Featured Good News

യെവന്‍ പുപ്പുലിയാണ് കേട്ടോ?; കൊല്ലാനെത്തിയ പുള്ളിപ്പുലിയുടെ കഴുത്തിനു പിടിച്ച് 13 കാരൻ

മധ്യപ്രദേശിലെ കുർസി ഖാപ ഗ്രാമത്തിൽ, തന്നെ ആക്രമിക്കാനെത്തിയ പുള്ളിപ്പുലിയെ നേരിട്ട് പരാജയപ്പെടുത്തി പതിമൂന്നുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. എട്ടാം ക്ലാസ് വിദ്യാർഥിയായ സത്യം താക്കൂർ വീടിനു സമീപത്തെ കൃഷിയിടത്തിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന പുള്ളിപ്പുലി പെട്ടെന്ന് ചാടിവീണത്. ഒട്ടും പതറാതെ പുലിയുടെ കഴുത്തിൽ മുറുകെപ്പിടിച്ച സത്യം അതിനെ തടഞ്ഞുനിർത്താൻ ശ്രമിച്ചു. ഈ പോരാട്ടത്തിനിടയിൽ കുട്ടിയുടെ വയറിലും കാലുകളിലും പുലിയുടെ നഖം കൊണ്ട് ആഴത്തിൽ പരുക്കേറ്റെങ്കിലും അവൻ പിടിവിട്ടില്ല.

മകന്റെ നിലവിളി കേട്ട് പിതാവ് മഹേന്ദ്ര സിങ് ഠാക്കൂറും കുടുംബാംഗങ്ങളും വടികളുമായി ഓടിയെത്തുമ്പോഴും സത്യയും പുലിയും തമ്മിലുള്ള മൽപ്പിടിത്തം തുടരുകയായിരുന്നു. ആളുകൾ ഒച്ചവെച്ചുകൊണ്ട് അടുത്തേക്ക് വന്നതോടെ പുലി പിൻവാങ്ങി കാട്ടിലേക്ക് ഓടിപ്പോയി. കുട്ടിയുടെ ജീവൻ രക്ഷിക്കാൻ അവന്റെ ധൈര്യവും ആത്മവിശ്വാസവും വലിയ പങ്കുവഹിച്ചതായി പിതാവ് പറഞ്ഞു. ആക്രമണത്തിന് ശേഷം ഉടൻതന്നെ കുട്ടിയെ ചികിത്സയ്ക്കായി സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സത്യയുടെ വയറിനും കൈകാലുകൾക്കും സാരമായ പരിക്കുകളുണ്ടെങ്കിലും നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ കുട്ടിയുടെ ധൈര്യത്തെ അഭിനന്ദിക്കുകയും അടിയന്തര ധനസഹായമായി 1,000 രൂപ കൈമാറുകയും ചെയ്തു. കൂടുതൽ സാമ്പത്തിക സഹായം പിന്നീട് നൽകുമെന്ന് അധികൃതർ ഉറപ്പുനൽകി. വനത്തോട് ചേർന്നുള്ള പ്രദേശമായതിനാൽ പുലികളുടെ സാന്നിധ്യം ഇവിടെ സാധാരണമാണെങ്കിലും കുട്ടികൾക്ക് നേരെയുള്ള ഇത്തരം നേരിട്ടുള്ള ആക്രമണങ്ങൾ അപൂർവമാണെന്ന് വനംവകുപ്പ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *