ജർമ്മനിയിൽ താമസിക്കുന്ന ഒരു ഇന്ത്യൻ യുവതി, പ്രാദേശിക ഭാഷയായ ജർമ്മൻ അറിയാതെ തന്നെ അവിടെ ഒരു പ്രൊഡക്റ്റ് മാനേജർ ജോലി നേടിയെടുത്ത വാർത്ത സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. സിമ്രാൻ ഖോഖ എന്ന യുവതിയാണ് തന്റെ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ ഈ നേട്ടം കൈവരിക്കാൻ സഹായിച്ച തന്ത്രങ്ങൾ പങ്കുവെച്ചത്.
വിദേശത്തേക്ക് മാറാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികളുടെ പ്രധാന ആശങ്കയായ ഭാഷാപ്രശ്നത്തെക്കുറിച്ച് വീഡിയോയിൽ സിമ്രാൻ തുറന്നുപറഞ്ഞു. “ജർമ്മൻ ഭാഷയുടെ അടിസ്ഥാന അറിവ് പോലുമില്ലാതെയാണ് എനിക്ക് ഈ ജോലി ലഭിച്ചത്. എന്നാൽ ഇതിനർത്ഥം ജർമ്മനിയിൽ ഭാഷ ഒട്ടും പ്രധാനമല്ല എന്നല്ല. എല്ലാ തസ്തികകളിലും ഈ രീതി വിജയിക്കണമെന്നില്ല, എന്നാൽ ഉയർന്ന വൈദഗ്ധ്യം ആവശ്യമുള്ള സാങ്കേതിക മേഖലകളിൽ ഇത് സാധ്യമാണ്,” സിമ്രാൻ വ്യക്തമാക്കി. പല പ്രമുഖ ടെക് കമ്പനികളും എൻജിനീയറിങ്, ഡാറ്റാ റോൾ തുടങ്ങിയ മേഖലകളിൽ പൂർണ്ണമായും ഇംഗ്ലീഷ് ആണ് ആശയവിനിമയത്തിനായി ഉപയോഗിക്കുന്നത്.
ഈ സ്വപ്ന ജോലി സ്വന്തമാക്കാൻ തന്നെ സഹായിച്ച പ്രധാന നാല് കാര്യങ്ങളും അവർ വിശദീകരിച്ചു. ആദ്യത്തേത് തന്റെ ലിങ്ക്ഡ്ഇൻ പ്രൊഫൈലും റെസ്യൂമെയും അടിമുടി മാറ്റിയതാണ്. ആധുനിക എഐ (AI) ടൂളുകൾ ഉപയോഗിച്ച് ഓരോ ജോലിക്ക് അനുയോജ്യമായ കീവേഡുകൾ റെസ്യൂമെയിൽ ഉൾപ്പെടുത്തി. രണ്ടാമതായി, അനുയോജ്യമായ ഉദ്യോഗാർത്ഥികളെ കണ്ടെത്തുന്ന പ്രത്യേക പോർട്ടലുകൾ വഴി മാത്രം അപേക്ഷകൾ അയച്ചു. ജർമ്മൻ സർവകലാശാലകൾ സംഘടിപ്പിക്കുന്ന സൗജന്യ വെബിനാറുകളിലും ഇവന്റുകളിലും പങ്കെടുത്തുകൊണ്ട് ശൃംഖലകൾ വളർത്തിയതാണ് മൂന്നാമത്തെ ഘട്ടം. നാലാമതായി, താൻ ലക്ഷ്യമിടുന്ന കമ്പനികളിലെ ഉന്നത ഉദ്യോഗസ്ഥർക്ക് നേരിട്ട് സന്ദേശങ്ങൾ അയച്ചതും ഗുണകരമായെന്ന് അവർ പറഞ്ഞു.
വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്. ഭാഷാപരമായ തടസ്സങ്ങൾ ഭയപ്പെടുന്നവർക്ക് ഈ അനുഭവം വലിയ ആശ്വാസമാണെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടപ്പോൾ, ജോലി ലഭിച്ചാലും ദൈനംദിന ജീവിതത്തിൽ ജർമ്മൻ ഭാഷ അറിയാത്തത് വലിയ വെല്ലുവിളിയാണെന്ന് മറ്റൊരാൾ ചൂണ്ടിക്കാട്ടി.
(Disclaimer: This report is based on user-generated content from social media. Hashtagonline.in has not independently verified the claims and does not endorse them.)




