Featured Lifestyle

കഴുത്തിൽ 142 കോടിയുടെ വജ്രത്തിളക്കം! മെറ്റ് ഗാലയെ ഞെട്ടിച്ച് സുധാ റെഡ്ഡിയുടെ രാജകീയ ലുക്ക്

142 കോടി രൂപ വിലമതിക്കുന്ന വജ്രമാലയണിഞ്ഞ് ഇത്തവണത്തെ മെറ്റ് ഗാലയെ വിസ്മയിപ്പിച്ച് ഹൈദരാബാദിലെ പ്രമുഖ വ്യവസായി സുധാ റെഡ്ഡി. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫാഷൻ മാമാങ്കത്തിൽ മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത വസ്ത്രത്തിനൊപ്പം ഈ അമൂല്യമായ ആഭരണമാണ് സുധാ റെഡ്ഡിയെ ശ്രദ്ധാകേന്ദ്രമാക്കിയത്.

‘ക്വീൻ ഓഫ് മെറിലാനി’ എന്ന് അറിയപ്പെടുന്ന 550 കാരറ്റ് ഭാരമുള്ള ടാൻസാനൈറ്റ് ലോക്കറ്റാണ് ഈ നെക്ലേസിലെ പ്രധാന ആകർഷണം. സുധയുടെ സ്വന്തം ശേഖരത്തിലുള്ള ഈ മാലയ്ക്ക് ഏകദേശം 15 മില്യൺ ഡോളറാണ് (142.8 കോടി രൂപ) മൂല്യം കണക്കാക്കുന്നത്.

ഇതിനുപുറമെ, 30 കാരറ്റ് ഡയമണ്ട് മോതിരവും 40 കാരറ്റ് കൊളംബിയൻ മരതകം പതിപ്പിച്ച മോതിരവും അണിഞ്ഞാണ് അവർ റെഡ് കാർപെറ്റിലെത്തിയത്. ഹൈദരാബാദിന്റെ സംസ്കാരവും ദക്ഷിണേന്ത്യൻ പാരമ്പര്യവും ആഗോള വേദിയിൽ എത്തിക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്ന് സുധാ റെഡ്ഡി പറഞ്ഞു.

‘ട്രീ ഓഫ് ലൈഫ്’ (Tree of Life) എന്ന പ്രമേയത്തിൽ ഒരുക്കിയ ഈ വസ്ത്രം കലങ്കാരി കലാരൂപത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതാണ്. ആയിരക്കണക്കിന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലൂടെ സങ്കീർണ്ണമായ സർദോസി തുന്നലുകളാൽ നിർമ്മിച്ച ഈ വസ്ത്രം തനിക്ക് കേവലം ഒരു ഫാഷൻ മാത്രമല്ല, മറിച്ച് ഒരു പാരമ്പര്യത്തിന്റെ തുടർച്ചയാണെന്നും അവർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. 2021-ലായിരുന്നു സുധാ റെഡ്ഡി ആദ്യമായി മെറ്റ് ഗാലയിൽ പങ്കെടുത്തത്.