Featured Oddly News

‘രാവിലെ പല്ല് വെക്കൂ, ഉച്ചയ്ക്ക് ഇറച്ചി കഴിക്കൂ’; ചികിത്സ തേടിയ വൃദ്ധന്റെ 12 പല്ലുകളും പറിച്ച് ബാങ്ക് അക്കൗണ്ടും കാലിയാക്കി ദന്താശുപത്രി!

പല്ലുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ 63 വയസ്സുകാരന്റെ വായിലുണ്ടായിരുന്ന പല്ലുകളെല്ലാം പിഴുതെടുക്കുകയും അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് കാലിയാക്കുകയും ചെയ്ത ഡെന്റൽ ക്ലിനിക്കിനെതിരെ നടപടിയെടുത്ത് അധികൃതർ .

ചൈനയിലെ ഷാൻസി പ്രവിശ്യയിലെ ബയോജി സ്വദേശിയായ ലി എന്ന് പേരുള്ള വയോധികനാണ് കഴിഞ്ഞ സെപ്റ്റംബറിൽ പല്ലുവേദനയ്ക്ക് ചികിത്സ തേടി ‘ദാതുവാൻയുവാൻ ഡെന്റൽ ക്ലിനിക്ക്’ സന്ദർശിച്ചത്. “രാവിലെ പല്ല് വെക്കൂ, ഉച്ചയ്ക്ക് ഇറച്ചി കഴിക്കൂ”, “പൂർണ്ണമായ പല്ലുകൾ സ്വന്തമാക്കൂ, നൂറ് വയസ്സ് വരെ ജീവിക്കൂ” തുടങ്ങിയ ക്ലിനിക്കിന്റെ ആകർഷകമായ പരസ്യങ്ങളിൽ വീണാണ് അദ്ദേഹം അവിടെയെത്തിയത്.

ക്ലിനിക്കില്‍നിന്ന് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവരാൻ വണ്ടി അയക്കുകയും സൗജന്യ പരിശോധന വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാൽ പരിശോധനയ്ക്കിടയിൽ ക്ലിനിക്കിലെ ജീവനക്കാർ അദ്ദേഹത്തിന്റെ 12 പല്ലുകൾ പിഴുതെടുക്കുകയും പകരം 10 ഇംപ്ലാന്റുകൾ ഘടിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും ഡിജിറ്റൽ വാലറ്റുകളിൽ നിന്നും ഏകദേശം 2.6 ലക്ഷം രൂപയോളം ക്ലിനിക്കുകാർ തട്ടിയെടുക്കുകയായിരുന്നു. ഇത് കൂടാതെ 87,000 രൂപയുടെ മറ്റൊരു ബില്ലും അദ്ദേഹത്തിന്റെ പേരിൽ ബാക്കിവെച്ചു. “എന്റെ മകൻ എന്നെ വന്ന് കാണുമ്പോൾ എന്റെ വായ നിറയെ ചോരയായിരുന്നു, നാട്ടിലേക്ക് ബസ് കയറിപ്പോകാൻ വെറും 420 രൂപ മാത്രമാണ് എന്റെ കൈയിൽ ബാക്കിയുണ്ടായിരുന്നത്,” ലി മാധ്യമങ്ങളോട് പറഞ്ഞു.

ഹൃദ്രോഗം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉള്ളയാളായിരുന്നു ലി എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ഹൃദയത്തിൽ നാല് സ്റ്റെന്റുകൾ ഇട്ട വ്യക്തി കൂടിയായിരുന്നു അദ്ദേഹം. ഇത്തരം ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരിൽ പല്ല് പിഴുതെടുക്കുന്നതിന് മുൻപ് കടുത്ത ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും, പലപ്പോഴും ഇങ്ങനെയുള്ളവർക്ക് പെട്ടെന്ന് പല്ല് വെച്ചുപിടിപ്പിക്കാൻ (dental implant) പാടില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. പ്രമേഹ രോഗികളിൽ രോഗം പൂർണ്ണമായി നിയന്ത്രണവിധേയമായ ശേഷം മാത്രമേ ഇത്തരം ചികിത്സകൾ ചെയ്യാവൂ. ഒന്നിലധികം പല്ലുകൾ ഒന്നിച്ച് വെച്ചുപിടിപ്പിക്കുന്നത് വലിയ ആരോഗ്യപരമായ അപകടങ്ങൾക്ക് കാരണമാകും. മുൻപ് മറ്റൊരു സംഭവത്തിൽ, ഒന്നിച്ച് 23 പല്ലുകൾ പിഴുതുമാറ്റി 12 ഇംപ്ലാന്റുകൾ ഘടിപ്പിച്ച ഒരു ചൈനീസ് സ്വദേശി 13 ദിവസങ്ങൾക്ക് ശേഷം മരണപ്പെട്ടിരുന്നു.

ചികിത്സയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ലിയുടെ കുടുംബം പ്രാദേശിക ആരോഗ്യ അധികൃതർക്ക് മൂന്ന് പരാതികൾ നൽകിയിട്ടുണ്ട്. ചികിത്സാ രേഖകൾ അപൂർണ്ണമായിരുന്നുവെന്നും, പോരായ്മകൾ ചൂണ്ടിക്കാണിക്കുമ്പോഴൊക്കെ ക്ലിനിക്കുകാർ പുതിയ രേഖകൾ ഉണ്ടാക്കി കൊണ്ടുവന്നിരുന്നതായും ലിയുടെ മകൻ ആരോപിച്ചു. രേഖകൾ വ്യാജമായി ചമച്ചതാണെന്ന് കുടുംബം സംശയിക്കുന്നു. കൂടാതെ ലിയുടെ മെഡിക്കൽ റെക്കോർഡിൽ പുരുഷനായ അദ്ദേഹത്തിന്റെ ലിംഗപദവി ‘സ്ത്രീ’ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഹൃദ്രോഗവുമായി ബന്ധപ്പെട്ട മുൻകൂർ പരിശോധനാ രേഖകൾ ചികിത്സ കഴിഞ്ഞ് ആറ് മാസങ്ങൾക്ക് ശേഷമാണ് ക്ലിനിക്ക് നൽകിയത്. സംഭവത്തെ തുടർന്ന് ലിയുടെ പണം തിരികെ നൽകാൻ അധികൃതർ ക്ലിനിക്കിനോട് ഉത്തരവിടുകയും, അന്വേഷണവിധേയമായി ക്ലിനിക്കിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെപ്പിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *