Crime

മസാജിനെത്തിയ യുവാവിനെ നഗ്നനാക്കി ഹണിട്രാപ്പ്; നടത്തിപ്പുകാരനും രണ്ട് യുവതികളും അറസ്റ്റിൽ

തിരൂരിലെ ഒരു മസാജ് സെന്ററിൽ മസാജിനായെത്തിയ യുവാവിനെ നഗ്നനാക്കി ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തുകയും പണവും സ്വർണ്ണവും തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ രണ്ട് യുവതികളടക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മസാജ് സെന്റർ ഉടമയായ തിരുവനന്തപുരം സ്വദേശി സൗദ്, കോട്ടയം സ്വദേശിനി ജയന്തി, ഓച്ചിറ സ്വദേശിനി വീണ എന്നിവരെയാണ് തിരൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ എട്ടാം തീയതി രാത്രി ഏറ്റിരിക്കടവിലെ ആയുർ വെൽനസ് എന്ന സെന്ററിലാണ് ഹണിട്രാപ്പിന് സമാനമായ സംഭവം നടന്നത്.

മസാജ് ചെയ്യാനെത്തിയ മനോജ് എന്നയാളെ പ്രതികൾ ചേർന്ന് വിവസ്ത്രനാക്കി ഫോട്ടോയെടുക്കുകയും മർദ്ദിക്കുകയും ചെയ്തതായാണ് പരാതി. മനോജിന്റെ പക്കലുണ്ടായിരുന്ന 28,500 രൂപ, ഒന്നര പവന്റെ സ്വർണ്ണമാല, പവർബാങ്ക്, ബൈക്ക് എന്നിവ പ്രതികൾ ബലമായി കൈക്കലാക്കി. ഇതിനുപുറമെ രണ്ടു ലക്ഷം രൂപ കൂടി നൽകിയില്ലെങ്കിൽ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവാവ് നൽകിയ പരാതിയിൽ പറയുന്നു. ഒന്നാം പ്രതിയായ സൗദിന്റെ പക്കൽ നിന്നും പരാതിക്കാരന്റെ സ്വർണ്ണമാലയും ബൈക്കും പോലീസ് വീണ്ടെടുത്തിട്ടുണ്ട്.

അതേസമയം, മസാജ് സെന്ററിലെ സ്ത്രീകളെ ഉപദ്രവിച്ചെന്നാരോപിച്ച് പരാതിക്കാരനായ മനോജിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. പിടിയിലായ മസാജ് സെന്റർ നടത്തിപ്പുകാരൻ സൗദ് പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം തിരൂർ ഡിവൈ.എസ്.പി കെ.എം. സിദ്ദിഖിന്റെയും ഇൻസ്‌പെക്ടർ അനിൽകുമാറിന്റെയും നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *