ലൈംഗികാതിക്രമക്കേസില്‍ മുന്‍മന്ത്രി നീലലോഹിതദാസന്‍ നാടാരെ ഹൈക്കോടതി കുറ്റവിമുക്‌തനാക്കി. വിചാരണക്കോടതിയുടെ ഒരു വര്‍ഷത്തെ ശിക്ഷയ്‌ക്കെതിരേ നല്‍കിയ അപ്പീലിലാണ് ജസ്‌റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ വിധി. ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് രണ്ടര പതിറ്റാണ്ടോളം നീണ്ടുനിന്ന കേസിലാണ് ഒടുവില്‍ നീലലോഹിതദാസന്‍ നാടാര്‍ കുറ്റവിമുക്തനായിരിക്കുന്നത്.
ലൈംഗികാതിക്രമത്തിന് ശിക്ഷിക്കപ്പെടുന്ന കേരളത്തിലെ ആദ്യ മുൻമന്ത്രിയാണ് നീലലോഹിതദാസന്‍ നാടാര്‍. പരാതിക്കാരിയായ ഐഎഫ്എസ് ഉദ്യോഗസ്ഥ നല്‍കിയ മൊഴിയില്‍ അവ്യക്തതകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിള്‍ ബെഞ്ച് ശിക്ഷ റദ്ദാക്കിയത്
1999 ഫെബ്രുവരി 27നായിരുന്നു കേസിനാസ്‌പദമായ സംഭവം. വനംമന്ത്രിയായിരുന്ന നീലലോഹിതദാസന്‍ നാടാര്‍ ഫോണില്‍ നിര്‍ദേശിച്ച പ്രകാരം ഔദ്യോഗിക ചര്‍ച്ചയ്‌ക്കായി കോഴിക്കോട് ഗവ. ഗസ്‌റ്റ് ഹൗസിലെത്തിയ വനംവകുപ്പ് ഉന്നത ഉദ്യോഗസ്‌ഥയെ ചര്‍ച്ച കഴിഞ്ഞു മടങ്ങുമ്പോള്‍ ഒന്നാം നമ്പര്‍ മുറിയില്‍വച്ച് കടന്നുപിടിക്കുകയും അപമാനിക്കുകയും ചെയ്‌തെന്നായിരുന്നു പരാതി.
അക്കാലത്തെ പ്രധാനപ്പെട്ട ഒരു പ്രശ്‌നത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനെന്ന് പറഞ്ഞ് നീലലോഹിതദാസന്‍ ഉദ്യോഗസ്ഥയെ കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തി. ആ സമയത്ത് മുറിയിലുണ്ടായിരുന്ന മറ്റു രണ്ടുപേരെ പുറത്തേക്കയച്ച് ചര്‍ച്ചനടത്തിയ ശേഷം മന്ത്രി എവിടേക്കാണ് സ്ഥലംമാറ്റം വേണ്ടത് എന്ന് അന്വേഷിച്ചു. തുടര്‍ന്ന് സ്ഥലം അനുവദിക്കാമെന്ന് വാഗ്ദാനവും നല്‍കി. അതുകഴിഞ്ഞ് ഉദ്യോഗസ്ഥ എഴുന്നേറ്റ ഉടനെ കടന്നുപിടിക്കാന്‍ ശ്രമിച്ചതായാണ് പരാതി.
അതിക്രമത്തില്‍നിന്ന് രക്ഷപ്പെട്ട് പുറത്തുകടന്ന അവര്‍ ഇക്കാര്യം അന്നത്തെ സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷയായ സുഗതകുമാരിയെയും ഫോറസ്റ്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയും ധരിപ്പിച്ചതായി അവർ പിന്നീട് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, മന്ത്രിയുടെ ശല്യം പിന്നെയും ടെലിഫോണ്‍ കോളിലൂടെയും ഔദ്യോഗിക വസതികളിലേക്കും മറ്റും വിളിപ്പിച്ചും തുടര്‍ന്നെന്നും. പിന്നീടും പലതവണ പല കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനെന്ന വ്യാജേന ഓഫീസിലേക്ക് വിളിച്ചുവരുത്തിയെങ്കിലും അപ്പോഴെല്ലാം തന്ത്രപരമായി ഒഴിഞ്ഞുമാറുകയായിരുന്നെന്നും പരാതിക്കാരി വ്യക്തമാക്കി. എന്നാല്‍, ഈ ആരോപണം നീലലോഹിതദാസന്‍ നിഷേധിക്കുകയായിരുന്നു. പത്തോളം ഉന്നതോദ്യോഗസ്ഥരാണ് കേസില്‍ സാക്ഷികളായുണ്ടായിരുന്നത്. സ്ത്രീകളുടെ അന്തസ്സിന് നിരക്കാത്ത വിധത്തില്‍ പെരുമാറിയെന്നായിരുന്നു കുറ്റം. എന്നാൽ, അന്ന് കൊണ്ടുവിട്ട ഓട്ടോ ഡ്രൈവറടക്കം വിചാരണവേളയില്‍ കൂറുമാറി.
2002 ഫെബ്രുവരിയില്‍ നീലലോഹിതദാസന്‍ നാടാര്‍ക്കെതിരേ മുന്‍ ഐ.എ.എസ്. ഉദ്യോഗസ്‌ഥ പരാതി നല്‍കിയിരുന്നു. ഇത് ഉയര്‍ന്നു വന്നതോടെയാണ് വനംവകുപ്പിലെ ഉദ്യോഗസ്‌ഥയും അന്നത്തെ ഡി.ജി.പിക്ക് പരാതി നല്‍കിതതും കേസ്‌ക്രൈംബ്രാഞ്ചിന് കൈമാറിയതും. രഹസ്യവിചാരണ നടന്ന കേസില്‍ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ലാസ് (നാല്) കോടതി നീലലോഹിതദാസന്‍ നാടാരെ ഒരു വര്‍ഷം തടവിനു ശിക്ഷിച്ചു. അപ്പീല്‍ നല്‍കാന്‍ ശിക്ഷ നടപ്പാക്കുന്നത് കോടതി ഒരു മാസത്തേക്കു മാറ്റിവച്ചിരുന്നു. തുടര്‍ന്ന് നീലലോഹിതദാസന്‍ നാടാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
വനം മാഫിയയാണു തനിക്കെതിരേയുള്ള കേസിനു പിന്നിലെന്നായിരുന്നു നീലലോഹിതദാസന്‍ നാടാര്‍ ആരോപണങ്ങളെക്കുറിച്ച് പ്രതികരിച്ചത്. നിലവില്‍ ആര്‍.ജെ.ഡി. ദേശീയ ജനറല്‍ സെക്രട്ടറിമാരിലൊരാളാണ് നീലലോഹിതദാസന്‍ നാടാര്‍. മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്‌ഥയ്‌ക്കെതിരേ ലൈംഗികാതിക്രമം നടത്തിയെന്ന സമാന കേസില്‍ നീലലോഹിതദാസന്‍ നാടാരെ 2008ല്‍ അതിവേഗ കോടതി കുറ്റവിമുക്‌തനാക്കിയിരുന്നു. കീഴ്‌ക്കോടതി വിധിച്ച മൂന്നു മാസം തടവും 50,000 രൂപ പിഴയും റദ്ദാക്കി.
ഇടതു സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരിക്കെ ഐ.എ.എസ്. ഉദ്യോഗസ്‌ഥയെ നിയമസഭാ മന്ദിരത്തിലെ മുറിയില്‍ ഔദ്യോഗിക ചര്‍ച്ചകള്‍ക്കായി വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു കേസ്.




