കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ എം.എൽ.എയെ ആലിംഗനം ചെയ്യാൻ ശ്രമിച്ചതിന്റെ പേരിൽ വിവാദത്തിലായ ചെറിയാൻ ഫിലിപ്പിനെ പിന്തുണച്ച് ബി.ജെ.പി നേതാവ് പത്മജ വേണുഗോപാൽ രംഗത്തെത്തി. ചെറിയാൻ ഫിലിപ്പിനെ തനിക്ക് ദീർഘകാലമായി അറിയാമെന്നും തികച്ചും നിഷ്കളങ്കനായ മനുഷ്യനായ അദ്ദേഹത്തെ ഇത്തരത്തിൽ ക്രൂശിക്കരുതെന്നും പത്മജ വീഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു. ഒരു സഹോദരി എന്ന നിലയിലാണ് താൻ ഇത് സംസാരിക്കുന്നതെന്നും മറ്റൊരു ഉദ്ദേശ്യവും അദ്ദേഹത്തിന് ഉണ്ടാകില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും പത്മജ വ്യക്തമാക്കി.
ചെറിയാൻ ഫിലിപ്പ് പുരുഷന്മാരെയും സ്ത്രീകളെയും ഒരുപോലെ സ്നേഹത്തോടെ കെട്ടിപ്പിടിക്കാറുണ്ടെന്നും അതിൽ തെറ്റായ അർത്ഥങ്ങൾ കാണേണ്ടതില്ലെന്നും പത്മജ പറഞ്ഞു. താൻ ഇത് പറയുന്നത് ചിലർക്ക് ഇഷ്ടപ്പെട്ടില്ലെന്നു വരാം, എങ്കിലും സത്യം പറയാതിരിക്കാൻ കഴിയില്ല. അദ്ദേഹം ഒരു ഒറ്റയാനാണെന്നും അച്ഛനും അമ്മയും സഹോദരനുമില്ലാത്ത അദ്ദേഹത്തിന് നമ്മളൊക്കെയാണ് കുടുംബമെന്നും അവർ ഓർമ്മിപ്പിച്ചു. സ്വന്തം സഹോദരൻ കെട്ടിപ്പിടിക്കുന്നതുപോലെ മാത്രമേ ഈ പ്രവൃത്തിയെ കാണാവൂ എന്നും അതിന് മോശമായ അർത്ഥങ്ങൾ നൽകി അദ്ദേഹത്തെ വേദനിപ്പിക്കരുതെന്നും അവർ അപേക്ഷിച്ചു.
സങ്കടം സഹിക്കവയ്യാതെയാണ് താൻ ഈ പ്രതികരണവുമായി വന്നതെന്നും ആരും അദ്ദേഹത്തെ പിന്തുണയ്ക്കാത്തത് തന്നെ വിഷമിപ്പിച്ചുവെന്നും പത്മജ പറഞ്ഞു. പലരെയും നേതാവാക്കാൻ വേണ്ടി ഒന്നും പ്രതീക്ഷിക്കാതെ ഓടിനടന്ന വ്യക്തിയാണ് അദ്ദേഹം. വളരെ ലളിതമായ ജീവിതം നയിക്കുന്ന, ആഹാരത്തിന് പോലും വലിയ ചെലവില്ലാത്ത ഒരു പാവം മനുഷ്യനെ ആരും മോശമായി പറയരുത്. ഇതിന്റെ പേരിൽ താൻ വിമർശിക്കപ്പെട്ടാലും തനിക്ക് പരാതിയില്ലെന്നും എന്നാൽ ചെറിയാൻ ഫിലിപ്പിന്റെ കാര്യത്തിൽ താൻ പറയുന്ന സത്യം എല്ലാവരും കേൾക്കണമെന്നും പത്മജ തന്റെ സന്ദേശത്തിൽ കൂട്ടിച്ചേർത്തു.




