Spotlight

കുട്ടിയുടെ കാലൊടിഞ്ഞു, കൈക്കൂലിക്ക് പണമില്ല; ശരിയാക്കിയ കാല്‍ വീണ്ടുമൊടിച്ച് ഡോക്ടര്‍ !

വൈദ്യശാസ്ത്ര രംഗത്തെ അനാസ്ഥകൾ പലപ്പോഴും വാർത്തയാകാറുണ്ട്. വയറ്റിൽ കത്രിക മറന്നുവെച്ചതും മരുന്ന് മാറി കുത്തിവെച്ചതുമെല്ലാം വലിയ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. എന്നാൽ ഇതിനേക്കാളൊക്കെ ക്രൂരവും ഭയാനകവുമായ ഒരു വാർത്തയാണ് ഇപ്പോൾ ഉത്തർപ്രദേശിൽ നിന്നും പുറത്തുവരുന്നത്. അപകടത്തിൽപ്പെട്ട് ഒടിഞ്ഞ കാൽ ശസ്ത്രക്രിയയിലൂടെ ഭേദമാക്കിയ ശേഷം, ആവശ്യപ്പെട്ട കൈക്കൂലി പണം നൽകാത്തതിന്റെ പേരിൽ ഡോക്ടർ ഒരു 13-കാരിയുടെ കാൽ വീണ്ടും തല്ലിയൊടിച്ച ക്രൂരത ഏവരെയും ഞെട്ടിക്കുന്നതാണ്.

മുസാഫർപൂരിലാണ് മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ഈ സംഭവം നടന്നത്. മാനസിക വെല്ലുവിളി നേരിടുന്ന ഒരു പെൺകുട്ടിയുടെ കാലാണ് ഒടിഞ്ഞത്. വിധവയായ അമ്മ കുട്ടിയെയും കൊണ്ട് സർക്കാർ ആശുപത്രിയിലാണ് ചികിത്സയ്ക്കായി എത്തിയത്. എന്നാൽ അവിടെയുള്ള ഡോക്ടർ ചികിത്സയ്ക്ക് വലിയൊരു തുകയാണ് ആവശ്യപ്പെട്ടത്. ഇത്രയും വലിയ തുക നൽകാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ അമ്മ ചീഫ് മെഡിക്കൽ ഓഫീസറെ കണ്ട് തന്റെ ദയനീയമായ സാമ്പത്തികാവസ്ഥ വിവരിച്ചു. സ്വന്തം കൈവശം ആകെ 8000 രൂപയേ ഉള്ളൂവെന്നും അതുകൊണ്ട് സഹായിക്കണമെന്നും അവർ അപേക്ഷിച്ചു. കാര്യങ്ങൾ മനസ്സിലാക്കിയ ചീഫ് മെഡിക്കൽ ഓഫീസർ, 8000 രൂപ മാത്രം വാങ്ങിക്കൊണ്ട് ചികിത്സ നൽകാൻ ഉത്തരവിടുകയായിരുന്നു.

ഈ ഉത്തരവ് പ്രകാരം തുകയടച്ച് കുട്ടിയുടെ കാലിന്റെ ചികിത്സ പൂർത്തിയാക്കി. എന്നാൽ ചികിത്സിച്ച ഡോക്ടർക്ക് ഈ തുക ഒട്ടും തൃപ്തികരമായിരുന്നില്ല. താൻ ചികിത്സിച്ചതിന് തനിക്ക് കൂടുതൽ പണം വേണമെന്ന് ഡോക്ടർ ആ അമ്മയോട് വാശിപിടിച്ചു. എന്നാൽ ചീഫ് മെഡിക്കൽ ഓഫീസറുടെ ഉത്തരവ് കാണിച്ച്, തന്റെ കയ്യിൽ കൂടുതൽ പണമില്ലെന്ന് അമ്മ വ്യക്തമാക്കിയതോടെ ഡോക്ടർ ഭീഷണി മുഴക്കാൻ തുടങ്ങി. ഒടുവിൽ കുട്ടിയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു.

ആഴ്ചകൾക്ക് ശേഷം കുട്ടിയുടെ കാൽ പരിശോധിക്കുന്നതിനായി അമ്മ വീണ്ടും ആശുപത്രിയിൽ എത്തി. മുൻപ് കൈക്കൂലി ആവശ്യപ്പെട്ട അതേ ഡോക്ടറെ തന്നെയാണ് ഇവർക്ക് കാണേണ്ടി വന്നത്. കുട്ടിയെ പരിശോധിച്ച ഡോക്ടർ ചികിത്സ വിജയകരമായിരുന്നു എന്നും കാൽ പൂർണ്ണമായി ഭേദമായിട്ടുണ്ടെന്നും അറിയിച്ചു. തുടർന്ന്, തനിക്ക് കിട്ടേണ്ട പണത്തിന്റെ കാര്യം ഡോക്ടർ വീണ്ടും ഓർമ്മിപ്പിച്ചു. എന്നാൽ തന്റെ പക്കൽ പണമില്ലെന്ന കാര്യം ആ അമ്മ വീണ്ടും ആവർത്തിച്ചു. ഇതോടെ ദേഷ്യം മൂത്ത ഡോക്ടർ, ഭേദമായ കുട്ടിയുടെ കാലിന്റെ അതേ ഭാഗം സ്വന്തം കൈകൾ കൊണ്ട് വീണ്ടും ബലമായി ഒടിക്കുകയായിരുന്നു.

ഈ ക്രൂരതയ്ക്ക് ശേഷം ആ അമ്മയ്ക്ക് മകളുമായി മറ്റൊരു ആശുപത്രിയിൽ പോയി വീണ്ടും ചികിത്സ തേടേണ്ടി വന്നു. ഈ അതിക്രമത്തിന്റെ വാർത്ത പുറത്തുവന്നതോടെ വലിയ രീതിയിലുള്ള ജനരോഷമാണ് ഉയരുന്നത്. സംഭവം വിവാദമായ പശ്ചാത്തലത്തിൽ അധികൃതർ ഇപ്പോൾ കുറ്റക്കാരനായ ഡോക്ടർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *