മലയാളികളുടെ പ്രിയനടൻ കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് സ്വന്തമായി വീടൊരുങ്ങി. കൊച്ചി വെണ്ണലയിലാണ് നടന്റെ കുടുംബത്തിനായി മനോഹരമായ വീട് നിർമിച്ചിരിക്കുന്നത്. കൊച്ചിൻ ഹനീഫയുടെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം കഴിഞ്ഞ പതിനാറ് വർഷമായി വാടകവീട്ടിലായിരുന്നു ഭാര്യ ഫാസിലയും ഇരട്ടക്കുട്ടികളായ സഫയും മർവയും താമസിച്ച് വന്നിരുന്നത്.
കൊച്ചി വെണ്ണല അംബേദ്കർ റോഡിലാണ് ‘കൊച്ചിൻ ഹനീഫാസ് എബി മൻസിൽ’ എന്ന് പേരിട്ടിരിക്കുന്ന ഈ വീട് സ്ഥിതി ചെയ്യുന്നത്. സ്വന്തം പിതാവായ എബി മുഹമ്മദിന്റെ പേരിൽ ഒരു വീടു വേണമെന്നത് കൊച്ചിൻ ഹനീഫയുടെ വലിയൊരു ആഗ്രഹമായിരുന്നു. അഞ്ച് ബെഡ്റൂമുകളും മികച്ച ഇന്റീരിയർ വർക്കുകളുമുള്ള ഈ മൂന്നുനില വീട്ടിൽ പ്രിയനടനെയോർമിപ്പിക്കുന്ന നിരവധി കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വീടിന്റെ ഗൃഹപ്രവേശനച്ചടങ്ങിൽ നടൻ ദിലീപും പങ്കെടുത്തിരുന്നു.
നടന്റെ മക്കളായ സഫയും മർവയും ചേർന്നാണ് വീടിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്തത്. കൊച്ചിൻ ഹനീഫ വിടപറയുമ്പോൾ നാല് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഈ ഇരട്ടക്കുട്ടികളെയും ചേർത്തുപിടിച്ച്, കഴിഞ്ഞ പതിനാറ് വർഷങ്ങളായി ഹനീഫ കണ്ട ഓരോ സ്വപ്നങ്ങളും പൂർത്തിയാക്കുകയായിരുന്നു ഭാര്യ ഫാസില.
തലശ്ശേരി സ്വദേശിയായ ഫാസില, ഹനീഫയുടെ മരണശേഷം ബന്ധുക്കൾ നിർബന്ധിച്ചിട്ടും സ്വന്തം നാട്ടിലേക്ക് മടങ്ങാൻ തയ്യാറായില്ല. തന്റെ പേരിനൊപ്പം നാടിന്റെ പേര് ചേർത്തുവെച്ച ആ വലിയ കലാകാരന്റെ ഓർമകൾ കൊച്ചിയിൽ തന്നെ നിലനിൽക്കണമെന്നതായിരുന്നു അവരുടെ ആഗ്രഹം. അങ്ങനെ 16 കൊല്ലം കടവന്തറയിലെ വാടകവീട്ടിൽ കഴിഞ്ഞ ശേഷമാണ് കുടുംബം ഒടുവിൽ കൊച്ചിൻ ഹനീഫ ആഗ്രഹിച്ചതുപോലെ കൊച്ചിയിൽ തന്നെ സ്വന്തമായി വീട് വെച്ചത്.
ഹനീഫയുടെ കുടുംബത്തിന് പ്രതിസന്ധി ഘട്ടങ്ങളിൽ എന്നും വലിയ താങ്ങായി നിന്നത് നടൻ ദിലീപായിരുന്നു. സഹായത്തിനുവേണ്ടി ആരുടെയും മുന്നിൽ കൈനീട്ടാത്ത ഹനീഫയുടെ സ്വഭാവം നന്നായി അറിയാമായിരുന്ന ദിലീപ്, ആ കുടുംബത്തിന് ഒരു സ്ഥിരവരുമാനം ഉറപ്പാക്കാൻ മുൻകൈ എടുത്തു. ഹനീഫയുടെ ഇന്നോവ കാർ തന്റെ സിനിമാ സെറ്റുകളിൽ വാടകയ്ക്ക് ഉപയോഗിക്കാൻ നൽകണമെന്ന് ദിലീപ് ആവശ്യപ്പെടുകയായിരുന്നു. ഇതിലൂടെ കുടുംബത്തിന് ഒരു വരുമാനമാർഗം ഉണ്ടാക്കുന്നതോടൊപ്പം സിനിമാ സെറ്റുകളിൽ ഹനീഫയുടെ ഓർമകൾ നിലനിർത്താനും ദിലീപ് ശ്രദ്ധിച്ചു. ഒന്നോ രണ്ടോ മാസമല്ല, നീണ്ട പതിനാറ് വർഷമാണ് ദിലീപ് ഈ പിന്തുണ തുടർന്നത്.
ആരുടെ മുന്നിലും ഒരു രൂപയ്ക്കുവേണ്ടി പോലും കൈനീട്ടാൻ ഹനീഫയുടെ കുടുംബം തയ്യാറായിരുന്നില്ല. ചില നിയമതടസ്സങ്ങൾ ഉണ്ടായിരുന്നുവെങ്കിലും, അവസാനം ഹനീഫയുടെ സ്വന്തം സമ്പാദ്യം കൊണ്ടുതന്നെ അദ്ദേഹം ആഗ്രഹിച്ചതുപോലൊരു വീട് പണിയാൻ സാധിച്ചതായി കുടുംബം പറഞ്ഞു. “ഹനീഫ്ക്ക വലിയൊരു അഭിമാനിയായിരുന്നു, ആരുടെയും മുന്നിൽ തലകുനിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു; അതുകൊണ്ടാണ് എല്ലാ നിയമപ്രശ്നങ്ങളും തീർന്ന് വീട് നിർമിക്കാൻ പതിനാറ് വർഷം കാത്തിരുന്നത്,” എന്ന് ഭാര്യ ഫാസില മാധ്യമങ്ങളോട് വ്യക്തമാക്കി. നിയമക്കുരുക്കിൽപ്പെട്ടിരുന്ന ഹനീഫയുടെ സ്വത്തുക്കൾ മക്കൾക്ക് പതിനെട്ട് വയസ്സ് തികഞ്ഞതോടെ തിരികെ ലഭിച്ചതാണ് കുടുംബത്തിന് ആശ്വാസമായത്.




