പ്രശസ്ത ശാസ്ത്ര മാസികയായ ‘നേച്ചറിൽ’ (Nature) പ്രസിദ്ധീകരിച്ച, അഞ്ച് ലക്ഷം ആളുകളിൽ നടത്തിയ പഠനം വ്യക്തമാക്കുന്നത് രാത്രിയിൽ ആറ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങുന്നത് ശാരീരികമായ വാർധക്യത്തെ സാവധാനത്തിലാക്കാൻ സഹായിക്കുമെന്നാണ്.
ഉറക്കം വളരെ കുറയുന്നതും കൂടുന്നതും തലച്ചോറ്, ഹൃദയം, ശ്വാസകോശം, പ്രതിരോധ സംവിധാനം എന്നിവയുടെ വാർധക്യത്തെ വേഗത്തിലാക്കുമെന്ന് ഈ പഠനം സൂചിപ്പിക്കുന്നു. ഓരോ ദിവസവും 6.4 മണിക്കൂറിനും 7.8 മണിക്കൂറിനും ഇടയിൽ ഉറങ്ങുന്നവരിലാണ് വാർധക്യത്തിന്റെ ലക്ഷണങ്ങൾ ഏറ്റവും കുറഞ്ഞ അളവിൽ കാണപ്പെട്ടത്.
കൊളംബിയ സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറായ ജുൻഹാവോ വെന്നിന്റെ നേതൃത്വത്തിലാണ് ഈ ഗവേഷണം നടന്നത്. ശരീരത്തിലെ മിക്കവാറും എല്ലാ അവയവങ്ങളുടെയും ആരോഗ്യത്തിന് കൃത്യമായ ഉറക്കം അത്യാവശ്യമാണെന്ന് അദ്ദേഹം പറയുന്നു. ഇതിനായി മെഷീൻ ലേണിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് 17 അവയവ വ്യവസ്ഥകൾക്കായി 23 ‘ബയോളജിക്കൽ ക്ലോക്കുകൾ’ ഗവേഷകർ വികസിപ്പിച്ചെടുത്തു. രക്തപരിശോധനകൾ, മെഡിക്കൽ സ്കാനുകൾ എന്നിവയിലൂടെ ലഭിച്ച വിവരങ്ങൾ ഉപയോഗിച്ച് ഓരോ അവയവത്തിന്റെയും പ്രായം ഒരാളുടെ യഥാർത്ഥ പ്രായവുമായി താരതമ്യം ചെയ്താണ് ഇത് കണക്കാക്കിയത്.
യുകെ ബയോബാങ്കിലെ അരലക്ഷം ആളുകളുടെ ആരോഗ്യ വിവരങ്ങൾ വിശകലനം ചെയ്തപ്പോൾ, ഉറക്കത്തിന്റെ കാര്യത്തിൽ ഒരു ‘U’ ആകൃതിയിലുള്ള മാറ്റമാണ് ഗവേഷകർ കണ്ടത്. അതായത്, ആറ് മണിക്കൂറിൽ കുറഞ്ഞ ഉറക്കവും എട്ട് മണിക്കൂറിൽ കൂടുതൽ ഉറക്കവും ഒരുപോലെ വേഗത്തിലുള്ള വാർധക്യത്തിന് കാരണമാകുന്നു. ഇതിൽ ഏറ്റവും ആരോഗ്യകരമായ സമയം ഏഴ് മണിക്കൂറാണ്. ഉറക്കം കുറയുന്നത് വിഷാദം, ഉത്കണ്ഠ, അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ കുറഞ്ഞ ഉറക്കവും കൂടിയ ഉറക്കവും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും ആസിഡ് റിഫ്ലക്സ് പോലുള്ള ദഹനപ്രശ്നങ്ങൾക്കും കാരണമായേക്കാം.
മുതിർന്നവരിലെ വിഷാദരോഗത്തെക്കുറിച്ചും പഠനം പ്രതിപാദിക്കുന്നുണ്ട്. കുറഞ്ഞ ഉറക്കം നേരിട്ട് വിഷാദത്തിന് കാരണമാകുമ്പോൾ, അമിത ഉറക്കം തലച്ചോറിലെ മാറ്റങ്ങളിലൂടെയും ശരീരത്തിലെ കൊഴുപ്പിലൂടെയുമാണ് മാനസികാരോഗ്യത്തെ ബാധിക്കുന്നത്. അതിനാൽ തന്നെ കുറഞ്ഞ ഉറക്കമുള്ളവർക്കും കൂടുതൽ ഉറങ്ങുന്നവർക്കും വ്യത്യസ്തമായ പരിചരണമാണ് വേണ്ടതെന്ന് വെന്നി അഭിപ്രായപ്പെടുന്നു. ഉറക്കം മാത്രമാണ് വാർധക്യത്തിന് പിന്നിലെ ഏക കാരണമെന്ന് ഈ പഠനം ഉറപ്പിച്ചു പറയുന്നില്ലെങ്കിലും, പ്രായമാകുമ്പോൾ ആരോഗ്യം സംരക്ഷിക്കുന്നതിന് ഉറക്ക ശീലങ്ങൾ മാറ്റുന്നത് വലിയ ഗുണം ചെയ്യുമെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.




