തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ജോസഫ് വിജയ്‌യെ നേരിൽ കണ്ട് അഭിനന്ദനം അറിയിക്കാൻ മലപ്പുറത്ത് നിന്ന് ചെന്നൈയിലേക്ക് 650 കിലോമീറ്റർ കാൽനടയാത്ര ചെയ്ത് ദമ്പതികള്‍. മലപ്പുറം സ്വദേശികളായ കെ.എസ്. മുഹമ്മദ് റാഫിയും ഭാര്യ സി.പി. ഉമ്മു ഷഹനമോളുമാണ് ഈ വേറിട്ട യാത്രയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് മുഖ്യമന്ത്രിയായി ചുമതലയേറ്റ വിജയ്‌യോടുള്ള തങ്ങളുടെ ആരാധനയും സ്നേഹവുമാണ് ഈ കാൽനടയാത്രയ്ക്ക് പിന്നിലെന്ന് ഇവർ പറയുന്നു.
മെയ് 7-ന് മലപ്പുറത്ത് നിന്നാണ് ഡൈവറായ റാഫിയും ഭാര്യയും യാത്ര ആരംഭിച്ചത്. കയ്യിൽ ബാഗും ടെന്റും അത്യാവശ്യ സാധനങ്ങളുമായി പാലക്കാട് വഴി തമിഴ്‌നാട്ടിലേക്ക് കടന്ന് ചെന്നൈയിൽ എത്താനാണ് ഇവരുടെ ലക്ഷ്യം. യാത്രാ വിശേഷങ്ങൾ ഇവർ തങ്ങളുടെ യൂട്യൂബ്, ഇൻസ്റ്റാഗ്രാം ചാനലുകൾ വഴി പങ്കുവെക്കുന്നുണ്ട്. കഠിനമായ ചൂടിനെയും കാലാവസ്ഥാ മാറ്റങ്ങളെയും അവഗണിച്ചാണ് ഈ ദമ്പതികളുടെ യാത്ര.
വിജയിയുടെ പാർട്ടിയായ തമിഴക വെട്രി കഴകം 2026-ലെ തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി മികച്ച വിജയം കൈവരിച്ചിരുന്നു. മെയ് 10-ന് ചെന്നൈ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലാണ് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. നിലവിൽ പാലക്കാട് പിന്നിട്ട ദമ്പതികൾക്ക് സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്. മുഖ്യമന്ത്രിയെ നേരിൽ കാണാൻ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് തങ്ങളെന്ന് റാഫിയും ഉമ്മു ഷഹനമോളും പറയുന്നു. “പീക്ക് വിജയ് മൊമെന്റ്” എന്നാണ് ഇന്റർനെറ്റ് ലോകം ഈ അപൂർവ്വ ആരാധനയെ വിശേഷിപ്പിക്കുന്നത്.




