Featured Spotlight

പിണറായി മാറണം; പ്രതിപക്ഷത്തെ നയിക്കാൻ പുതിയ മുഖം വേണം; അതൃപ്തി പ്രകടിപ്പിച്ച് CPI ദേശീയനേതൃത്വം

ന്യൂഡൽഹി: പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുന്നതിനോട് സിപിഐ കേന്ദ്ര നേതൃത്വത്തിന് വിയോജിപ്പ്. നേതൃനിരയിലേക്ക് പുതിയ മുഖങ്ങൾ കടന്നുവരണമെന്നാണ് പാർട്ടിയുടെ നിലപാട്. ഈ കാര്യം സിപിഐ സംസ്ഥാന ഘടകത്തെയും സിപിഎമ്മിനെയും ഔദ്യോഗികമായി അറിയിക്കുമെന്നാണ് സൂചന.

നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയന്റെ മേൽ ചുമത്തുന്ന നിലപാടാണ് ഘടകകക്ഷിയായ സിപിഐ ഇപ്പോൾ സ്വീകരിക്കുന്നത്. ഇത്രയും വലിയൊരു തിരിച്ചടി എൽഡിഎഫ് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് കേന്ദ്ര നേതൃത്വം വിലയിരുത്തുന്നു.

മുന്നണിയെ നയിക്കാൻ ഇനി പുതിയ ആളുകൾ വരണമെന്നതാണ് സിപിഐ മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യം. പഴയ രീതിയിലുള്ള പ്രവർത്തന ശൈലി ജനങ്ങൾക്കിടയിൽ അതൃപ്തിയുണ്ടാക്കിയെന്നും കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ നേതൃത്വത്തിൽ വേണമെന്നും അവർ വാദിക്കുന്നു. പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്നതിൽ സിപിഎമ്മിന്റെ മാത്രം തീരുമാനങ്ങൾ അംഗീകരിക്കാനാവില്ലെന്ന സൂചനയും സിപിഐ നൽകുന്നുണ്ട്. പ്രതിപക്ഷ നേതൃസ്ഥാനം സിപിഎമ്മിന് തന്നെയാണെങ്കിലും പുതിയൊരാളെ ആ പദവിയിൽ ഇരുത്തണമെന്നാണ് സിപിഐയുടെ ആഗ്രഹം.

കൂടാതെ, പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് അർഹതപ്പെട്ടതാണെന്നും നേതൃത്വം വ്യക്തമാക്കുന്നു. പരാജയ കാരണങ്ങൾ ആഴത്തിൽ പരിശോധിക്കണമെന്നും ജനവികാരം തിരിച്ചറിയുന്നതിൽ ഭരണത്തലവൻ എന്ന നിലയിൽ പിണറായി വിജയന് വീഴ്ച പറ്റിയെന്നും പാർട്ടിക്കുള്ളിൽ സംസാരമുണ്ട്. അദ്ദേഹം പ്രതിപക്ഷ നേതാവാകുന്നത് മുന്നണിയുടെ തിരിച്ചുവരവിനെ ബാധിക്കുമെന്ന് സിപിഐ ഭയപ്പെടുന്നു. ഈ സാഹചര്യത്തിലാണ് പുതിയ മുഖങ്ങൾ വേണമെന്ന ആവശ്യം അവർ ശക്തമാക്കുന്നത്. പിണറായി വിജയനെ മാറ്റിയുള്ള ഒരു നേതൃമാറ്റത്തിന് സിപിഎം തയ്യാറാകുമോ എന്നതാണ് ഇനി നിർണായകം. സിപിഐയുടെ ഈ കടുത്ത നിലപാട് വരും ദിവസങ്ങളിൽ മുന്നണിയിൽ വലിയ ചർച്ചകൾക്ക് കാരണമാകും. വരാനിരിക്കുന്ന തദ്ദേശ, ഉപതിരഞ്ഞെടുപ്പുകളിലും ഈ തർക്കങ്ങൾ പ്രതിഫലിച്ചേക്കാം.

അതിനിടെ, കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ, പ്രതിപക്ഷത്തെ നയിക്കാൻ പുതിയ മുഖങ്ങൾ ആവശ്യമാണെന്ന് സി.പി.ഐ നേതാവും എം.പിയുമായ പി. സന്തോഷ് കുമാർ . തിരഞ്ഞെടുപ്പിലെ തന്റെ പാർട്ടിയുടെ പ്രകടനം “അപമാനകരവും നാണക്കേടുണ്ടാക്കുന്നതുമായ” പരാജയമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

തിരിച്ചടി സമ്മതിക്കുമ്പോഴും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അതിജീവന ശേഷിയെ അദ്ദേഹം എടുത്തുപറഞ്ഞു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ചരിത്രപരമായി പരാജയങ്ങളെ അതിജീവിച്ചിട്ടുണ്ടെന്നും, തിരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യം ഉന്നതതല സമിതി അവലോകനം ചെയ്ത ശേഷം ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.

സന്തോഷ് കുമാർ എ.എൻ.ഐയോട് പറഞ്ഞത് ഇങ്ങനെയാണ്: “മുതിർന്ന പാർട്ടി നേതാക്കൾ അടങ്ങുന്ന ഉന്നതതല സമിതി തിരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യവും ഇനി എന്തുചെയ്യണമെന്നും അവലോകനം ചെയ്യും. ഈ തിരഞ്ഞെടുപ്പിൽ ഞങ്ങൾ പരാജയപ്പെട്ടു. ഇത് അപമാനകരവും നാണക്കേടുണ്ടാക്കുന്നതുമാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം ഞങ്ങൾ പല പരാജയങ്ങളും കണ്ടിട്ടുണ്ട്. അവയെയെല്ലാം വിജയകരമായി അതിജീവിച്ചിട്ടുമുണ്ട്. തീർച്ചയായും ഞങ്ങൾ തിരിച്ചുവരും. കേരളത്തിൽ പ്രതിപക്ഷത്തെ നയിക്കാൻ പുതിയ മുഖങ്ങൾ ആവശ്യമാണ്.”

ഭരണവിരുദ്ധ വികാരവും “ദുഷ്പ്രചരണങ്ങളുമാണ്” ഇടത് ജനാധിപത്യ മുന്നണിയുടെ (എൽ.ഡി.എഫ്) തോൽവിക്ക് കാരണമെന്ന് പറഞ്ഞ അദ്ദേഹം, മുന്നണി പ്രവർത്തനശൈലിയിൽ മാറ്റം വരുത്തുമെന്നും കൂട്ടിച്ചേർത്തു.

“എല്ലാ ഇടതുപക്ഷ പാർട്ടികളെയും ബാധിച്ച ഭരണവിരുദ്ധ വികാരം ഒരു പൊതുവായ തിരിച്ചടിയായിരുന്നു. ഭരണവിരുദ്ധ വികാരവും എൽ.ഡി.എഫിനെതിരായ ദുഷ്പ്രചരണങ്ങളും ഉൾപ്പെടെയുള്ള ഘടകങ്ങളുടെ സങ്കലനമാണ് തോൽവിക്ക് കാരണം. ഒരു പ്രശ്നത്തെ മാത്രം എടുത്തുപറയാനാകില്ല. ഞങ്ങൾ കാര്യങ്ങൾ വിലയിരുത്തും, വരും ദിവസങ്ങളിൽ എൽ.ഡി.എഫിന്റെ പുതിയ പ്രവർത്തനശൈലി നിങ്ങൾക്ക് കാണാനാകും,” അദ്ദേഹം പറഞ്ഞു.