ലക്നൗവിൽ നടന്ന ജീവൻമരണ പോരാട്ടത്തിൽ ക്യാപ്റ്റന്റെ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിൽ പഞ്ചാബ് കിങ്സിന് ഉജ്ജ്വല വിജയം. നിർണായകമായ മത്സരത്തിൽ ഏഴു വിക്കറ്റുകൾക്കാണ് അവർ ലക്നൗ സൂപ്പർ ജയന്റ്സിനെ തകർത്തത്. ലക്നൗ മുന്നോട്ടുവെച്ച 197 റൺസ് എന്ന വലിയ വിജയലക്ഷ്യം 18 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പഞ്ചാബ് മറികടക്കുകയായിരുന്നു. ഐപിഎല്ലിലെ തന്റെ ആദ്യ സെഞ്ചറി തികച്ച ക്യാപ്റ്റൻ ശ്രേയസ്സ് അയ്യരും (51 പന്തിൽ പുറത്താകാതെ 101), അർധസെഞ്ചറി നേടിയ പ്രഭ്സിമ്രാൻ സിങ്ങും (39 പന്തിൽ 69) ചേർന്നാണ് പഞ്ചാബിന് മനോഹരമായ വിജയം സമ്മാനിച്ചത്.
മൂന്നാം വിക്കറ്റിൽ ഇരുവരും പടുത്തുയർത്തിയ 140 റൺസിന്റെ കൂട്ടുകെട്ടാണ് കളി തിരിച്ചുവിട്ടത്. ഈ ജയത്തോടെ 15 പോയിന്റുമായി നാലാം സ്ഥാനത്തെത്തിയ പഞ്ചാബ് തങ്ങളുടെ പ്ലേഓഫ് സാധ്യതകൾ സജീവമാക്കി നിർത്തി. ഇനി ഞായറാഴ്ച നടക്കുന്ന രാജസ്ഥാൻ റോയൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകളുടെ മത്സരഫലങ്ങളെക്കൂടി ആശ്രയിച്ചായിരിക്കും പഞ്ചാബിന്റെ അടുത്ത ഘട്ടത്തിലേക്കുള്ള പ്രവേശം. അതേസമയം പഞ്ചാബിന്റെ ഈ വിജയത്തോടെ ഡൽഹി ക്യാപിറ്റൽസ് ടൂർണമെന്റിൽ നിന്ന് പുറത്തായി. ലക്നൗവാകട്ടെ പോയിന്റ് പട്ടികയിൽ അവസാനക്കാരായാണ് മടങ്ങുന്നത്.
വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനെ ഇന്നിങ്സിലെ ആദ്യ പന്തിൽ തന്നെ മുഹമ്മദ് ഷമി ഞെട്ടിച്ചു. ഓപ്പണർ പ്രിയാൻശ് ആര്യയെ നേരിട്ട ആദ്യ പന്തിൽ തന്നെ ഷമി, അർജുൻ തെൻഡുൽക്കറുടെ കൈകളിൽ എത്തിച്ച് പുറത്താക്കുകയായിരുന്നു. പിന്നീട് ക്രീസിലെത്തിയ കൂപ്പർ കനോലി ചില ബൗണ്ടറികളിലൂടെ റൺസ് ഉയർത്താൻ ശ്രമിച്ചെങ്കിലും തൊട്ടടുത്ത ഓവറിൽ ഷമി അദ്ദേഹത്തെ ക്ലീൻ ബൗൾഡാക്കി പഞ്ചാബിന് അടുത്ത പ്രഹരമേൽപ്പിച്ചു.
ഈ തകർച്ചയ്ക്ക് ശേഷമാണ് മൂന്നാം വിക്കറ്റിൽ പ്രഭ്സിമ്രാൻ സിങ്ങും ശ്രേയസ് അയ്യരും ഒത്തുചേർന്നത്. ഇരുവരും കൃത്യമായി നിലയുറപ്പിക്കുകയും മനോഹരമായ ബൗണ്ടറികളിലൂടെ റൺസ് കണ്ടെത്തുകയും ചെയ്തതോടെ പഞ്ചാബിന്റെ ഇന്നിങ്സ് സുരക്ഷിതമായ നിലയിലേക്ക് നീങ്ങി. പവർപ്ലേ ഓവറുകൾ പൂർത്തിയാകുമ്പോൾ 2 വിക്കറ്റിന് 69 റൺസ് എന്ന മികച്ച നിലയിലായിരുന്നു പഞ്ചാബ്.
ഇതിനുശേഷവും കൃത്യമായ ഇടവേളകളിൽ ബൗണ്ടറികൾ അടിച്ചുകൊണ്ട് ഇരുവരും റൺറേറ്റ് കുറയാതെ സൂക്ഷിച്ചു. വെറും 33 പന്തിൽ നിന്നാണ് പ്രഭ്സിമ്രാൻ തന്റെ അർധസെഞ്ചറി പൂർത്തിയാക്കിയത്. ഇതോടെ ഈ ഐപിഎൽ സീസണിൽ അദ്ദേഹത്തിന്റെ ആകെ സമ്പാദ്യം 500 റൺസ് പിന്നിട്ടു. കഴിഞ്ഞ സീസണിലും 500-ലധികം റൺസ് നേടിയിരുന്ന പ്രഭ്സിമ്രാൻ, തുടർച്ചയായ രണ്ട് ഐപിഎൽ പതിപ്പുകളിൽ 500-ലധികം റൺസ് സ്വന്തമാക്കുന്ന ആദ്യ അൺക്യാപ്ഡ് താരമെന്ന റെക്കോർഡും ഇതോടെ സ്വന്തമാക്കി. തൊട്ടുപിന്നാലെ ക്യാപ്റ്റൻ ശ്രേയസ്സ് അയ്യരും അർധസെഞ്ചറി കടന്നു.
ഒടുവിൽ 15–ാം ഓവറിൽ പ്രഭ്സിമ്രാനെ പുറത്താക്കി അർജുൻ തെൻഡുൽക്കറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ഈ സീസണിലെ തന്റെ ആദ്യ മത്സരം കളിച്ച അർജുൻ തെൻഡുൽക്കർ ലക്നൗവിന് വേണ്ടി നേടുന്ന ആദ്യ വിക്കറ്റാണിത്. എന്നാൽ അപ്പോഴേക്കും പഞ്ചാബ് സ്കോർ 162 റൺസിൽ എത്തിയിരുന്നു. മൂന്നാം വിക്കറ്റിൽ പ്രഭ്സിമ്രാൻ–ശ്രേയസ് സഖ്യം 140 റൺസാണ് ടീമിനായി ചേർത്തത്. രണ്ട് സിക്സറുകളും ഏഴ് ഫോറുകളുമടങ്ങുന്നതായിരുന്നു പ്രഭ്സിമ്രാന്റെ ഇന്നിങ്സ്. പ്രഭ്സിമ്രാൻ പുറത്തായ ശേഷം ക്രീസിലെത്തിയ സൂര്യാൻഷ് ഷെഡ്ജയെ മറുവശത്ത് നിർത്തി ശ്രേയസ്സ് അതിവേഗം ബാറ്റ് വീശിയതോടെ പഞ്ചാബ് വിജയത്തിലേക്ക് കുതിച്ചു. ഒടുവിൽ പതിനെട്ടാം ഓവറിലെ അവസാന പന്തിൽ സിക്സറടിച്ചുകൊണ്ട് ശ്രേയസ്സ് തന്റെ സെഞ്ചറിയും ടീമിന്റെ വിജയവും ഒരുമിച്ച് ആഘോഷമാക്കി മാറ്റി. 5 സിക്സറുകളും 11 ഫോറുകളുമാണ് ശ്രേയസിന്റെ ബാറ്റിൽ നിന്ന് പിറന്നത്.
അതിന് മുൻപ്, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്ന ലക്നൗ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 196 റൺസ് എടുത്തത്. അർധസെഞ്ചറി നേടിയ ജോഷ് ഇംഗ്ലിസ് (44 പന്തിൽ 72), മികച്ച പ്രകടനം കാഴ്ചവെച്ച ആയുഷ് ബദോനി (18 പന്തിൽ 43), അബ്ദുൽ സമദ് (20 പന്തിൽ പുറത്താകാതെ 37) എന്നിവരുടെ ബാറ്റിങ് മികവിലാണ് ലക്നൗ ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്. മിച്ചൽ മാർഷിന് പകരം ടീമിലിടം നേടിയ അർഷിൻ കുൽക്കർണി റണ്ണൊന്നുമെടുക്കാതെയും നിക്കോളാസ് പുരാൻ വെറും രണ്ട് റൺസെടുത്തും നിരാശപ്പെടുത്തി. ക്യാപ്റ്റൻ ഋഷഭ് പന്ത് 22 പന്തിൽ നിന്ന് 26 റൺസാണ് എടുത്തത്. തന്റെ ആദ്യ മത്സരം കളിച്ച അർജുൻ തെൻഡുൽക്കർ 5 പന്തിൽ 5 റൺസുമായി പുറത്താകാതെ നിന്നു. പഞ്ചാബിനായി ബൗളിങ്ങിൽ മാർക്കോ യാൻസൻ, യുസ്‍വേന്ദ്ര ചെഹൽ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ, അസ്മത്തുള്ള ഒമർസായ്, ശശാങ്ക് സിങ് എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.




