ചൈനയിലെ ഷാൻക്സി പ്രവിശ്യയിൽ മാർച്ച് 21-ന് നടന്ന ഒരു പൊതുപ്രദർശനത്തിനിടെ നൃത്തം ചെയ്തുകൊണ്ടിരുന്ന ഹ്യൂമനോയിഡ് റോബോട്ട് ഒരു കൊച്ചുബാലന്റെ മുഖത്തടിച്ചു. ഈ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. നിശ്ചിത അതിർത്തിക്കുള്ളിൽ കറങ്ങിയും ചുവടുകൾ വെച്ചും നൃത്തം ചെയ്യുകയായിരുന്ന റോബോട്ടിന്റെ കൈകൾ അരികിൽ നിന്നിരുന്ന കുട്ടിയുടെ മുഖത്ത് അപ്രതീക്ഷിതമായി വന്ന് ഇടിക്കുകയായിരുന്നു. ഉടൻ തന്നെ സംഘാടകർ റോബോട്ടിനെ അവിടെനിന്നും മാറ്റി.
യൂണിട്രീ റോബോട്ടിക്സ് എന്ന ചൈനീസ് കമ്പനി നിർമ്മിച്ച ‘ജി1’ എന്ന മോഡൽ റോബോട്ടാണ് അപകടമുണ്ടാക്കിയത്. ഏകദേശം 35 കിലോ ഭാരവും 11 ലക്ഷത്തിലധികം രൂപ വിലയുമുള്ള ഈ റോബോട്ട് ഗവേഷണങ്ങൾക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്കുമായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. റോബോട്ടിന്റെ അടിയേറ്റാൽ അത് കഠിനമായ വേദനയുണ്ടാക്കുമെന്നും മെറ്റൽ കൊണ്ട് നിർമ്മിച്ച ഇത്തരം യന്ത്രങ്ങൾ പൊതുസ്ഥലങ്ങളിൽ ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത വേണമെന്നും വീഡിയോ കണ്ട പലരും പ്രതികരിച്ചു.
യൂണിട്രീ കമ്പനിയുടെ റോബോട്ടുകൾ മുൻപും ഇത്തരത്തിൽ അപകടങ്ങൾ വരുത്തിയിട്ടുണ്ട്. ഈ വർഷം ആദ്യം ഒരു റോബോട്ട് അതിന്റെ പരിശീലകനെ തന്നെ ചവിട്ടിയിരുന്നു. കൂടാതെ, മക്കാവുവിൽ ഒരു വൃദ്ധയെ ഭയപ്പെടുത്തിയതിനെത്തുടർന്ന് മറ്റൊരു റോബോട്ടിനെ പോലീസ് കസ്റ്റഡിയിലെടുക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്. ഇത്തരം യന്ത്രമനുഷ്യരെ ജനക്കൂട്ടത്തിനിടയിൽ ഇറക്കുന്നതിന് മുൻപ് കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ടെന്ന് ഈ സംഭവങ്ങൾ ഓർമ്മിപ്പിക്കുന്നു.




