ഐ ഫോണിനെച്ചൊല്ലി നടുറോഡിൽ തമ്മിൽത്തല്ലി ദമ്പതികൾ. ഉത്തർപ്രദേശിലെ മീററ്റിലാണ് ഈ സംഭവം നടന്നത്. ബോഡി ബിൽഡറായ സഞ്ജിത്തും ഭാര്യ സോനവും തമ്മിലായിരുന്നു തെരുവിൽ കൈയാങ്കളി നടത്തിയത്. സോനം സഞ്ജിത്തിനെ ക്രൂരമായി മർദ്ദിക്കുന്നതിന്റെയും ഷർട്ട് വലിച്ചുകീറുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. ഇതിനിടെ തന്റെ കീറിയ ഷർട്ട് സഞ്ജിത്ത് സോനത്തിന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞ് നടന്നുപോകുന്നതും ഈ വീഡിയോയിൽ വ്യക്തമാണ്.
ഇരുവരും തമ്മിൽ നിലനിൽക്കുന്ന കുടുംബവഴക്ക് കാരണം ബന്ധം അത്ര നല്ല രീതിയിലല്ല മുന്നോട്ടുപോയിരുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. നിലവിൽ ഇവരുടെ കേസ് കോടതിയുടെ പരിഗണനയിലുമാണ്. കേസിന്റെ ആവശ്യത്തിനായി കോടതിയിൽ എത്തി മടങ്ങുന്നതിനിടയിലാണ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുന്നതും അത് നടുറോഡിൽ പരസ്യമായ അടിപിടിയിൽ കലാശിച്ചതും.
വിവാഹസമയത്ത് താൻ സമ്മാനമായി നൽകിയ ഐ ഫോൺ തിരികെ വേണമെന്ന് സോനം ആവശ്യപ്പെട്ടതാണ് തർക്കത്തിന് തുടക്കമിട്ടത്. ഈ വാക്കുതർക്കം വേഗത്തിൽത്തന്നെ കൈയാങ്കളിയായി മാറുകയായിരുന്നു. സോനം സഞ്ജിത്തിന്റെ കോളറിൽ പിടിച്ച് നിർത്തി ഷർട്ട് വലിച്ചുകീറുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും ഇരുവരും വഴക്ക് നിർത്തിയില്ല. ഒടുവിൽ സ്ഥലത്തെത്തിയ പൊലീസാണ് ഇരുവരെയും സ്റ്റേഷനിലേക്ക് മാറ്റിയത്. സംഭവത്തിൽ നിലവിൽ അന്വേഷണം പുരോഗമിക്കുകയാണ്.




