ഭോപ്പാൽ: രക്താർബുദത്തോട് പോരാടിക്കൊണ്ടിരുന്ന മൂന്ന് വയസ്സുകാരന്റെ മരണം സംഭവിച്ചത് നഴ്സിന്റെ കടുത്ത അനാസ്ഥയും പിഴവും മൂലമാണെന്ന് ഭോപ്പാൽ എയിംസിന്റെ അന്വേഷണ റിപ്പോർട്ട്. കഴിഞ്ഞ വർഷം ഡിസംബറിൽ ഭോപ്പാൽ എയിംസിൽ ചികിത്സയിലായിരുന്ന കുഞ്ഞ് മരിക്കാനിടയായത് മരുന്നിന് പകരം നഴ്സ് ഫോർമാലിൻ കുത്തിവെച്ചതുകൊണ്ടാണെന്ന് മെഡിക്കൽ സംഘം കണ്ടെത്തിയിട്ടുണ്ട്.
മനുഷ്യശരീരത്തിന് അതീവ ഹാനികരമായ ഫോർമാലിൻ എന്ന രാസവസ്തു സാധാരണയായി ബയോപ്സി സാമ്പിളുകൾ, കോശങ്ങൾ, മൃതദേഹങ്ങൾ എന്നിവ കേടുകൂടാതെ സൂക്ഷിക്കാനാണ് ഉപയോഗിക്കാറുള്ളത്.
സാഗർ ജില്ലയിലെ ബിന തഹ്സിലിലുള്ള കൗർജ ഗ്രാമവാസിയായ സിദ്ധാർത്ഥ് യാദവിന്റെ മകൻ സാർത്ഥക് യാദവാണ് ഈ ദാരുണ സംഭവത്തിൽ മരണപ്പെട്ടത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ 2025 ഡിസംബർ 15-നാണ് ഭോപ്പാൽ എയിംസിലെ പീഡിയാട്രിക് വാർഡിൽ പ്രവേശിപ്പിച്ചത്. കുട്ടിക്ക് ബ്ലഡ് ക്യാൻസറിനുള്ള ചികിത്സ നൽകിവരികയായിരുന്നുവെന്നും വിദഗ്ദ്ധരായ ഡോക്ടർമാരുടെ കൃത്യമായ നിരീക്ഷണത്തിലായിരുന്നുവെന്നും കുടുംബം പറയുന്നു.
കുടുംബാംഗങ്ങൾ വ്യക്തമാക്കുന്നതനുസരിച്ച്, ഡിസംബർ 17-ന് രാവിലെയാണ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് വലിയ അബദ്ധം സംഭവിച്ചത്. സാർത്ഥകിന് മരുന്ന് നൽകിക്കൊണ്ടിരുന്ന ഐവി ലൈൻ തടസ്സപ്പെട്ട സമയത്ത് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു നഴ്സിങ് ഓഫീസർ, വാർഡിൽ വെച്ചിരുന്നതും ‘എഫ്’ എന്ന് എഴുതി അടയാളപ്പെടുത്തിയതുമായ ഒരു സിറിഞ്ച് എടുത്ത് അതിലെ ദ്രാവകം എന്താണെന്ന് കൃത്യമായി പരിശോധിക്കാതെ ഐവി ബോട്ടിലിലേക്ക് കുത്തിവെയ്ക്കുകയായിരുന്നു. താൻ നഴ്സിനെ തടയാൻ ശ്രമിച്ചെങ്കിലും അവർ അത് കേൾക്കാൻ തയ്യാറായില്ലെന്ന് കുട്ടിയുടെ പിതാവ് സിദ്ധാർത്ഥ് യാദവ് ആരോപിക്കുന്നു.
കുത്തിവെയ്പ്പ് എടുത്തതിന് തൊട്ടുപിന്നാലെ തന്നെ സാർത്ഥകിന്റെ ആരോഗ്യനില അതിവേഗം വഷളാകാൻ തുടങ്ങി. ബോധരഹിതനായ കുട്ടിയെ ഉടൻ തന്നെ പി.ഐ.സി.യുവിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടി തളർന്നുവീണ ഉടൻ തന്നെ ആശുപത്രി അധികൃതർ അവിടെയുണ്ടായിരുന്ന ഐവി ബോട്ടിൽ മാറ്റി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായും കുടുംബം ആരോപിക്കുന്നുണ്ട്. എയിംസിന്റെ ആഭ്യന്തര അന്വേഷണത്തിൽ, സിരകളിലൂടെ ഫോർമാലിൻ ശരീരത്തിനുള്ളിൽ ചെന്നതാണ് സാർത്ഥകിന്റെ നേരിട്ടുള്ള മരണകാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. നഴ്സിങ് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് ഇതിന് കാരണമായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.




