രാജസ്ഥാനിലെ ബാമേറിൽ ഡോക്ടറുടെ പരാതിയിൽ നഴ്സ് അറസ്റ്റിലായ കേസിൽ നാടകീയ ട്വിസ്റ്റ്. പരാതിക്കാരനായ ഡോക്ടർ ഒരു സീരിയൽ റേപ്പിസ്റ്റാണെന്നും നൂറിലധികം സ്ത്രീകളെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും അറസ്റ്റിലായ നഴ്സ് കമലാദേവി എന്ന കമലേഷ് വെളിപ്പെടുത്തി. ഡോക്ടറിൽ നിന്ന് രണ്ട് കോടിയോളം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന കേസിലാണ് നിലവിൽ കമല അറസ്റ്റിലായിരിക്കുന്നത്.
കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് നഴ്സ് മാധ്യമങ്ങൾക്ക് മുന്നിൽ ഡോക്ടർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. എന്നാൽ, ഈ കേസിൽ സമഗ്രമായ അന്വേഷണം നടക്കുകയാണെന്നും നിലവിൽ കമല ഉന്നയിച്ച ആരോപണങ്ങൾ ശരിവെക്കുന്ന തരത്തിലുള്ള തെളിവുകളൊന്നും ഡോക്ടർക്കെതിരെ ലഭിച്ചിട്ടില്ലെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.
2016 മുതൽ തന്റെ ക്ലിനിക്കിൽ ജോലി ചെയ്തുവരികയായിരുന്ന നഴ്സിനെതിരെയാണ് ഡോക്ടർ പരാതി നൽകിയത്. നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുന്നതിനിടെ ഒരു ദിവസം ചായ തയ്യാറാക്കാനെന്ന വ്യാജേന തന്റെ മുറിയിൽ കയറി ഫോണിൽ നിന്ന് സ്വകാര്യ ചിത്രങ്ങൾ സ്വന്തം ഫോണിലേക്ക് മാറ്റിയെന്നും, തുടർന്ന് ഈ ചിത്രങ്ങൾ കാണിച്ച് അന്നുമുതൽ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നുവെന്നുമാണ് ഡോക്ടറുടെ പരാതിയിൽ പറയുന്നത്.
ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും ബലാത്സംഗ കേസിൽ കുടുക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും ഡോക്ടർ ആരോപിക്കുന്നു. മാസ ശമ്പളത്തിന് പുറമെ രണ്ടു കോടിയോളം രൂപ നഴ്സ് തട്ടിയെടുത്തെന്നാണ് പരാതി. ഇതിൽ 35 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് കൈമാറിയത്. കൂടാതെ ഒപ്പിട്ട ബ്ലാങ്ക് ചെക്കുകളും സ്റ്റാമ്പ് പേപ്പറുകളും നിർബന്ധപൂർവ്വം വാങ്ങിയെന്നും, സിസിടിവിയിലൂടെ തന്റെ നീക്കങ്ങൾ നിരന്തരം നിരീക്ഷിക്കുകയും പ്രത്യേക ഫോണും സിം കാർഡുകളും നൽകി ലൊക്കേഷൻ അടക്കം ട്രാക്ക് ചെയ്തതായും ഡോക്ടർ വെളിപ്പെടുത്തിയിരുന്നു.
അതേസമയം, ഈ ഡോക്ടർ നിരവധി രോഗികളായ സ്ത്രീകളെ പീഡിപ്പിക്കുകയും പണം നൽകി കേസുകൾ ഒതുക്കിത്തീർക്കുകയുമാണ് ചെയ്തതെന്നാണ് നഴ്സ് മാധ്യമങ്ങളോട് പറഞ്ഞത്. തനിക്കെതിരെയുള്ള തട്ടിപ്പുകേസ് പൂർണ്ണമായും വ്യാജമാണെന്നും തന്റെ വായടപ്പിക്കാനാണ് ഡോക്ടർ ശ്രമിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു. ഇതോടൊപ്പം ആശുപത്രിയിലെ മറ്റ് രണ്ട് ജീവനക്കാർ ഡോക്ടർക്ക് പെൺകുട്ടികളെ എത്തിച്ചുകൊടുക്കാൻ സഹായിച്ചിരുന്നതായും നഴ്സ് ആരോപിച്ചു. പ്രതിയായ നഴ്സിനെ നിലവിൽ കോടതി റിമാൻഡ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ബാമേർ സിറ്റി കോട്‌വാലി പൊലീസാണ് കേസ് അന്വേഷിക്കുന്നത്. എന്നാൽ ചോദ്യം ചെയ്യലിൽ നഴ്സ് സഹകരിക്കുന്നില്ലെന്നും അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിക്കുകയാണെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.




