Lifestyle

ഷൂസ് അഴിക്കാൻ പേടിയാണോ? ദുർഗന്ധം മാറ്റാൻ ഇതാ പ്രകൃതിദത്തമായ മാർഗ്ഗങ്ങൾ

വേനൽക്കാലത്ത് വിയർപ്പും ഒട്ടിപ്പിടിക്കുന്ന അവസ്ഥയും ദുർഗന്ധവുമെല്ലാം വർദ്ധിക്കുന്നത് സ്വാഭാവികമാണ്. ഇതിൽ പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് പാദങ്ങളിലെയും ഷൂസിലെയും ദുർഗന്ധം. പുറമെക്ക് വൃത്തിയായി ഇരുന്നാൽ പോലും ചിലപ്പോൾ ഷൂസിനുള്ളിൽ നിന്ന് കഠിനമായ ഗന്ധം വരാം. ഇത് ജോലിസ്ഥലത്തോ കോളേജിലോ പൊതുസ്ഥലത്തോ നമുക്കൊപ്പമുള്ളവർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കും. എന്നാൽ ഷൂസ് കഴുകാൻ സമയമില്ലാത്തവർക്കും അല്ലെങ്കിൽ കഴുകിയാൽ ഷൂസ് കേടാകുമെന്ന് ഭയപ്പെടുന്നവർക്കും, വെള്ളം ഉപയോഗിക്കാതെ തന്നെ ഈ ഗന്ധം മാറ്റാൻ ചില ലളിതമായ മാർഗ്ഗങ്ങളുണ്ട്.

നമ്മുടെ ശരീരത്തിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് പാദങ്ങൾ കൂടുതൽ വിയർക്കാറുണ്ട്. വിയർപ്പിന് തനിയെ ഗന്ധമില്ലെങ്കിലും ഷൂസിനുള്ളിൽ വിയർപ്പ് തങ്ങിനിൽക്കുമ്പോൾ അവിടെ ഈർപ്പം കൂടുന്നു. ഈ ഈർപ്പം ബാക്ടീരിയകളുടെയും ഫംഗസിന്റെയും വളർച്ചയ്ക്ക് അനുയോജ്യമായ സാഹചര്യമൊരുക്കുന്നു. ഈ ബാക്ടീരിയകൾ വിയർപ്പിനെ വിഘടിപ്പിക്കുമ്പോഴാണ് ദുർഗന്ധം ഉണ്ടാകുന്നത്. പാദങ്ങൾ ദിവസവും കഴുകിയാലും ഷൂസിനുള്ളിലെ ഈ അണുക്കൾ നശിച്ചില്ലെങ്കിൽ ഗന്ധം മാറില്ല. ഇതിനായി താഴെ പറയുന്ന വഴികൾ പരീക്ഷിക്കാവുന്നതാണ്.

ദുർഗന്ധം വലിച്ചെടുക്കാൻ ബേക്കിംഗ് സോഡ വളരെ ഫലപ്രദമാണ്. ഒരു തുണിയിലോ സോക്സിലോ അല്പം ബേക്കിംഗ് സോഡ നിറച്ച് രാത്രി മുഴുവൻ ഷൂസിനുള്ളിൽ വെക്കുക. രാവിലെയാകുമ്പോഴേക്കും ഗന്ധം മാറിയിട്ടുണ്ടാകും. അതുപോലെ തന്നെ ബാക്ടീരിയകളെ നശിപ്പിക്കാൻ വിനാഗിരിക്ക് (Vinegar) പ്രത്യേക കഴിവുണ്ട്. തുല്യ അളവിൽ വെള്ളവും വിനാഗിരിയും കലർത്തി ഒരു സ്പ്രേ ബോട്ടിലിലാക്കി ഷൂസിനുള്ളിൽ അടിക്കുക. ശേഷം കുറച്ചുനേരം വെയിലത്ത് വെച്ചാൽ ഷൂസ് നല്ല വൃത്തിയായി കിട്ടും. മറ്റൊന്ന് റബ്ബിംഗ് ആൽക്കഹോൾ ആണ്. ഒരു പഞ്ഞിയിൽ അല്പം ആൽക്കഹോൾ എടുത്ത് ഷൂസിനുള്ളിൽ പുരട്ടിയ ശേഷം രാത്രി മുഴുവൻ വെക്കുകയാണെങ്കിൽ അണുക്കൾ നശിക്കുകയും ഗന്ധം മാറുകയും ചെയ്യും.

ഷൂസ് പരിപാലിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ കൂടിയുണ്ട്. ദിവസവും ഷൂസ് കാറ്റുകൊള്ളുന്ന സ്ഥലത്ത് വെക്കാൻ ശ്രദ്ധിക്കുക. ഒരേ ഷൂസ് തന്നെ തുടർച്ചയായി എല്ലാ ദിവസവും ഉപയോഗിക്കരുത്. മാസത്തിലൊരിക്കലെങ്കിലും ഷൂസ് കഴുകുന്നതും ദിവസവും വൃത്തിയുള്ള സോക്സ് ധരിക്കുന്നതും ശീലമാക്കുക.