Featured Travel

വിശ്വാസത്തിന്റെ ശക്തി! വീടുകളിൽ മനുഷ്യര്‍ക്കൊപ്പം പാമ്പുകളും താമസം; ഇന്ത്യയിലെ ആ ‘പാമ്പ് ഗ്രാമം’! ദൈവതുല്യരായി നാഗങ്ങള്‍

മഹാരാഷ്ട്രയിലെ ഈ ഗ്രാമത്തിൽ മനുഷ്യര്‍ മൂർഖൻ പാമ്പുകൾക്കൊപ്പം ജീവിക്കുന്നത് ഒരു അത്ഭുതമല്ല, മറിച്ച് വിശ്വാസങ്ങളിലും പാരമ്പര്യങ്ങളിലും അധിഷ്ഠിതമായ അവരുടെ ജീവിതരീതിയുടെ ഭാഗമാണ്.

സാധാരണയായി ഒരു പാമ്പിനെ കണ്ടാൽ പെട്ടെന്ന് തന്നെ അവിടെനിന്ന് മാറിനിൽക്കാനും സുരക്ഷിതമായിരിക്കാനുമാണ് എല്ലാവരും ശ്രമിക്കുന്നത്. എന്നാൽ പാമ്പുകളെ തെല്ലുപോലും ഭയമില്ലാതെ മനുഷ്യര്‍ ജീവിക്കാത്ത ഒരു ഗ്രാമമുണ്ട് മഹാരാഷ്ട്രയിൽ. അവിടെ പാമ്പുകളുടെ സാന്നിധ്യം ആളുകളിൽ പരിഭ്രാന്തിയോ പേടിയോ ഉണ്ടാക്കാറില്ല. തലമുറകളായി കൈമാറി വന്ന പ്രാദേശിക വിശ്വാസങ്ങളും ആചാരങ്ങളും കാരണം, പേടിപ്പെടുത്തുന്ന ഒന്നല്ല, മറിച്ച് തങ്ങളുടെ ജീവിതത്തിന്റെ തന്നെ ഭാഗമാണ് പാമ്പുകൾ എന്ന് ഈ ഗ്രാമവാസികൾ വിശ്വസിക്കുന്നു. ഈ അപൂർവ്വമായ സഹവർത്തിത്വം ആ ഗ്രാമത്തിന്റെ അടയാളമായി മാറുകയും, പാരമ്പര്യത്തിൽ ഊന്നിയ അവരുടെ ജീവിതരീതി ലോകശ്രദ്ധ ആകർഷിക്കുകയും ചെയ്തു.

മഹാരാഷ്ട്രയിലെ സോളാപൂർ ജില്ലയിലുള്ള ‘ഷെത്ഫൽ’ (Shetphal) എന്ന ഗ്രാമമാണ് ഇന്ത്യയിലെ പാമ്പുകളുടെ ഗ്രാമം എന്ന് അറിയപ്പെടുന്നത്. മനുഷ്യരും പാമ്പുകളും, പ്രത്യേകിച്ച് മൂർഖൻ പാമ്പുകളും തമ്മിലുള്ള സമാധാനപരമായ സഹവർത്തിത്വത്തിന് പേരുകേട്ടതാണ് ഈ സ്ഥലം. ഇവിടുത്തെ വീടുകളിൽ പാമ്പുകൾക്ക് വിശ്രമിക്കാനായി പ്രത്യേക സ്ഥലങ്ങൾ തന്നെയുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇവിടുള്ളവർ പാമ്പുകളെ പേടിയോടെയല്ല, മറിച്ച് ആദരവോടെയാണ് കാണുന്നത്.

നാഗപഞ്ചമി പോലുള്ള ഉത്സവങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ പലയിടത്തും നാഗാരാധന നിലനിൽക്കുന്നുണ്ടെങ്കിലും, ഷെത്ഫലിൽ ഇത് കേവലം ഉത്സവങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല, അവരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. മൂർഖൻ പാമ്പുകളെ വിശുദ്ധമായി കരുതുക, വീടുകളിൽ അവയ്ക്കായി പ്രത്യേക ഇടം മാറ്റിവെക്കുക, ഹിന്ദു പാരമ്പര്യവുമായി ബന്ധപ്പെട്ട നാഗാരാധനയെ നടത്തുക എന്നിവയെല്ലാം ഈ ഗ്രാമത്തിന്റെ പ്രത്യേകതകളാണ്. പരസ്പരമുള്ള ഈ ഒത്തുപോക്ക് കാരണം പാമ്പുകൾ തങ്ങളെ ഉപദ്രവിക്കില്ലെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം.

മറ്റു നഗരങ്ങളിൽ പാമ്പുകളെ കാണുമ്പോൾ ഉണ്ടാകുന്ന പരിഭ്രാന്തിയൊന്നും ഇവിടെ കാണാനില്ല. പാമ്പുകൾ വീടുകൾക്കുള്ളിലും പരിസരങ്ങളിലും സ്വതന്ത്രമായി വിഹരിക്കുന്ന കാഴ്ചകൾ കാണാൻ നിരവധി സഞ്ചാരികൾ ഇങ്ങോട്ട് വരാറുണ്ട്. എന്നാൽ സന്ദർശകർ ഇതൊരു വിനോദമായി കാണാതെ തികച്ചും ബഹുമാനത്തോടെ വേണം ഈ ഗ്രാമത്തെ സമീപിക്കാൻ. പാമ്പുകളെ തൊടാനോ ശല്യം ചെയ്യാനോ ശ്രമിക്കരുത്, നാട്ടുകാരുടെ നിർദ്ദേശങ്ങൾ പാലിക്കുക, അവരുടെ സ്വകാര്യതയെയും ആചാരങ്ങളെയും മാനിക്കുക എന്നിവ പ്രധാനമാണ്. സാഹസികതയ്ക്ക് ഉപരിയായി ഒരു വ്യത്യസ്തമായ സംസ്കാരത്തെ മനസ്സിലാക്കുക എന്നതായിരിക്കണം ഇവിടേക്കുള്ള യാത്രയുടെ ലക്ഷ്യം.

ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ് ഷെത്ഫൽ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. ഈ സമയത്ത് ഇവിടുത്തെ കാലാവസ്ഥ സുഖകരമായിരിക്കും. വേനൽക്കാലത്ത് കടുത്ത ചൂടാണ് അനുഭവപ്പെടാറുള്ളത്. ഇവിടേക്ക് വരുന്നവർക്ക് സോളാപൂർ ജില്ലയിലെ സിദ്ധേശ്വർ ക്ഷേത്രം, സോളാപൂർ കോട്ട, ചുറ്റുമുള്ള ഗ്രാമീണ കാഴ്ചകൾ എന്നിവയും കണ്ടു മടങ്ങാം. പുണെയാണ് ഇതിനടുത്തുള്ള പ്രധാന വിമാനത്താവളം. തീവണ്ടി മാർഗ്ഗം വരുന്നവർക്ക് സോളാപൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങാം. അവിടെ നിന്നും റോഡ് മാർഗ്ഗം എളുപ്പത്തിൽ ഷെത്ഫലിൽ എത്തിച്ചേരാവുന്നതാണ്.
തലമുറകളായി കൈമാറിവന്ന വിശ്വാസങ്ങൾ എങ്ങനെ ഒരു നാടിന്റെ സ്വഭാവത്തെ രൂപപ്പെടുത്തുന്നു എന്നതിന്റെ മികച്ച ഉദാഹരണമാണ് ഷെത്ഫൽ. അപൂർവ്വമായ ഈ സാംസ്കാരിക രീതി നേരിട്ടറിയാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾക്ക് ഇതൊരു മികച്ച അനുഭവമായിരിക്കും.