Spotlight

ചടങ്ങില്‍ നിലവിളക്ക് കൊളുത്തി ഫാത്തിമ തെഹ്‌ലിയ; വെളിച്ചത്തിനാണെങ്കിലാകം, ആചാരമാണെങ്കിൽ ഉപേക്ഷിക്കണം, വിമര്‍ശിച്ച് സമസ്ത

പേരാമ്പ്ര എം.എൽ.എ ഫാത്തിമ തെഹ്‌ലിയ നിലവിളക്ക് കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തതിനെതിരെ കടുത്ത വിമർശനവുമായി സമസ്ത രംഗത്തെത്തി. ഇതര മതസ്ഥരുടേതായ അനിസ്ലാമിക ആചാരങ്ങൾ വിശ്വാസികൾ പൂർണ്ണമായും ഒഴിവാക്കണമെന്നും, അല്ലാത്തപക്ഷം അത് തെറ്റായ നടപടിയാണെന്നും സമസ്ത മുശാവറ യോഗം വ്യക്തമാക്കി. കഴിഞ്ഞ മാസം പേരാമ്പ്രയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിലായിരുന്നു ഫാത്തിമ തെഹ്ലിയ നിലവിളക്ക് കൊളുത്തിയത്.

എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ഫാത്തിമ തെഹ്ലിയ പങ്കെടുത്ത ആദ്യ പരിപാടിയായിരുന്നു ‘തണൽ വനിത മെസ്സി’ന്റെ ഉദ്ഘാടനം. ഈ ചടങ്ങിൽ നിലവിളക്ക് കൊളുത്തിയതാണ് പുതിയ വിവാദങ്ങൾക്ക് കാരണമായത്. കഴിഞ്ഞ ദിവസം ചേർന്ന സമസ്ത മുശാവറ യോഗത്തിൽ ഈ വിഷയം ചർച്ചയായപ്പോഴാണ് പണ്ഡിതർ വിമർശനമുന്നയിച്ചത്.

വെളിച്ചം ലഭിക്കാനുള്ള ഒരു ഉപാധിയെന്ന നിലയിൽ നിലവിളക്ക് കൊളുത്താമെന്നും അതല്ല, അതൊരു ആചാരമെന്ന നിലയിലാണെങ്കിൽ ഉപേക്ഷിക്കണമെന്നും സമസ്ത കേരള ജംഇയത്തുൽ ഉലമ. ഇസ്‍ലാമിൽ അടിസ്ഥാനമില്ലാത്തതും ഇതര മതസ്ഥർ അവരുടെ ആചാരമായി നിർവഹിച്ചുവരുന്നതുമായ ചടങ്ങുകളും ആചാരങ്ങളും മുസ്‍ലിംകൾ വർജിക്കണമെന്നും സമസ്ത കേന്ദ്ര മുശാവറ യോഗം ആഹ്വാനംചെയ്തു.

വിളക്ക് കൊളുത്തിയ നടപടിയെ ചോദ്യം ചെയ്ത് ഇസ്ലാമിക പണ്ഡിതൻ ഹുസൈൻ സലഫിയും വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫും നേരത്തെ രംഗത്തുവന്നിരുന്നു. വിഷയം സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചയായ പശ്ചാത്തലത്തിലാണ് സമസ്ത ഇപ്പോൾ തങ്ങളുടെ നിലപാട് ഔദ്യോഗികമായി വ്യക്തമാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് വിജയങ്ങൾക്കും രാഷ്ട്രീയസ്വീകാര്യതക്കുമായി മറ്റു സമുദായങ്ങളുടെ പരിപാടികളിൽ സാന്നിധ്യം അറിയിക്കാൻ മുസ്‍ലിം രാഷ്ട്രീയനേതാക്കൾ വലിയ സമ്മർദം നേരിടുകയാണെന്ന് ടി.കെ. അഷറഫ് ചൂണ്ടിക്കാട്ടി.

മതവേദികളിലും സോഷ്യൽ മീഡിയയിലും ഈ വിഷയം വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടു. എന്നാൽ, ഈ വിവാദം തികച്ചും അനാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയ എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ എം.എൻ. കാരശ്ശേരി, ഫാത്തിമ തെഹ്‍ലിയക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് ഒരു പൊതുപരിപാടിക്കിടെ നടൻ മമ്മൂട്ടി തീനാളം നൽകിയിട്ടും നിലവിളക്ക് കൊളുത്താൻ തയ്യാറാകാതിരുന്ന പഴയ സംഭവം കാരശ്ശേരി ഓർമ്മിപ്പിച്ചു. ഇത്തരം പ്രതീകാത്മകമായ കാര്യങ്ങളെ വീണ്ടും രാഷ്ട്രീയ-മതപരമായ തർക്കങ്ങളാക്കി മാറ്റാനാണ് ചിലർ ബോധപൂർവ്വം ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ, ഉയർന്നുവന്ന വിവാദങ്ങളിൽ എം.എൽ.എ ഫാത്തിമ തെഹ്ലിയ ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *