Crime

‘അയാൾ ചെയ്തതൊന്നും പറയാനാവില്ല’: ട്രെയിനിലെ പീഡനത്തിൽ നിന്ന് കുഞ്ഞിനെ രക്ഷിച്ച സഹയാത്രിക

കൊല്ലം പാലരുവി എക്‌സ്‌പ്രസ്സിൽ ആറു വയസ്സുകാരിക്ക് നേരെയുണ്ടായ പീഡനശ്രമം സഹയാത്രികയായ യുവതിയുടെ ഇടപെടൽ മൂലം തടഞ്ഞു. കൊട്ടാരക്കര സ്വദേശിനിയായ വി.എസ്. വീണയുടെ ധീരമായ നീക്കമാണ് മാതൃദിനത്തില്‍ പ്രതിയെ കുടുക്കാൻ സഹായിച്ചത്. സംഭവത്തിൽ കൊല്ലം അയത്തിൽ സ്വദേശിയായ ഡാനിഷ് എന്നയാളെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പുലർച്ചെ പുനലൂർ-ചെങ്കോട്ട യാത്രയ്ക്കിടെയാണ് നടുക്കുന്ന ഈ സംഭവമുണ്ടായത്. തീർത്ഥാടനം കഴിഞ്ഞ് മുത്തച്ഛനൊപ്പം മടങ്ങുകയായിരുന്നു പെൺകുട്ടി.

ട്രെയിനിലെ ജനറൽ കമ്പാർട്ട്‌മെന്റിൽ യാത്രക്കാർ ഉറക്കത്തിലായ സമയം നോക്കിയാണ് തറയിൽ കിടന്നുറങ്ങുകയായിരുന്നു കുട്ടിയെ പ്രതി മടിയിലിരുത്തിയത്. സ്വന്തം അമ്മയുടെ ചികിത്സയ്ക്കായി ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു വീണയ്ക്ക് ഇയാളുടെ പെരുമാറ്റത്തിൽ തുടക്കം മുതലേ സംശയം തോന്നിയിരുന്നു. അതുകൊണ്ടുതന്നെ ഇവർ ഉറങ്ങാതെ ഇയാളെ നിരീക്ഷിച്ചുകൊണ്ടിരുന്നു. പ്രതി കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നത് കണ്ടപ്പോൾ വീണ ഉടൻ തന്നെ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി. തുടർന്ന് ബഹളമുണ്ടാക്കി കുട്ടിയെ രക്ഷപ്പെടുത്തുകയും മറ്റു യാത്രക്കാരെ വിവരം അറിയിക്കുകയും ചെയ്തു.

താൻ കുട്ടിയുടെ ബന്ധുവാണെന്ന് പറഞ്ഞ് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വീണ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടതോടെ ഇയാൾക്ക് മറുപടിയില്ലാതായി. ധൈര്യം കൈവിടാതെ വീണ പ്രതിയുടെ മുഖത്തടിക്കുകയും ചെയ്തു. തുടർന്ന് മറ്റു യാത്രക്കാരും ഇടപെട്ടു. വീഡിയോ എടുത്ത സമയത്ത് പ്രതി ചെയ്ത കാര്യങ്ങൾ വിവരിക്കാൻ പോലും കഴിയില്ലെന്ന് വീണ പിന്നീട് പറഞ്ഞു. വീണ നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പോലീസ് ഡാനിഷിനെ പിടികൂടി റിമാൻഡ് ചെയ്തു. യുവതിയുടെ കൃത്യസമയത്തുള്ള ഇടപെടലിനെ പോലീസ് അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *