കോവിഡിന് ശേഷമുള്ള വർഷങ്ങളിൽ വിവാഹമോചന നിരക്കുകൾ വർദ്ധിച്ചിട്ടുണ്ട്. ലോക്ക്ഡൗൺ സമയത്തും വർക്ക് ഫ്രം ഹോം രീതികളിലും ദമ്പതികൾ എപ്പോഴും ഒരുമിച്ച് കഴിഞ്ഞതും, അവർക്കിടയിലെ പൊരുത്തക്കേടുകളും മറ്റ് പ്രശ്നങ്ങളും വലിയ മാനസിക സമ്മർദ്ദങ്ങളിലേക്ക് നയിച്ചതായി പലരും പറയാറുണ്ട്.
എന്നാൽ ഇത്തവണ വിവാഹമോചനത്തിലേക്ക് പോകുന്നതിന് പകരം, തങ്ങളുടെ ദാമ്പത്യജീവിതത്തിന് രണ്ടാമതൊരു അവസരം കൂടി നൽകാനാണ് കോടതി നടപടികളുമായി മുന്നോട്ട് പോയ ആ ദമ്പതികൾ തീരുമാനിച്ചത്. കോടതിക്ക് പുറത്തുവെച്ച് യുവതി വിവാഹമോചന രേഖകൾ കീറിയെറിയുകയും ഭർത്താവിനെ കെട്ടിപ്പിടിക്കുകയും ചെയ്യുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ശിഖ സിംഗ് എന്ന യുവതിയും സൗരഭും തമ്മിലുള്ള വിവാഹം 2020-ലായിരുന്നു നടന്നത്. കുറച്ചു നാളുകൾക്ക് ശേഷം ഇവർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുക്കുകയും സാഹചര്യം ക്രമേണ വഷളാകുകയും ചെയ്തു. പിന്നീട് ശിഖ ഭർത്താവിനെതിരെ സ്ത്രീധന പീഡനത്തിന് കേസ് ഫയൽ ചെയ്തു. ഈ നിയമപോരാട്ടം നടക്കുന്നതിനിടയിൽ ശിഖയുടെ പിതാവ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതായി പറയപ്പെടുന്നു. വക്കീൽ ഫീസും തുടർച്ചയായ കോടതിയാത്രകളും കാരണം അദ്ദേഹത്തിന്റെ സമ്പാദ്യം മുഴുവൻ തീർന്നു, ഒടുവിൽ സ്വന്തം ചികിത്സയ്ക്ക് പോലും പണമില്ലാത്ത അവസ്ഥയിലായി. ഇതിനിടയിൽ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാവുകയും സ്ഥിതി വഷളായതിനെ തുടർന്ന് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ഈ അടിയന്തിര സാഹചര്യം അറിഞ്ഞയുടൻ സൗരഭ് തങ്ങൾക്കിടയിലുള്ള എല്ലാ തർക്കങ്ങളും മറന്ന് ഉടനടി ആശുപത്രിയിലെത്തി. തുടർന്ന് മികച്ച ചികിത്സയ്ക്കായി അദ്ദേഹം തന്റെ അമ്മായിയപ്പനെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ ശിഖയുടെ പിതാവിന്റെ ആരോഗ്യാവസ്ഥ തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ. ഈ സംഭവങ്ങൾക്ക് ശേഷം, വിവാഹമോചനക്കേസിന്റെ വാദത്തിനായി ദമ്പതികൾ കോടതിയിൽ ഹാജരാകേണ്ട സമയം വന്നപ്പോൾ, ഭർത്താവിനെ കണ്ടമാത്രയിൽ ശിഖയുടെ നിയന്ത്രണം നഷ്ടപ്പെടുകയും അവർ പൊട്ടിക്കരയുകയും ചെയ്തു. ഒട്ടും സമയം കളയാതെ അവർ വിവാഹമോചന രേഖകളെല്ലാം കീറിയെറിയുകയും കോടതിക്ക് പുറത്തേക്ക് ഓടിച്ചെന്ന് ഭർത്താവിനെ കെട്ടിപ്പിടിക്കുകയുമായിരുന്നു. ഭർത്താവിന്റെ നെഞ്ചോട് ചേർന്ന് അവർ കരയുന്നത് വീഡിയോയിൽ കാണാം. ഒരു കേസ് നടത്തുന്നതിനേക്കാൾ എപ്പോഴും ബുദ്ധിമുട്ടാണ് ഒരു ബന്ധം നിലനിർത്തുന്നത്. എന്നാൽ ഒരാൾ തർക്കങ്ങൾക്ക് പകരം കാരുണ്യത്തിന്റെ വഴി തിരഞ്ഞെടുക്കുമ്പോൾ, തർക്കരേഖകൾക്ക് പെട്ടെന്ന് തന്നെ പ്രാധാന്യം നഷ്ടപ്പെടുന്നു.
ഈ വീഡിയോയോട് സോഷ്യൽ മീഡിയയിൽ ആളുകൾ വളരെ വൈകാരികമായാണ് പ്രതികരിച്ചത്. “ദൈവം നിങ്ങളെ എപ്പോഴും ഒരുമിച്ച് നിർത്തട്ടെ, ഇങ്ങനെയൊരു ദിവസം ഇനി നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകാതിരിക്കട്ടെ… എപ്പോഴും സന്തോഷത്തോടെയിരിക്കൂ,” എന്ന് ഒരാൾ ആശംസിച്ചു. “ആ സ്ത്രീക്ക് തന്റെ ഭർത്താവിനോടുള്ള സ്നേഹത്തെ ഞാൻ ബഹുമാനിക്കുന്നു! ഇത്തരം സ്നേഹം ഇപ്പോൾ വളരെ അപൂർവ്വമാണ്,” എന്ന് മറ്റൊരാൾ കുറിച്ചു. “ചില ബന്ധങ്ങൾ വാക്കുകൾക്ക് അതീതവും എന്നെന്നേക്കുമുള്ളതുമാണ്,” എന്നായിരുന്നു മൂന്നാമതൊരു ഉപയോക്താവിന്റെ കമന്റ്. വേർപിരിയുക എന്നത് ഒട്ടും എളുപ്പമല്ലെന്നും, പല പ്രശ്നങ്ങളും തെറ്റിദ്ധാരണകൾ കാരണം ഉണ്ടാകുന്നതാണെന്നും മറ്റ് ചിലരും കമന്റുകളിൽ പങ്കുവെച്ചു.




