ബോസ്റ്റൺ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയും ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP) എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ തരംഗമായ ആക്ഷേപഹാസ്യ കൂട്ടായ്മയുടെ സ്ഥാപകനുമായ അഭിജീത് ദിപ്കെയുടെ രാഷ്ട്രീയ ഇടപെടലുകളിൽ ആശങ്ക പ്രകടിപ്പിച്ച് മാതാപിതാക്കൾ രംഗത്ത്. രാഷ്ട്രീയവും തൊഴിലില്ലായ്മയും പരിഹസിച്ച് തുടങ്ങിയ ഈ ഓൺലൈൻ കൂട്ടായ്മക്ക് വലിയ ജനപ്രീതിയാണ് ലഭിക്കുന്നത്. എന്നാൽ, മകന്റെ രാഷ്ട്രീയ നിലപാട് കാരണം അവൻ നിയമനടപടികളോ അറസ്റ്റോ നേരിടേണ്ടി വരുമോ എന്ന ഭയത്തിലാണ് തങ്ങളെന്ന് മാതാപിതാക്കൾ തുറന്നുപറഞ്ഞു.
ആം ആദ്മി പാർട്ടിയുടെ മുൻ പ്രവർത്തകൻ കൂടിയായ അഭിജീത് ദിവസങ്ങൾക്ക് മുൻപാണ് ഈ ഡിജിറ്റൽ കാമ്പയിൻ ആരംഭിച്ചത്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഇതിന്റെ ഇൻസ്റ്റാഗ്രാം പേജ് 19 ദശലക്ഷത്തിലധികം (1.9 കോടി) ഫോളോവേഴ്സിനെ സ്വന്തമാക്കി. ഛത്രപതി സംഭാജിനഗറിൽ നിന്നുള്ള മാതാപിതാക്കളായ ഭഗവാൻ ദിപ്കെയും അനിത ദിപ്കെയും ഒരു മറാത്തി വാർത്താ ചാനലിനോട് സംസാരിക്കവെയാണ് മകന്റെ പെട്ടെന്നുള്ള പ്രശസ്തിയിലും രാഷ്ട്രീയ നിലപാടുകളിലും ഉള്ള ആശങ്ക പങ്കുവെച്ചത്.
ഇന്നത്തെ രാഷ്ട്രീയ സാഹചര്യം കാണുമ്പോൾ എത്ര ഫോളോവേഴ്സ് ഉണ്ടായാലും പേടി തോന്നുന്നത് സ്വാഭാവികമാണെന്നും, ഇന്ത്യയിലേക്ക് മടങ്ങിയെത്തിയാൽ താൻ അറസ്റ്റിലായേക്കാമെന്ന് ഒരു അഭിമുഖത്തിൽ മകൻ തന്നെ ഭയം പ്രകടിപ്പിച്ചിട്ടുണ്ടെന്നും പിതാവ് ഭഗവാൻ ദിപ്കെ പറഞ്ഞു. മകൻ രാഷ്ട്രീയം ഉപേക്ഷിച്ച് സുരക്ഷിതമായ ഒരു ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും, അവനെ സുരക്ഷിതമായി വീട്ടിൽ തിരിച്ചുകിട്ടിയാൽ മതിയെന്നും അമ്മ അനിത വ്യക്തമാക്കി.
തുടക്കത്തിൽ എഞ്ചിനീയറിംഗ് പഠിക്കാൻ ശ്രമിച്ച അഭിജീത്, അത് ബുദ്ധിമുട്ടായതിനെ തുടർന്നാണ് ജേണലിസത്തിലേക്കും മാസ് മീഡിയയിലേക്കും തിരിഞ്ഞത്. തുടർന്ന് ജേണലിസം ഉപരിപഠനത്തിനായി അവൻ വിദേശത്തേക്ക് പോവുകയായിരുന്നു. പൂനെയിലോ ഡൽഹിയിലോ ഏതെങ്കിലും സാധാരണ ജോലി നോക്കാനാണ് തങ്ങൾ എപ്പോഴും അവനോട് ആവശ്യപ്പെട്ടിരുന്നതെന്ന് മാതാപിതാക്കൾ പറയുന്നു.
ബന്ധുക്കളിൽ നിന്നും അയൽക്കാരിൽ നിന്നുമാണ് മാതാപിതാക്കൾ ഈ ‘കോക്രോച്ച് ജനതാ പാർട്ടി’യെക്കുറിച്ച് ആദ്യമായി അറിയുന്നത്. രാജ്യത്തെ പല പ്രമുഖരെക്കാളും കൂടുതൽ ഫോളോവേഴ്സ് മകനുണ്ടെന്ന് കൊച്ചുമക്കളാണ് തങ്ങളോട് പറഞ്ഞതെന്ന് അനിത വ്യക്തമാക്കി. മകന്റെ പെട്ടെന്നുള്ള പ്രശസ്തി കാരണം കഴിഞ്ഞ രണ്ട് രാത്രികളായി തനിക്ക് ഉറങ്ങാൻ കഴിഞ്ഞിട്ടില്ലെന്നും രാഷ്ട്രീയം തനിക്ക് വെറുപ്പാണെന്നും ഭഗവാൻ ദിപ്കെ കൂട്ടിച്ചേർത്തു.
വ്യാജ ബിരുദങ്ങളുമായി നിയമരംഗത്തേക്ക് കടന്നുവരുന്നവരെ വിമർശിക്കുന്നതിനിടയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ ചില പരാമർശങ്ങളെ തുടർന്നാണ് ‘കോക്രോച്ച് ജനതാ പാർട്ടി’ എന്ന ആശയം അഭിജീതിന് ലഭിക്കുന്നത്. എന്നാൽ തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും വ്യാജ ബിരുദക്കാരെ മാത്രമാണ് താൻ ഉദ്ദേശിച്ചതെന്നും ചീഫ് ജസ്റ്റിസ് പിന്നീട് വ്യക്തമാക്കിയിരുന്നു. എങ്കിലും, ഈ കൂട്ടായ്മ പ്രതീകമായി ‘പാറ്റ’യെ (Cockroach) ഉപയോഗിച്ച് മീമുകളിലൂടെയും ആക്ഷേപഹാസ്യ പോസ്റ്റുകളിലൂടെയും വേഗത്തിൽ പ്രചരിച്ചു.
തൊഴിലില്ലായ്മ, വിദ്യാഭ്യാസം, പരീക്ഷാ പേപ്പർ ചോർച്ച തുടങ്ങിയ യുവാക്കളെ ബാധിക്കുന്ന പ്രശ്നങ്ങളാണ് ഇതിൽ പ്രധാനമായും ചർച്ച ചെയ്യുന്നത്. നിയമപരമായ ആവശ്യങ്ങളെ തുടർന്ന് ഇതിന്റെ എക്സ് (ട്വിറ്റർ) അക്കൗണ്ട് ഇന്ത്യയിൽ തടഞ്ഞുവെച്ചെങ്കിലും, തൊട്ടുപിന്നാലെ ‘കോക്രോച്ച് ഈസ് ബാക്ക്’ എന്ന പേരിൽ പുതിയ അക്കൗണ്ട് തുടങ്ങി ഇവർ പ്രവർത്തനം തുടരുകയാണ്




