Featured Oddly News

കല്യാണത്തിനു മുമ്പ് ജലദോഷത്തിന് കുത്തിവയ്പ്പെടുത്തു, 92 ദിവസം കോമയില്‍; വിവാഹദിനം അവൾ കണ്ണ് തുറന്നു!

വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, മാസങ്ങളോളം കോമയിലേയ്ക്ക് വീണുപോയ ചൈനീസ് യുവതി ജീവിതത്തിലേക്ക് തിരിച്ചുനടക്കുന്നു. സാധാരണ ജലദോഷത്തിനുള്ള ചികിത്സയ്ക്കിടെയുണ്ടായ പിഴവാണ് 24 വയസ്സുകാരിയായ വാങ് റാൻറാന്റെ ജീവിതം മാറ്റിമറിച്ചത്. ഷാങ് ഷിറൂയി എന്ന യുവാവുമായി ആറുവർഷമായി പ്രണയത്തിലായിരുന്ന വാങ്, കഴിഞ്ഞ വർഷാവസാനം വിവാഹം രജിസ്റ്റർ ചെയ്തിരുന്നു. ഏപ്രിൽ 25-ന് വമ്പിച്ച ആഘോഷത്തോടെ വിവാഹം നടത്താനിരിക്കെയാണ് ജനുവരിയിൽ വിധി വില്ലനായെത്തിയത്.

ജനുവരിയിൽ തൊണ്ടവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് വാങ് ഷാങ്ങിനൊപ്പം പ്രാദേശിക ക്ലിനിക്കിൽ ചികിത്സ തേടി. സാധാരണ ജലദോഷമാണെന്ന് കരുതിയ ഡോക്ടർ യുവതിക്ക് ഒരു കുത്തിവെപ്പ് നൽകി. എന്നാൽ മരുന്നുകളോട് അലർജിയുണ്ടോ എന്ന് പരിശോധിക്കാതെയായിരുന്നു ഈ നടപടിയെന്ന് ഷാങ് ആരോപിക്കുന്നു. കുത്തിവെപ്പെടുത്ത മിനിറ്റുകൾക്കകം വാങ്ങിന്റെ നാവ് മരവിക്കുകയും ശ്വാസതടസ്സവും ഛർദ്ദിയും അനുഭവപ്പെടുകയും ചെയ്തു. ആംബുലൻസ് എത്തുമ്പോഴേക്കും യുവതി ബോധരഹിതയായിരുന്നു. മസ്തിഷ്കത്തിലേക്ക് നാല് മിനിറ്റിലധികം ഓക്സിജൻ ലഭിക്കാതിരുന്നതിനാൽ കോശങ്ങൾക്ക് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചു.

പരിശോധനയിൽ യുവതിക്ക് മരുന്നിനോടുള്ള അലർജി മൂലം ‘അലർജിക് ഷോക്ക്’ ഉണ്ടായതാണെന്ന് കണ്ടെത്തി. ക്ലിനിക്കിനെതിരെ ഷാങ് നിയമപോരാട്ടം തുടങ്ങിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. വാങ്ങിന് കുത്തിവെപ്പ് നൽകിയത് ആശുപത്രി ജീവനക്കാരനല്ലായിരുന്നു എന്നും മരുന്ന് കുറിച്ചുനൽകിയ ഡോക്ടർക്ക് മതിയായ യോഗ്യതയില്ലായിരുന്നു എന്നും വ്യക്തമായി. തുടർന്ന് ക്ലിനിക്ക് അടച്ചുപൂട്ടുകയും ഉടമ ചെറിയൊരു തുക നഷ്ടപരിഹാരം നൽകി മുങ്ങുകയും ചെയ്തു. ഇതിനകം 700,000 യുവാനിലധികം രൂപ ചികിത്സയ്ക്കായി ചെലവായത് കുടുംബത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കി.

തങ്ങളുടെ വിവാഹം നിശ്ചയിച്ചിരുന്ന ഏപ്രിൽ 25-ന് രണ്ട് ദിവസം മുൻപാണ് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് വാങ് കണ്ണ് തുറന്നത്. 92 ദിവസത്തെ അബോധാവസ്ഥയ്ക്ക് ശേഷം തന്റെ പ്രതിശ്രുത വരനെ നോക്കി അവൾ പുഞ്ചിരിച്ചു. സംസാരിക്കാനോ ചലിക്കാനോ ആയിട്ടില്ലെങ്കിലും വാങ്ങിന്റെ കണ്ണുകളിൽ ജീവൻ തിരികെ വന്നത് വലിയ പ്രതീക്ഷയാണെന്ന് ഷാങ് കണ്ണീരോടെ പറയുന്നു. തളരാതെ കൂടെനിന്ന ഷാങ്ങിന്റെ പ്രണയവും വാങ്ങിന്റെ പോരാട്ടവീര്യവുമാണ് ഇപ്പോൾ ചൈനയിൽ ചർച്ചാവിഷയം.