Featured Spotlight

പിണറായിയെ തള്ളി കാരണഭൂതനാക്കിയവരും; ‘പരാജയം തുറന്നു സമ്മതിക്കുന്നതാണ് മാന്യത, എംഎല്‍എ സ്ഥാനം രാജിവെക്കണം’

നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ വലിയ തോൽവിക്ക് പിന്നാലെ സി.പി.എമ്മിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള വിമർശനങ്ങൾ ശക്തമാവുന്നു. വീഴ്ചകളുടെ എല്ലാ ഉത്തരവാദിത്തവും അദ്ദേഹത്തിനാണെന്നാണ് പാര്‍ട്ടി കമ്മിറ്റികളില്‍ ആരോപണങ്ങള്‍ ഉയരുന്നത്. പിണറായി വിജയൻ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് പാറശ്ശാല ഏരിയാ സെക്രട്ടറി അജയകുമാർ പരസ്യമായി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യാനായി വിളിച്ചുചേർത്ത പാറശ്ശാല ഏരിയാ കമ്മിറ്റി യോഗത്തിലാണ് അജയകുമാർ ഈ ആവശ്യം മുന്നോട്ടുവെച്ചത്.

പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തിരിക്കാൻ പിണറായി വിജയന് അർഹതയില്ലെന്നും, അദ്ദേഹം പദവി ഒഴിഞ്ഞ് മാതൃക കാണിക്കണമെന്നും ഏരിയാ കമ്മിറ്റി യോഗത്തിൽ അഭിപ്രായമുയർന്നു. മുൻപ് പിണറായി വിജയനെ ‘കാരണഭൂതൻ’ എന്ന് വിശേഷിപ്പിച്ചു കൊണ്ടുള്ള പാട്ട് പുറത്തിറക്കിയപ്പോൾ അതിന്റെ സംഘാടക സമിതി ചെയർമാനായിരുന്നു ഇതേ അജയകുമാർ. പിണറായി വിജയന് പുറമെ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെയും യോഗത്തിൽ കടുത്ത വിമർശനമുണ്ടായി. ഇരുവരും ഭരണത്തിലും പാർട്ടിയിലും എടുത്ത നിലപാടുകൾ സാധാരണ അണികളെയും പ്രവർത്തകരെയും ഒരേപോലെ പ്രകോപിപ്പിച്ചു എന്നാണ് പ്രധാന ആക്ഷേപം.

ഈ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം തനിക്ക് തന്നെയാണെന്ന് പിണറായി വിജയൻ പൊതുസമൂഹത്തിന് മുന്നിൽ തുറന്നു സമ്മതിക്കുന്നതാണ് മാന്യത എന്ന് കമ്മിറ്റി അംഗങ്ങൾ വ്യക്തമാക്കി. പിണറായി വിജയൻ തന്നിഷ്ടപ്രകാരം എടുക്കുന്ന തീരുമാനങ്ങൾ ചോദ്യം ചെയ്യാതെ നടപ്പിലാക്കേണ്ട വെറും തൊഴിലാളികളായി പാർട്ടിയിലെ സഖാക്കൾ മാറിപ്പോയെന്നും വിമർശനമുയർന്നു.

മുതിർന്ന നേതാവ് കെ.കെ. ജയചന്ദ്രൻ പങ്കെടുത്ത യോഗത്തിലാണ് ഈ കടുത്ത ചർച്ചകൾ നടന്നത്. നിലവിലെ സാഹചര്യത്തിൽ പിണറായി വിജയൻ പ്രതിപക്ഷ നേതാവായി തുടരരുതെന്ന നിലപാടിൽ ഭൂരിഭാഗം പേരും ഉറച്ചുനിൽക്കുകയാണ്. കെ-റെയിൽ (സിൽവർ ലൈൻ) പദ്ധതിയും യു.ഡി.എഫ് സർക്കാരിന്റെ കാലത്തെ മുൻകാല അനുഭവങ്ങളും ചർച്ചകളിൽ വീണ്ടും ഉയർന്നുവന്നു.

Leave a Reply

Your email address will not be published. Required fields are marked *