റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ ആദ്യ പന്തിൽ തന്നെ പുറത്തായ മുംബൈ ഇന്ത്യൻസ് നായകൻ സൂര്യകുമാർ യാദവിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം. റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന നിർണായക മത്സരത്തിലാണ് താരം നിരാശപ്പെടുത്തിയത്.
ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിൽ മുംബൈയെ നയിക്കാനെത്തിയ സൂര്യകുമാർ യാദവ്, ഭുവനേശ്വർ കുമാർ എറിഞ്ഞ പന്തിൽ വിരാട് കോഹ്‌ലിക്ക് ക്യാച്ച് നൽകിയാണ് പുറത്തായത്.
രണ്ട് ദിവസം മുമ്പ് മാത്രം ഒരു പെൺകുഞ്ഞിന് അച്ഛനായ സൂര്യകുമാർ യാദവ്, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിന് പകരം വേണ്ടത്ര പരിശീലനമില്ലാതെ മത്സരത്തിനെത്തിയത് ആരാധകരെ ചൊടിപ്പിച്ചു. സൂര്യകുമാർ ഉടൻ വിരമിക്കണമെന്നും താരത്തിന്റെ കരിയർ അപകടത്തിലാണെന്നും പലരും സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ടെസ്റ്റ്, ഏകദിന ടീമുകളിൽ നിന്ന് നേരത്തെ തന്നെ പുറത്തായ താരം ടി20 ഫോർമാറ്റിലും പരാജയപ്പെടുന്നത് വലിയ തിരിച്ചടിയാണ്. 2026-ലെ ഐസിസി ടി20 ലോകകപ്പിന് ശേഷം മോശം ഫോമിലൂടെ കടന്നുപോകുന്ന സൂര്യകുമാർ, ഈ ഐപിഎൽ സീസണിലെ 10 മത്സരങ്ങളിൽ നിന്ന് വെറും 19.50 ശരാശരിയിൽ 195 റൺസ് മാത്രമാണ് നേടിയത്. ഒരു അർദ്ധ സെഞ്ച്വറി മാത്രമാണ് ഈ സീസണിൽ താരത്തിന്റെ സമ്പാദ്യം. മുതിർന്ന താരം എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രകടനം തീർത്തും നിരാശാജനകമാണെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു.




