ചേലക്കര: പോലീസ് സ്റ്റേഷനിൽ വെച്ച് മദ്യപിച്ച ഗ്രേഡ് എസ്.ഐ. ഉൾപ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർ ഉന്നത ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ പിടിയില്‍. ചേലക്കര സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. ജോളി സെബാസ്റ്റ്യൻ, സിവിൽ പോലീസ് ഓഫീസർമാരായ അഖിൽ, സജിത്ത് എന്നിവരാണ് ഡ്യൂട്ടിക്കിടെ സ്റ്റേഷനിലിരുന്ന് മദ്യപിച്ചത്.
തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് വടക്കാഞ്ചേരി എസ്.എച്ച്.ഒ. മുരളിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘം ചേലക്കര സ്റ്റേഷനിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. പിടിയിലായ ഉദ്യോഗസ്ഥരെ ഉടൻ തന്നെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്തു. ലഹരിമാഫിയയ്ക്കെതിരേ സർക്കാർ ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമായി നടപ്പാക്കുന്നതിനിടയിലാണ് പോലീസിന് കനത്ത നാണക്കേടുണ്ടാക്കി സ്റ്റേഷനുള്ളിൽ ഉദ്യോഗസ്ഥർ തന്നെ മദ്യപിച്ചത്.
സംഭവത്തെക്കുറിച്ച് കുന്നംകുളം എ.സി.പി. വഴി സിറ്റി പോലീസ് കമ്മീഷണർക്ക് വിശദമായ റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. പിടിയിലായ മൂന്ന് ഉദ്യോഗസ്ഥരെയും സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യാനും ഈ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്.




