Oddly News

കക്കാൻ കയറിയ കള്ളന്റെ വണ്ടി മറ്റൊരു കള്ളൻ കട്ടോണ്ട് പോയി! ഇതാണ് ‘കർമ്മ’ എന്ന് പോലീസ്!

അമേരിക്കയില്‍ സ്റ്റോർ കൊള്ളയടിക്കുന്നതിനിടയിൽ സ്വന്തം ട്രക്ക് മോഷ്ടിക്കപ്പെട്ടതോടെ ഒരു കള്ളന് ഉടനടി തന്നെ കർമ്മഫലം ലഭിച്ചുവെന്ന് പോലീസ്. ജൂൺ 25-ന് എലിക്കോട്ട് സിറ്റിയിലാണ് സംഭവം നടന്നത്. ജാലൻ ഗോദാർഡ് (29) എന്ന പ്രതി, ഒരു 7-ഇലവൻ സ്റ്റോറിന് പുറത്തുവെച്ച് പോലീസ് ഉദ്യോഗസ്ഥനെ കണ്ട് താൻ മക്‌ഡൊണാൾഡ്‌സിലായിരുന്ന സമയത്ത് ആരോ തന്റെ ട്രക്ക് മോഷ്ടിച്ചതായി പരാതിപ്പെട്ടു.

എന്നാൽ, ഇതേ പോലീസ് ഉദ്യോഗസ്ഥനായ പി.എഫ്.സി. ബക്കാനൻ തൊട്ടുമുമ്പ് റോഡിന് എതിർവശത്തുള്ള വെരിസോൺ സ്റ്റോറിലെ മോഷണക്കേസ് അന്വേഷിക്കാൻ എത്തിയിരുന്നു. അവിടെ ചോരക്കറ പുരണ്ട തകർന്ന ഒരു ജനൽ അദ്ദേഹം കണ്ടിട്ടുണ്ടായിരുന്നു. ഇതിനെത്തുടർന്ന് ബക്കാനൻ ഗോദാർഡിന്റെ കൈകൾ കാണിക്കാൻ ആവശ്യപ്പെടുകയും, കൈകളിലും കണ്ണടയിലും രക്തക്കറ ഉള്ളതായി ശ്രദ്ധിക്കുകയും ചെയ്തു.

ഹോവാർഡ് കൗണ്ടി പോലീസ് ഡിപ്പാർട്ട്‌മെന്റ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ബോഡികാം ദൃശ്യങ്ങൾ പ്രകാരം, ബക്കാനൻ ഉടൻ തന്നെ ഗോദാർഡിന്റെ കൈകൾ പിന്നിലേക്ക് പിടിച്ച് വിലങ്ങണിയിച്ചു. “ഞാൻ വെരിസോൺ സ്റ്റോറിലൊന്നും പോയിട്ടില്ല സാർ, ദൈവത്താണെ സത്യം,” എന്ന് ഗോദാർഡ് കെഞ്ചിയെങ്കിലും “നിന്റെ കളി കഴിഞ്ഞു” എന്നായിരുന്നു ബക്കാനന്റെ മറുപടി. തുടർന്ന് പുറത്തുവന്ന ദൃശ്യങ്ങളിൽ “അവർ എന്റെ ട്രക്ക് മോഷ്ടിച്ചോ? ഓ ദൈവമേ,” എന്ന് ഗോദാർഡ് പറയുന്നത് കാണാം. കടയിൽ മോഷണം നടത്തിയതുമായി ബന്ധപ്പെട്ട് രണ്ടാം ഡിഗ്രി മോഷണം, മോഷണശ്രമം, പൊതുമുതൽ നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ഗോദാർഡിന് മേൽ ചുമത്തിയിരിക്കുന്നത്.

കുറ്റവാളികൾക്ക് ഇത്തരത്തിൽ ഉടനടി കർമ്മഫലം ലഭിക്കുന്ന ആദ്യത്തെ സംഭവമല്ല ഇത്. കഴിഞ്ഞ മാസം, അലബാമയിൽ കാമുകിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒളിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ഒരു പ്രതി ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. ഡാനിയൽ റോബിൻസ് (44) എന്നയാൾ തന്റെ കാമുകിയായ ജെസ്സി ഫോൾഡ്സിനെ (47) ക്രൂരമായി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം അലബാമയിലെ ലാനെറ്റിൽ ഒളിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

റോബിൻസിന്റെയും ഫോൾഡ്സിന്റെയും മൃതദേഹങ്ങൾ പരസ്പരം അടുത്തടുത്തായി കിടക്കുന്ന നിലയിലാണ് അധികൃതർ കണ്ടെത്തിയത്, സമീപത്തായി ഒരു വാഹനം ഉപേക്ഷിക്കപ്പെട്ട നിലയിലുമുണ്ടായിരുന്നു. ഗാർഹിക പീഡനത്തെത്തുടർന്നാകാം റോബിൻസ് ഫോൾഡ്സിനെ കൊലപ്പെടുത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു. അധികൃതർ സംഭവസ്ഥലത്ത് എത്തുമ്പോഴും ഉപേക്ഷിക്കപ്പെട്ട വാഹനത്തിന്റെ എഞ്ചിൻ പ്രവർത്തിക്കുന്നുണ്ടായിരുന്നതിനാൽ, ഈ സംഭവം തലേദിവസം രാത്രി നടന്നതാകാമെന്നാണ് നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *