Featured Spotlight

കായംകുളത്ത് പ്രതിഭയോട് ‘പ്രതികാരം’ ചെയ്തു? തുറന്നടിച്ച് പാര്‍ട്ടി അംഗങ്ങള്‍; സിപിഎമ്മില്‍ പൊട്ടിത്തെറി

കായംകുളത്ത് എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭയുടെ പരാജയത്തെത്തുടർന്ന് സിപഎമ്മിൽ വലിയ തർക്കങ്ങൾ ഉടലെടുത്തു. സമൂഹ മാധ്യമങ്ങളിലൂടെ നേതാക്കളുടെ പേരെടുത്ത് പറഞ്ഞാണ് പാർട്ടി പ്രവർത്തകർ വിമർശനം ഉന്നയിക്കുന്നത്. എന്നാൽ പ്രതിഭയെ പരാജയപ്പെടുത്താൻ നേതാക്കൾ ശ്രമിച്ചു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പാർട്ടിക്കുള്ളിലെ വിഭാഗീയത പരസ്യമായ പ്രകടനങ്ങളിലേക്ക് നീങ്ങുന്ന കാഴ്ചയാണിപ്പോൾ.

നേതാക്കൾ വർഷങ്ങളായി മനസ്സിൽ കൊണ്ടുനടന്ന പ്രതികാരമാണ് കായംകുളത്തെ ഈ തോൽവിക്ക് പിന്നിലെന്ന് ചില പ്രവർത്തകർ ശബ്ദസന്ദേശങ്ങളിലൂടെ ആരോപിക്കുന്നു. കെ.എച്ച്. ബാബുജാൻ, ഏരിയ സെക്രട്ടറി അബിൻ ഷാ തുടങ്ങിയ നേതാക്കൾക്കെതിരെയാണ് പ്രധാനമായും വിമർശനം ഉയരുന്നത്. പാർട്ടിയുടെ ശക്തികേന്ദ്രമായ പത്തിയൂരിൽ പോലും സ്ഥാനാർഥി പിന്നിൽ പോയത് കൃത്യമായ പ്രവർത്തനങ്ങൾ നടക്കാത്തതുകൊണ്ടാണെന്ന് അണികൾ വിശ്വസിക്കുന്നു. ഏകദേശം അയ്യായിരത്തോളം പാർട്ടി വോട്ടുകൾ ചോർന്നതും നഗരസഭാ പരിധിയിൽ വൻ തിരിച്ചടി ഉണ്ടായതും ഗൗരവകരമായാണ് പ്രവർത്തകർ കാണുന്നത്.

പല പഞ്ചായത്തുകളിലും ബൂത്ത് കൺവെൻഷനുകൾ നടന്നില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ വീഴ്ച വരുത്തിയെന്നും പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. വീടുകളിൽ എത്തിക്കേണ്ട നോട്ടീസുകളും പ്രസ്താവനകളും വിതരണം ചെയ്തില്ല. ആവശ്യത്തിന് ബോർഡുകളോ പോസ്റ്ററുകളോ അനൗൺസ്‌മെന്റ് വാഹനങ്ങളോ ഉണ്ടായിരുന്നില്ലെന്ന പരാതിയും വ്യാപകമാണ്. തിരഞ്ഞെടുപ്പ് സമയത്ത് അടങ്ങിയിരുന്ന പാർട്ടിയിലെ ഭിന്നതകൾ തോൽവിയോടെ വീണ്ടും സജീവമായിരിക്കുകയാണ് കായംകുളത്ത്.