യുഡിഎഫിന്റെ വമ്പന് വിജയത്തിന് പിന്നാലെ തന്റെ പഴയ നിലപാടുകൾ മാറ്റി വെള്ളാപ്പള്ളി നടേശൻ . വി.ഡി. സതീശൻ മികച്ച പ്രതിപക്ഷ നേതാവാണെന്നും കെ.സി. വേണുഗോപാലാണ് ഈ വിജയത്തിന്റെ ശില്പിയെന്നും അദ്ദേഹം പുകഴ്ത്തി. ഒപ്പം രമേശ് ചെന്നിത്തല പാരമ്പര്യവും പ്രവർത്തന നൈപുണ്യവുമുള്ള നേതാവാണെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് നൂറ് സീറ്റ് നേടിയാൽ താൻ സ്ഥാനം രാജിവെക്കുമെന്ന് മുൻപ് പറഞ്ഞതിനെക്കുറിച്ച് ചോദിച്ചപ്പോൾ, രാഷ്ട്രീയത്തിൽ അങ്ങനെ പലതും പറഞ്ഞുപോകുമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മൂന്നുപേരും പ്രഗത്ഭരാണെന്നും ഉചിതമായ തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡ് എടുക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.
ഭൂരിഭാഗം എംഎൽഎമാരും കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, ദേശീയ രാഷ്ട്രീയത്തിൽ വലിയ സ്വാധീനമുള്ള അദ്ദേഹം കേരളം ഭരിക്കാൻ വരുമെന്ന് താൻ കരുതുന്നില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഇന്ത്യയിൽ കോൺഗ്രസ് എങ്ങനെ മുന്നോട്ട് പോകണമെന്ന് തീരുമാനിക്കുന്ന അതികായനായ നേതാവാണ് അദ്ദേഹം. രാജ്യത്തെ വിവിധ പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കാണുന്ന കെസിക്ക് ഡൽഹിയിൽ ഇരുന്ന് പോലും കേരളം ഭരിക്കാൻ സാധിക്കും. കോൺഗ്രസിന്റെ വിജയത്തിനായി സാമ്പത്തിക സ്രോതസ്സുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ കൃത്യമായി ഒരുക്കിയ വിജയശില്പിയാണ് കെസി എന്നും വെള്ളാപ്പള്ളി വിശേഷിപ്പിച്ചു.
രമേശ് ചെന്നിത്തല ഏറ്റവും സീനിയറായ നേതാവാണെന്നും എല്ലാവരെയും ഒന്നിപ്പിച്ചു കൊണ്ടുപോകാനുള്ള നയചാതുരി അദ്ദേഹത്തിനുണ്ടെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. യാതൊരു വിവാദങ്ങൾക്കും നിൽക്കാതെ എല്ലാം സഹിച്ചു നിന്ന വ്യക്തിയാണ് അദ്ദേഹം. അതേസമയം, പ്രതിപക്ഷ നേതാവെന്ന നിലയിൽ വി.ഡി. സതീശൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇവരിൽ ആര് വേണമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കട്ടെ. പി.കെ. കുഞ്ഞാലിക്കുട്ടി മാന്യനായ നേതാവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നൂറ് സീറ്റ് കിട്ടിയാൽ രാജിവെക്കുമെന്ന വെല്ലുവിളിയെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് അദ്ദേഹം തന്ത്രപരമായി ഒഴിഞ്ഞുമാറുകയും ചെയ്തു.




