കോഴിക്കോട്: യുവതിയെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ ആറംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. പാറന്നൂർ സ്വദേശിനി റഹ്മത്ത് (41), എറണാകുളം കാലടി സ്വദേശി അനിൽ കുമാർ (47), അന്നശ്ശേരി സ്വദേശിനി സുഹറ (42), ചക്കുംകടവ് സ്വദേശിനി അയിഷ (43), വെള്ളയിൽ സ്വദേശിനി സൗദ (45), ചേന്നമംഗലൂർ സ്വദേശി സുബിരാജ് (46) എന്നിവരെ കസബ പോലീസും സിറ്റി ക്രൈം സ്ക്വാഡും ചേർന്നാണ് പിടികൂടിയത്.
കഴിഞ്ഞ ഏഴാം തീയതി വൈകുന്നേരമാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. കുന്ദമംഗലം സ്വദേശിനിയായ യുവതി കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ ശുചീകരണ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനായി ബസ് സ്റ്റാൻഡിന് സമീപമുള്ള മിൽമ ബൂത്തിനടുത്ത് നിൽക്കുകയായിരുന്നു. ഈ സമയം ഓട്ടോറിക്ഷയിലെത്തിയ, മുൻപരിചയമുള്ള പ്രതികൾ തങ്ങൾ പെരിങ്ങളത്തേക്ക് പോകുകയാണെന്നും കൂടെപ്പോരാമെന്നും പറഞ്ഞ് യുവതിയെ നിർബന്ധിച്ച് വണ്ടിയിൽ കയറ്റുകയായിരുന്നു.
യാത്ര തുടങ്ങിയ ഉടൻ തന്നെ പ്രതികൾ യുവതിയെ ക്രൂരമായി ആക്രമിക്കാൻ തുടങ്ങി. തുടർന്ന് അവർ ധരിച്ചിരുന്ന ഒന്നേകാൽ പവന്റെ സ്വർണമാല, രണ്ടര പവന്റെ പാദസരം, ഒരു പവന്റെ ബ്രേസ്ലെറ്റ് എന്നിവ ബലമായി പൊട്ടിച്ചെടുത്തു. അതിനുശേഷം യുവതിയെ ചേവായൂരിൽ വഴിയിൽ ഇറക്കിവിട്ട് പ്രതികൾ ഓട്ടോയുമായി കടന്നുകളഞ്ഞു. പ്രതികളുടെ അതിക്രൂരമായ മർദനത്തിൽ യുവതിയുടെ മുൻനിരയിലെ നാല് പല്ലുകളാണ് ഒടിഞ്ഞുപോയത്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കസബ പോലീസ് കേസെടുക്കുകയും, സംഭവസ്ഥലത്തെയും പരിസരങ്ങളിലെയും നിരവധി സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച് പ്രതികളെ വലയിലാക്കുകയുമായിരുന്നു.




