപൂർവ്വമായ ഈ മാറ്റം കണ്ട് അതിശയപ്പെട്ടിരിക്കുകയാണ് ലോകം. ഡെത്ത് വാലിയിൽ ഉണ്ടായ ഈ ‘സൂപ്പർബ്ലൂം’ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
അമേരിക്കയിലെ ഈസ്റ്റേൺ കാലിഫോർണിയയിലും നെവാഡയിലുമായി വ്യാപിച്ചു കിടക്കുന്ന ഡെത്ത് വാലി നാഷണൽ പാർക്ക്, സമുദ്രനിരപ്പിൽ നിന്ന് ഏറ്റവും താഴ്ന്ന പ്രദേശമാണ്. ഇവിടെ പെയ്ത അപ്രതീക്ഷിത മഴയാണ് വരണ്ടുണങ്ങിക്കിടന്ന മരുഭൂമിയിൽ മഞ്ഞയും ചുവപ്പും വയലറ്റും നിറത്തിലുള്ള പൂക്കൾ വിരിയാൻ കാരണമായത്. ഇത് ഒരു ‘അപൂർവ്വ അത്ഭുതം’ എന്നാണ് ഇന്റർനെറ്റിൽ പലരും വിശേഷിപ്പിക്കുന്നത്.
ടൈംസ് നൗ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകൾ കണ്ടു കഴിഞ്ഞു. “ശരിയായ സമയത്തിനായി കാത്തിരുന്ന വിത്തുകൾ ഒടുവിൽ വിരിഞ്ഞു” എന്നും “ഡെത്ത് വാലി പോലും പൂക്കുന്നുണ്ടല്ലോ” എന്നും തുടങ്ങി വൈകാരികമായ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
എന്നാൽ ഇത് ഓരോ 7 അല്ലെങ്കിൽ 8 വർഷം കൂടുമ്പോഴും സംഭവിക്കാറുള്ളതാണെന്ന് ചിലർ അഭിപ്രായപ്പെടുന്നുണ്ട്. ഈ ദൃശ്യങ്ങൾ കൃത്രിമമായി നിർമ്മിച്ചതാണോ (AI) എന്ന് സംശയിക്കുന്നവരും കുറവല്ല. എങ്കിലും, കൊടും ചൂടിൽ വെന്തുരുകുന്ന ഒരു മരുഭൂമി ഇത്തരത്തിൽ ഒരു പൂക്കാലത്തിന് വേദിയാകുന്നത് കാണാൻ അതീവ മനോഹരമാണ്.




