മഴക്കാലത്ത് ശരീരത്തിലുണ്ടാകുന്ന വീക്കങ്ങൾ (inflammation) കാരണം പലർക്കും സന്ധി വേദന വർദ്ധിക്കാറുണ്ട്. പ്രത്യേകിച്ച്, അന്തരീക്ഷ മർദ്ദത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ സന്ധികൾക്ക് ചുറ്റുമുള്ള കോശങ്ങളെ ബാധിക്കുന്നതിനാൽ മുട്ടു വേദനയാണ് ഈ സമയത്ത് കൂടുതൽ പേർക്കും അനുഭവപ്പെടുന്നത്. മഴ കാരണം ശാരീരിക അധ്വാനം കുറയുന്നതും ഈ വേദനകൾക്ക് ആക്കം കൂട്ടുന്നു. സന്ധി വേദന കുറയ്ക്കാൻ സഹായിക്കുന്ന ഒരു മികച്ച സ്വാഭാവിക പാനീയമാണ് മഞ്ഞൾ ചായ (Turmeric Tea).
മഞ്ഞളിൽ അടങ്ങിയിരിക്കുന്ന ‘കുർക്കുമിൻ’ (curcumin) എന്ന ഘടകത്തിന് ശക്തമായ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് ശരീരത്തിലെ വീക്കവും സന്ധികളിലെ നീർക്കെട്ടും കുറയ്ക്കാൻ സഹായിക്കുമെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നു. സന്ധി വേദന അനുഭവിക്കുന്നവരുടെ പ്രയാസങ്ങൾ 30 ശതമാനം വരെ കുറയ്ക്കാൻ ഇതിന് സാധിക്കും.
മഞ്ഞളിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ സന്ധികളെ ബലപ്പെടുത്തുകയും വിട്ടുമാറാത്ത വീക്കങ്ങളുമായി ബന്ധപ്പെട്ട സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. പച്ചമഞ്ഞൾ ചതച്ച് ചെറുചൂടുവെള്ളത്തിൽ ചേർത്ത് കഴിക്കുന്നത് മുട്ടുവേദന കുറയ്ക്കുന്നതിനും സന്ധികളുടെ ചലനശേഷി വർദ്ധിപ്പിക്കുന്നതിനും ഫലപ്രദമാണെന്ന് ഗവേഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നു. വേദനസംഹാരികളായ ഇംഗ്ലീഷ് മരുന്നുകളെ അപേക്ഷിച്ച് മഞ്ഞൾ സത്തുക്കൾക്ക് പാർശ്വഫലങ്ങൾ വളരെ കുറവാണ്.
റെഡിമേഡ് ടീ ബാഗുകൾക്ക് പകരം പച്ചമഞ്ഞളോ നല്ല മഞ്ഞൾപ്പൊടിയോ ഉപയോഗിച്ച് വേണം ഈ ചായ തയ്യാറാക്കാൻ. ഒരു കപ്പ് വെള്ളത്തിൽ അര മുതൽ ഒരു ടീസ്പൂൺ വരെ മഞ്ഞൾ ചേർത്ത് തിളപ്പിക്കുക. ഇതിന്റെ ഗുണം വർദ്ധിപ്പിക്കാനായി ഇഞ്ചി, കറുവപ്പട്ട അല്ലെങ്കിൽ കുരുമുളക് എന്നിവയും ആവശ്യാനുസരണം തേനും ചേർക്കാവുന്നതാണ്. മഞ്ഞളിലെ കുർക്കുമിൻ എന്ന ഘടകം ശരീരത്തിലേക്ക് വേഗത്തിൽ ആഗിരണം ചെയ്യപ്പെടാൻ കുരുമുളകിലെ ‘പൈപ്പറിൻ’ (piperine) സഹായിക്കും എന്നതിനാൽ ചായയിൽ അല്പം കുരുമുളക് ചേർക്കുന്നത് ഇരട്ടി ഫലം നൽകും. പ്രായമായവർക്കും, ഓസ്റ്റിയോ ആർത്രൈറ്റിസ് (osteoarthritis) ഉള്ളവർക്കും, ഒരേയിരുപ്പിൽ ജോലി ചെയ്യുന്ന ഓഫീസുകാർക്കും ഈ പാനീയം ഏറെ ഗുണം ചെയ്യും.
മഞ്ഞൾ ചായ കുടിക്കുന്നതിനൊപ്പം വീടിനുള്ളിൽ തന്നെ വ്യായാമങ്ങൾ ചെയ്യുക, ശരീരം നന്നായി വലിയുന്ന സ്ട്രെച്ചിങ് വ്യായാമങ്ങൾ ചെയ്യുക, ശരീരഭാരം നിയന്ത്രിക്കുക, ധാരാളം വെള്ളം കുടിക്കുക തുടങ്ങിയ ശീലങ്ങളും മഴക്കാലത്തെ സന്ധി വേദന കുറയ്ക്കാൻ സഹായിക്കും.
എന്നാൽ മഞ്ഞൾ ചായ അമിതമായി കഴിക്കുന്നത് ദഹനക്കേട്, അസിഡിറ്റി എന്നിവയ്ക്ക് കാരണമായേക്കാം. കൂടാതെ, രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകളോ പ്രമേഹത്തിനുള്ള മരുന്നുകളോ കഴിക്കുന്നവർ മഞ്ഞൾ ചായ ഒരു ഔഷധമായി ഉപയോഗിക്കുന്നതിന് മുൻപ് ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്. സന്ധികളിൽ വിട്ടുമാറാത്ത നീർക്കെട്ട്, ചുവപ്പ് നിറം, ചൂട് അനുഭവപ്പെടുക, വേദനയോടൊപ്പം പനി വരിക, ചലനശേഷി പൂർണ്ണമായി തടസ്സപ്പെടുക തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ കണ്ട് ചികിത്സ തേടണം. മഞ്ഞൾ ചായ ഒരു നല്ല പ്രതിവിധിയാണെങ്കിലും, ഇത് എല്ലാ രോഗങ്ങൾക്കുമുള്ള ഒരു സ്ഥിരമായ പരിഹാരമല്ല എന്ന് ഓർക്കുക.




