7വാഷിങ്ടൺ: കാനഡയിൽ ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയ കേസിലടക്കം കുപ്രസിദ്ധ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയിക്കും സംഘത്തിനുമെതിരെ യു.എസ് നീതിന്യായ വകുപ്പ് കുറ്റം ചുമത്തി. കലിഫോർണിയയിലെ സെൻട്രൽ ഡിസ്ട്രിക്റ്റ് ഫെഡറൽ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ബിഷ്‌ണോയിയെയും അദ്ദേഹത്തിന്റെ പ്രധാന കൂട്ടാളിയായ ഗോൾഡി ബ്രാർ എന്ന സതീന്ദർജീത് സിങ്ങിനെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിജ്ജാറിനെ വധിക്കാൻ കൃത്യമായ ഉത്തരവ് നൽകിയത് ജയിലിൽ കഴിയുന്ന ബിഷ്‌ണോയി ആണെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു.
കനേഡിയൻ പൗരനായ നിജ്ജാർ 2023 ജൂൺ 18-നാണ് ബ്രിട്ടീഷ് കൊളംബിയയിലെ ഒരു ഗുരുദ്വാരയ്ക്ക് സമീപം വെടിയേറ്റു മരിക്കുന്നത്. നിലവിൽ ഗുജറാത്തിലെ അഹമ്മദാബാദിലുള്ള സബർമതി സെൻട്രൽ ജയിലിലെ അതിസുരക്ഷാ സെല്ലിലാണ് ബിഷ്‌ണോയി ഉള്ളത്. 2015 മുതൽ ഇന്ത്യയിലെ വിവിധ ജയിലുകളിലായി ഇയാൾ തടവിൽ കഴിഞ്ഞുവരികയാണ്.
അതേസമയം, ബിഷ്‌ണോയിയുടെ പ്രധാന സഹായിയായ ഗോൾഡി ബ്രാർ ഇപ്പോഴും ഒളിവിലാണ്. ഇയാളെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നവർക്ക് എഫ്.ബി.ഐ (FBI) 50,000 ഡോളർ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ ഈ മാസം ആദ്യം യു.എസ് കോടതി ബ്രാറിനെതിരെ അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിരുന്നു.
ആസൂത്രിത കൊലപാതകങ്ങൾ, ഭീഷണിപ്പെടുത്തി പണം തട്ടൽ, അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത് എന്നിവയുൾപ്പെടെയുള്ള അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളിലാണ് 33 കാരനായ ബിഷ്‌ണോയിയെയും അദ്ദേഹത്തിന്റെ ആറ് കൂട്ടാളികളെയും യു.എസ് പ്രതിചേർത്തിരിക്കുന്നത്.
ഈ ആഴ്ച യു.എസ് കോടതി പരസ്യപ്പെടുത്തിയ കുറ്റപത്രത്തിലെ വിവരങ്ങൾ പ്രകാരം, നിജ്ജാറിന്റെ കൊലപാതകമാണ് ബിഷ്‌ണോയി സംഘം വിദേശത്ത് നടത്തിയ ഏറ്റവും വലിയ കുറ്റകൃത്യം. ഔദ്യോഗിക രേഖകളിൽ ‘ബിഷ്‌ണോയി ഓർഗനൈസ്ഡ് ക്രിമിനൽ ഗ്രൂപ്പ്’ എന്ന് വിളിക്കുന്ന ഈ സംഘം തന്നെയാണ് ബോളിവുഡ് താരം സൽമാൻ ഖാന്റെ വീടിന് നേരെ വെടിയുതിർത്തതിനും, പഞ്ചാബി നടനും ഗായകനുമായ ഗിപ്പി ഗ്രെവാളിനെ വധിക്കാൻ ഭീഷണിപ്പെടുത്തിയതിനും പിന്നിൽ. പ്രശസ്ത പഞ്ചാബി ഗായകൻ സിദ്ദു മൂസേവാലയെ കൊലപ്പെടുത്തിയതിന് പിന്നിലെ പ്രധാന സൂത്രധാരന്മാരും ഇവർ തന്നെയാണ്.
ഇന്ത്യയിലും വിദേശത്തുമുള്ള വലിയ രാഷ്ട്രീയ നേതാക്കൾ, പ്രമുഖ ബിസിനസുകാർ, സാംസ്കാരിക രംഗത്തെ വ്യക്തിത്വങ്ങൾ എന്നിവരെ ലക്ഷ്യമിട്ടാണ് ബിഷ്‌ണോയി സംഘവും അവരുടെ കൂട്ടാളികളും നിരന്തരമായി അക്രമങ്ങൾ അഴിച്ചുവിട്ടിരുന്നതെന്ന് യു.എസ് കുറ്റപത്രത്തിൽ കൃത്യമായി ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ബിഷ്‌ണോയിയുടെ സംഘം കാലക്രമേണ ഒരു വലിയ ‘രാജ്യാന്തര ക്രിമിനൽ സിൻഡിക്കേറ്റ്’ ആയി മാറിയെന്നാണ് യു.എസ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. നിലവിൽ യു.എസ്, കാനഡ, യുകെ, യൂറോപ്പ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇവരുടെ ക്രിമിനൽ ശൃംഖല വ്യാപിച്ചുകിടക്കുന്നു. ജയിലിനുള്ളിലേക്ക് രഹസ്യമായി കടത്തിയ മൊബൈൽ ഫോണുകളും ഇന്റർനെറ്റ് കോളിങ് (VOIP) സംവിധാനങ്ങളും ഉപയോഗിച്ചാണ് ബിഷ്‌ണോയി ജയിൽ കിടന്നുകൊണ്ട് തന്നെ ലോകമെമ്പാടുമുള്ള തന്റെ ഗുണ്ടാസംഘത്തെ നിയന്ത്രിച്ചിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.




