ശ്മശാനത്തിലെ മൃതദേഹങ്ങളിൽ നിന്ന് വസ്ത്രങ്ങൾ മോഷ്ടിച്ച് പുതിയതെന്ന പേരിൽ വിൽക്കുന്ന വൻ സംഘം ഇൻഡോറിൽ പിടിയില്‍. പ്രിയപ്പെട്ടവർക്ക് വിട നൽകുന്ന അതീവ സങ്കടകരമായ നിമിഷങ്ങളിൽ ഹിന്ദു ആചാരപ്രകാരം മൃതദേഹങ്ങളിൽ അണിയിക്കുന്ന വസ്ത്രങ്ങളും ആഭരണങ്ങളുമാണ് ശ്മശാനത്തിലെ ജീവനക്കാർ മോഷ്ടിച്ച് വിപണിയിൽ എത്തിക്കുന്നത്.
ദൈനിക് ഭാസ്കർ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലൂടെയാണ് ഇൻഡോർ മുതൽ അഹമ്മദാബാദ് വരെ നീളുന്ന ഈ ക്രൂരമായ ഇടപാടുകൾ പുറംലോകം അറിഞ്ഞത്. ശ്മശാനങ്ങളിൽ നിന്ന് ശേഖരിക്കുന്ന വസ്ത്രങ്ങൾ വൃത്തിയാക്കി ഇസ്തിരിയിട്ട് പുതിയ വസ്ത്രങ്ങൾ എന്ന വ്യാജേനയാണ് വിപണിയിൽ വിൽക്കുന്നത്. ഇതൊരു ചെറിയ സംഘമല്ലെന്നും, മാസം തോറും ലക്ഷക്കണക്കിന് രൂപ വരുമാനം ഉണ്ടാക്കുന്ന വലിയൊരു ശൃംഖലയാണിതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മൃതദേഹങ്ങളിൽ നിന്ന് മാറ്റുന്ന വസ്ത്രങ്ങൾ ശ്മശാനത്തിൽ വെച്ച് തന്നെ ലേലം ചെയ്യുകയും പിന്നീട് നാലിരട്ടി വിലയ്ക്ക് വിൽക്കുകയും ചെയ്യുന്നു. ഒരു ഷാളിന് 20 മുതൽ 40 രൂപ വരെയും, കുർത്ത പൈജാമയ്ക്ക് 45 രൂപയും, ഷർട്ടിനും പാന്റിനും 50 രൂപയുമാണ് ലേലത്തിൽ ഈടാക്കുന്നത്. സാരികൾക്ക് 70 മുതൽ 80 രൂപ വരെയാണ് വില.
സാമൂഹികമായും ആരോഗ്യപരമായും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഈ വാർത്ത ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പവിത്രമായി കരുതുന്ന ശ്മശാനങ്ങളിൽ ഇത്രയും നീചമായ പ്രവൃത്തികൾ നടന്നിട്ടും അധികൃതർ അറിഞ്ഞില്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്. ലാഭത്തിന് വേണ്ടി മനുഷ്യത്വം മറന്നുള്ള ഇത്തരം പ്രവർത്തനങ്ങൾ പൊതുസമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.




