Featured Sports

ആരാണ് ഈ സാക്കിബ് ഹുസൈൻ? രാജസ്ഥാനെ പഞ്ഞിക്കിട്ട് ഹൈദരാബാദിന്റെ പുത്തൻ വജ്രായുധം!

തിങ്കളാഴ്ച ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ റണ്ണൊഴുക്ക് പ്രതീക്ഷിച്ചെത്തിയ കാണികൾ കണ്ടത് സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ രണ്ട് അരങ്ങേറ്റ പേസർമാരുടെ തകർപ്പൻ പ്രകടനമാണ്. പ്രഫുൽ ഹിംഗെയും സാക്കിബ് ഹുസൈനും ചേർന്ന് രാജസ്ഥാൻ ബാറ്റിങ് നിരയെ തകർത്തതോടെ 57 റൺസിന്റെ ഉജ്ജ്വല വിജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ്, ക്യാപ്റ്റൻ ഇഷാൻ കിഷന്റെ (44 പന്തിൽ 91) വെടിക്കെട്ട് ബാറ്റിംഗിന്റെ കരുത്തിൽ 216 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. ഹെൻറിച്ച് ക്ലാസനും (40) നിതീഷ് കുമാർ റെഡ്ഡിയും (28) മികച്ച പിന്തുണ നൽകി.

217 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന്റെ മുൻനിരയെ ആദ്യ ഓവറിൽ തന്നെ പ്രഫുൽ ഹിംഗെ നിലംപരിശാക്കി. ഒൻപത് റൺസിനിടെ അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട് തകർന്ന രാജസ്ഥാനെ ആറാം വിക്കറ്റിൽ ഒന്നിച്ച ഡൊണോവൻ ഫെരേരയും (69) രവീന്ദ്ര ജഡേജയും (45) ചേർന്ന് 118 റൺസിന്റെ കൂട്ടുകെട്ടിലൂടെ നാണക്കേടിൽ നിന്ന് രക്ഷിച്ചു. എന്നാൽ പത്തൊൻപതാം ഓവറിൽ 159 റൺസിന് രാജസ്ഥാൻ എല്ലാവരും പുറത്തായി. നാല് വിക്കറ്റെടുത്ത പ്രഫുൽ ഹിംഗെയ്ക്കൊപ്പം 24 റൺസ് മാത്രം നൽകി നാല് വിക്കറ്റുകൾ വീഴ്ത്തിയ സാക്കിബ് ഹുസൈനും വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചു.

ഐപിഎൽ അരങ്ങേറ്റത്തിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം എന്ന റെക്കോർഡിനൊപ്പമെത്താൻ (4/24) സാക്കിബിനായി. ബീഹാറിൽ നിന്നുള്ള ഈ വലങ്കയ്യൻ പേസർ 2022/23 സീസണിൽ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലൂടെയാണ് ട്വന്റി20യിൽ അരങ്ങേറിയത്. അന്ന് 17-ാം വയസ്സിൽ തന്റെ രണ്ടാം മത്സരത്തിൽ തന്നെ നാല് വിക്കറ്റുകൾ വീഴ്ത്തി സാക്കിബ് ശ്രദ്ധ നേടിയിരുന്നു. അടുത്തിടെ നടന്ന രഞ്ജി ട്രോഫിയിൽ അരുണാചൽ പ്രദേശിനെതിരെ ആറ് വിക്കറ്റുകൾ വീഴ്ത്തി തന്റെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടവും താരം ആഘോഷിച്ചു. നേരത്തെ 2024 ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരത്തെ ടീമിലെടുത്തിരുന്നു.

അരങ്ങേറ്റ മത്സരത്തിൽ തന്നെ ശ്രദ്ധേയമായ ബൗളിംഗ് പ്രകടനം കാഴ്ചവെച്ചവരുടെ പട്ടികയിൽ അൽസാരി ജോസഫ് (6/12), ആൻഡ്രൂ ടൈ (5/17) എന്നിവർക്ക് പിന്നിലായി സാക്കിബ് ഹുസൈനും പ്രഫുൽ ഹിംഗെയും ഇടംപിടിച്ചു. ഈ വിജയത്തോടെ ഹൈദരാബാദ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ, സീസണിലെ ആദ്യ തോൽവി വഴങ്ങിയെങ്കിലും രാജസ്ഥാൻ ഒന്നാം സ്ഥാനത്ത് തുടരുന്നു. ആദ്യ ഓവറിൽ വൈഭവ് സൂര്യവംശി, ധ്രുവ് ജുറേൽ, പ്രിട്ടോറിയസ് എന്നിവരെ പുറത്താക്കി പ്രഫുൽ തുടങ്ങിയ തകർച്ച, യശസ്വി ജയ്‌സ്വാളിനെ പുറത്താക്കി സാക്കിബും റിയാൻ പരാഗിനെ മടക്കി പ്രഫുലും പൂർത്തിയാക്കുകയായിരുന്നു. അവസാന ഓവറുകളിൽ ജോഫ്ര ആർച്ചർ, രവി ബിഷ്‌ണോയ് എന്നിവരെ കൂടി പുറത്താക്കി സാക്കിബ് ഹൈദരാബാദിന്റെ വിജയം ഉറപ്പിച്ചു.