Health

മരവിപ്പിക്കുന്ന തണുപ്പിലും തോറ്റുകൊടുക്കാതെ ഹിന! ക്യാൻസറിനോട് പോരാടാൻ ഐസ് തെറാപ്പി- വിഡിയോ വൈറൽ

സ്തനാർബുദത്തിനെതിരെയുള്ള പോരാട്ടം ധൈര്യപൂർവ്വം പങ്കുവെക്കുന്ന നടി ഹിനാ ഖാൻ, താൻ പിന്തുടരുന്ന ഒരു ആരോഗ്യപരിചരണ രീതി ആരാധകർക്കായി അടുത്തിടെ പങ്കുവെച്ചു. പ്രൊഫഷണൽ വൈദ്യനിരീക്ഷണത്തിൽ മാത്രം ചെയ്യുന്ന ‘ഐസ് തെറാപ്പി’ അഥവാ ഐസ് ബാത്ത് ചെയ്യുന്നതിന്റെ വീഡിയോയാണ് ഹിന ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

ഏകദേശം 70 കിലോഗ്രാം ഐസ് നിറച്ച പ്രത്യേക പാത്രത്തിലാണ് താരം ഇറങ്ങിയിരിക്കുന്നത്. മുൻപ് ചെയ്തപ്പോൾ 7 മിനിറ്റ് മാത്രമാണ് തണുത്ത വെള്ളത്തിൽ നിൽക്കാൻ കഴിഞ്ഞതെന്നും, ഇത്തവണ 12 മിനിറ്റ് വരെ നിൽക്കാൻ സാധിച്ചെന്നും ഹിന പറഞ്ഞു. 12 മിനിറ്റിൽ കൂടുതൽ നിൽക്കാതിരുന്നത് ബോധപൂർവ്വമാണെന്നും, ശരീരം പെട്ടെന്ന് കടുപ്പമേറിയ സാഹചര്യങ്ങളിലേക്ക് തള്ളിവിടാതെ ക്രമേണ സഹനശക്തി കൂട്ടുകയാണ് വേണ്ടതെന്നും താരം വ്യക്തമാക്കി. 15 മിനിറ്റിലെത്തുകയാണ് ഹിനയുടെ അടുത്ത ലക്ഷ്യം. “ഐസ് തെറാപ്പി സ്വർഗ്ഗതുല്യമാണ്. ഡോക്ടറുടെ കർശന മേൽനോട്ടത്തിലാണ് ഞാൻ ഇത് ചെയ്യുന്നത്. ആരും വിദഗ്ധോപദേശമില്ലാതെ ഇത് ചെയ്യാൻ ശ്രമിക്കരുത്. സാവധാനം മാത്രം ചെയ്യുക, സ്വന്തം ശരീരത്തിന്റെ ശബ്ദത്തിന് കാതോർക്കുക” എന്ന് ഹിന ആരാധകർക്ക് മുന്നറിയിപ്പും നൽകി.

കായികതാരങ്ങൾക്കിടയിലും ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നവർക്കിടയിലും ഐസ് തെറാപ്പി വളരെ ജനപ്രിയമാണ്. കഠിനമായ തണുപ്പ് അനുഭവപ്പെടുമ്പോൾ രക്തക്കുഴലുകൾ ചുരുങ്ങുകയും ഇത് ശരീരത്തിലെ വീക്കവും പേശിവേദനയും കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. തെറാപ്പിക്ക് ശേഷം ശരീരം വീണ്ടും ചൂടാകുമ്പോൾ രക്തയോട്ടം വർദ്ധിക്കുന്നത് പേശികളുടെയും കോശങ്ങളുടെയും വേഗത്തിലുള്ള വീണ്ടെടുപ്പിന് സഹായിക്കുന്നു. കൂടാതെ, വേദനയും വീക്കവും താൽക്കാലികമായി കുറയ്ക്കാനും സന്തോഷം നൽകുന്ന എൻഡോർഫിൻ ഹോർമോണുകൾ ഉത്പാദിപ്പിച്ച് മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഇത് സഹായിക്കുമെന്ന് ഗവേഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നു. മികച്ച ഉറക്കത്തിനും വ്യായാമത്തിന് ശേഷമുള്ള ദ്രുതഗതിയിലുള്ള ഉന്മേഷത്തിനും ഐസ് ബാത്ത് നല്ലതാണെന്ന് കരുതപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *