Crime

‘കൈക്കുഞ്ഞുങ്ങളുമായി സ്റ്റേഷനിലെത്തി, അവരെ എറിഞ്ഞു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി’; ഗർഭിണിയെ മുഖത്തടിച്ച സംഭവത്തിൽ സിഐ

കൊച്ചി: എറണാകുളം നോർത്ത് സ്റ്റേഷനിൽ ഗര്‍ഭിണിയായ യുവതിക്ക് മർദനമേറ്റ സംഭവം വിവാദങ്ങള്‍ക്ക് വഴിവെച്ചതോടെ പ്രതികരിച്ച് സിഐ പ്രതാപചന്ദ്രന്‍ ക്രിമിനൽ കേസുകളിലെ പ്രതിയാണ് യുവതിയുടെ ഭർത്താവെന്നും മോഷണ കേസിലെ പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമിച്ചപ്പോഴാണ് കേസെടുത്തതെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. . കൈക്കുഞ്ഞുങ്ങളുമായി സ്റ്റേഷനിലെത്തിയ യുവതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കുഞ്ഞുങ്ങളെ എറിഞ്ഞു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. സിഐ പറഞ്ഞു.

ഇതു ചെറുക്കുന്നതിനിടെ തന്റെ നെഞ്ചിൽ തള്ളി, പിന്നാലെയുള്ള കാഴ്ചകളാണ് വിഡിയോയിലുള്ളതെന്നും ഉദ്യോഗസ്ഥൻ മാധ്യമങ്ങളോടു പറഞ്ഞു. വനിതാ പൊലീസിനെ ഉപയോഗിച്ച് സ്ഥലത്തുനിന്നും കുഞ്ഞുങ്ങളെ തങ്ങൾ രക്ഷിക്കുകയായിരുന്നു. കുഞ്ഞുങ്ങളുടെ ജീവൻവച്ചു വിലപേശാനാണ് യുവതി തുനിഞ്ഞതെന്നും എസ്എച്ച്ഒ പ്രതാപചന്ദ്രൻ ആരോപിച്ചു.

ടൗണ്‍ നോര്‍ത്ത്‌ എസ്‌.എച്ച്‌.ഒയായിരുന്ന പ്രതാപചന്ദ്രനാണു കൊച്ചി സ്വദേശിനിയായ എന്‍.ജെ. ഷൈമോള്‍ എന്ന യുവതിയുടെ മുഖത്തടിച്ചത്‌. കഴിഞ്ഞ വര്‍ഷം ജൂണ്‍ 20നു നടത്തിയ മര്‍ദനത്തിന്റെ വിഡിയോ ദൃശ്യങ്ങളാണ്‌ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്‌. ഷൈമോളുടെ നെഞ്ചത്തു പിടിച്ചുതള്ളുന്നതും ദൃശ്യങ്ങളിലുണ്ട്‌. ദൃശ്യം പുറത്തുവന്നതിനെത്തുടര്‍ന്ന്‌ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഡി.ജി.പിക്കു നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്നു പ്രതാപചന്ദ്രനെ സസ്‌പെന്‍ഡു ചെയ്‌തു.

പൊതുസ്‌ഥലത്തെ പോലീസ്‌ മര്‍ദനം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചതിനു കസ്‌റ്റഡിയിലായ ഭര്‍ത്താവിനെ തിരക്കിയെത്തിയതായിരുന്നു യുവതി. പോലീസ്‌ ഉദ്യോഗസ്‌ഥര്‍ മഫ്‌തിയില്‍ പൊതു സ്‌ഥലത്തുവച്ചു രണ്ടു പേരെ മര്‍ദിക്കുന്നതു ഷൈമോളുടെ ഭര്‍ത്താവ്‌ ഫോണില്‍ പകര്‍ത്തിയിരുന്നു. തുടര്‍ന്ന്‌ പോലീസ്‌ ഇയാളെ കസ്‌റ്റഡിയിലെടുത്ത്‌ എറണാകുളം ടൗണ്‍ നോര്‍ത്ത്‌ പോലീസ്‌ സ്‌റ്റേഷനിലെത്തിച്ചു. സംഭവമറിഞ്ഞു ഭര്‍ത്താവിനെ അന്വേഷിച്ച്‌ സ്‌റ്റേഷനിലെത്തിയ യുവതിയെയാണ്‌ എസ്‌.എച്ച്‌.ഒ: പ്രതാപചന്ദ്രന്‍ മര്‍ദിച്ചത്‌. ഇയാള്‍ യൂണിഫോം ധരിച്ചിരുന്നില്ല. കൂടുതല്‍ അക്രമത്തിനു മുതിര്‍ന്ന എസ്‌.എച്ച്‌.ഒയെ മറ്റ്‌ ഉദ്യോഗസ്‌ഥര്‍ പിടിച്ചുനിര്‍ത്തുകയായിരുന്നു. വനിതാ പോലീസുകാര്‍ ഉള്‍പ്പെടെ നോക്കിനില്‍ക്കുമ്പോഴായിരുന്നു യുവതിക്കു മര്‍ദ്ദനമേറ്റത്‌. നിലവില്‍ അരൂരിലാണ്‌ പ്രതാപചന്ദ്രന്‍ ജോലിചെയ്യുന്നത്‌. മര്‍ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ക്കായി ഒരു വര്‍ഷത്തോളം യുവതിക്കു നിയമപോരാട്ടം നടത്തേണ്ടി വന്നു.