ഹൈദരാബാദ്∙ എത്ര പൊരുതിയിട്ടും ഒറ്റയാൾ പോരാട്ടത്തിന് ഒരു ടീമിനെ മുഴുവൻ ജയിപ്പിക്കാനാവില്ലെന്ന് തെളിയിക്കുന്നതായിരുന്നു പഞ്ചാബ് കിങ്‌സിനെതിരെയുള്ള സൺറൈസേഴ്സ് ഹൈദരാബാദിന്റെ വിജയം. കൂപ്പർ കോണോലി തകർപ്പൻ സെഞ്ചറി നേടിയിട്ടും 33 റൺസിനാണ് പഞ്ചാബ് തോൽവി വഴങ്ങിയത്.
ഹൈദരാബാദ് മുന്നോട്ടുവെച്ച 236 റൺസെന്ന കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റിങ് തുടങ്ങിയ പഞ്ചാബിന് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 202 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതിൽ പകുതിയിലധികം റൺസും കോണോലിയുടെ ബാറ്റിൽ നിന്നായിരുന്നു. 59 പന്തുകളിൽ നിന്ന് എട്ട് സിക്സറുകളും ഏഴ് ഫോറുകളും സഹിതം 107 റൺസാണ് താരം അടിച്ചുകൂട്ടിയത്. കോണോലിക്ക് മികച്ച പിന്തുണ നൽകാൻ മറ്റാരെങ്കിലും ഉണ്ടായിരുന്നെങ്കിൽ മത്സരത്തിന്റെ ഗതി തന്നെ മാറുമായിരുന്നു.
പഞ്ചാബിനെ സംബന്ധിച്ചിടത്തോളം ഇത് തുടർച്ചയായ മൂന്നാം തോൽവിയാണ്. നേരത്തെ ഗുജറാത്ത് ടൈറ്റൻസിനോടും രാജസ്ഥാൻ റോയൽസിനോടും അവർ പരാജയപ്പെട്ടിരുന്നു. ഈ വിജയത്തോടെ 14 പോയിന്റുമായി സൺറൈസേഴ്സ് ഹൈദരാബാദ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയപ്പോൾ, 13 പോയിന്റുള്ള പഞ്ചാബ് രണ്ടാം സ്ഥാനത്തേക്ക് വീണു. പഞ്ചാബ് നിരയിൽ മാർകസ് സ്റ്റോയ്നിസ് (28), സുര്യാൻഷ് ഷെഡ്ഗെ (25), മാർകോ യാൻസന്‍ (19) എന്നിവർ അല്പനേരം പിടിച്ചുനിന്നെങ്കിലും വലിയ സ്കോർ കണ്ടെത്താനായില്ല. ഹൈദരാബാദ് ബൗളർമാരായ പാറ്റ് കമിൻസും ശിവാങ് കുമാറും നിതീഷ് റെഡ്ഡിയും ഇഷാൻ മലിംഗയും സാക്കിബ് ഹുസെയ്‌നും മികച്ച രീതിയിൽ പന്തെറിഞ്ഞു.
മറുപടി ബാറ്റിങ്ങിൽ പഞ്ചാബിന്റെ തുടക്കം തന്നെ പാളിയിരുന്നു. ഇംപാക്ട് പ്ലെയർ പ്രിയൻഷ് ആര്യയെ ആദ്യ ഓവറിൽ തന്നെ പാറ്റ് കമിൻസ് പുറത്താക്കി. പിന്നാലെ പ്രബ്സിമ്രൻ സിങ്, ക്യാപ്റ്റൻ ശ്രേയസ് അയ്യർ, മാർകസ് സ്റ്റോയ്നിസ് എന്നിവരും വേഗത്തിൽ മടങ്ങിയതോടെ പഞ്ചാബ് സമ്മർദ്ദത്തിലായി. എന്നാൽ ഒരറ്റത്ത് കോണോലി പോരാട്ടം തുടർന്നു. 10.2 ഓവറിൽ ടീം സ്കോർ 100 കടത്തിയതും അദ്ദേഹത്തിന്റെ മികവിലായിരുന്നു. മധ്യനിരയിൽ സുര്യാൻഷ് ഷെഡ്ഗെ റൺസ് കണ്ടെത്തിയെങ്കിലും കമിൻസ് ആ വിക്കറ്റും വീഴ്ത്തി. അവസാന രണ്ട് ഓവറിൽ ജയിക്കാൻ 68 റൺസ് വേണമെന്ന അസാധ്യമായ ലക്ഷ്യമായിരുന്നു പഞ്ചാബിന് മുന്നിലുണ്ടായിരുന്നത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 235 റൺസ് നേടിയത്. ഹെൻറിച് ക്ലാസനും (69) ഇഷാൻ കിഷനും (55) നേടിയ അർധ സെഞ്ചറികളാണ് അവർക്ക് കരുത്തായത്. ഓപ്പണർമാരായ ട്രാവിസ് ഹെഡും (38) അഭിഷേക് ശർമയും (35) ചേർന്ന് മികച്ച തുടക്കം നൽകി. നിതീഷ് കുമാർ റെഡ്ഡിയും (29) അവസാന നിമിഷങ്ങളിൽ തകർത്തടിച്ചു. ഹൈദരാബാദ് ബാറ്റിങ് നിര ഒരേപോലെ തിളങ്ങിയപ്പോൾ പഞ്ചാബ് ബൗളർമാർക്ക് കാര്യമായ പ്രഹരമേറ്റു. 17.1 ഓവറിൽ തന്നെ 200 കടന്ന ഹൈദരാബാദ് അവസാന അഞ്ചോവറിൽ മാത്രം 61 റൺസാണ് അടിച്ചെടുത്തത്. പഞ്ചാബിനായി അർഷ്ദീപ് സിങ്, ലോക്കി ഫെർഗൂസന്‍ തുടങ്ങിയവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.




