കുത്തിവയ്ക്കുാന് സിറിഞ്ചുമായി ഡോക്ടറോ നേഴ്സോ വരുന്നതുകണ്ടാല്‍ അപ്പോള്‍ കരച്ചില് തുടങ്ങും സാധാരണ കുട്ടികള്‍. അതുകൊണ്ടുതന്നെ കുട്ടികളെ കുത്തിവയ്ക്കല്‍ എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനായി പല പൊടിക്കൈകളും പ്രയോഗിക്കാറുണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍. എന്നാല്‍ ഇഞ്ചക്ഷൻ എടുക്കുമ്പോൾ ഒട്ടും പേടിക്കാതെ ശാന്തയായിരുന്ന ഒരു കൊച്ചുകുട്ടിയുടെ ഹൃദ്യമായ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ദശലക്ഷക്കണക്കിന് ആളുകളുടെ മനസ്സു കീഴടക്കുകയാണ്. മുതിർന്നവർ പോലും കുത്തിവെപ്പിനെ പേടിക്കുമ്പോൾ, മിഷിക രഘുവംശി എന്ന ഈ കൊച്ചു പെൺകുട്ടി ഒട്ടും ഭയമില്ലാതെയാണ് ഇതിനെ നേരിട്ടത്.
മിഷിക തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോയാണ് വൈറലായത്. ആരോഗ്യപ്രവർത്തകർ ഇഞ്ചക്ഷൻ തയ്യാറാക്കുമ്പോൾ അവൾ ശാന്തയായി ഇരിക്കുന്നതും, ഒട്ടും പേടിയോ കരച്ചിലോ ഇല്ലാതെ ആ പ്രക്രിയ മുഴുവൻ നോക്കിനിൽക്കുന്നതും വീഡിയോയിൽ കാണാം. കുട്ടിയുടെ ഈ ധീരമായ നിലപാടിനെ പ്രശംസിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്.
“അവൾക്ക് മാസ്സ് ലുക്കിന്റെ (Aura) ആവശ്യമില്ല, ആ ലുക്ക് അവളിൽ നിന്നാണ് ഉണ്ടായത്”, “വേദന താൽക്കാലികമാണ്, പക്ഷേ ഗാംഭീര്യം ശാശ്വതമാണ്” എന്നിങ്ങനെ പോകുന്നു ആളുകളുടെ കമന്റുകൾ. സോഷ്യൽ മീഡിയയിൽ സാധാരണ കാണാറുള്ള നെഗറ്റീവ് വാർത്തകൾക്കിടയിൽ, ഇത്തരം കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ ദൃശ്യങ്ങൾ ആളുകൾക്ക് വലിയ സന്തോഷവും പ്രചോദനവുമാണ് നൽകുന്നത്.




