Featured Sports

ഗോദയിലേക്ക് തിരിച്ചു വരാന്‍ വിനേഷ് ഫോഗത്, 2028 ഒളിമ്പിക്‌സ് മെഡല്‍ ലക്ഷ്യം

ചണ്ഡീഗഡ്: വനിതാ ഗുസ്തി താരം വിനേഷ് ഫോഗത് വിരമിക്കല്‍ തീരുമാനം പിന്‍വലിക്കുന്നു. ഇന്നലെയാണു താരം സാമൂഹിക മാധ്യമങ്ങളിലൂടെ ഗോദയിലേക്കു മടങ്ങി വരികയാണെന്നു പ്രഖ്യാപിച്ചത്. 2028 ലെ ലൊസാഞ്ചലസ് ഒളിമ്പിക്‌സില്‍ മെഡല്‍ നേടുകയാണു തന്റെ ലക്ഷ്യമെന്നും വിനേഷ് വ്യക്തമാക്കി.

ഏഷ്യന്‍ ഗെയിംസുകളിലും കോമണ്‍വെല്‍ത്ത് ഗെയിംസുകളിലും സ്വര്‍ണ മെഡലുകള്‍ നേടിയ താരമാണ്. മൂന്നു വട്ടം ഒളിമ്പിക്‌സില്‍ ഗുസ്തി പിടിച്ചു. 2019 ലും 2022 ലും ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടി. 2018 ലെ ഏഷ്യന്‍ ഗെയിംസിലാണു സ്വര്‍ണം നേടിയത്. നിലവില്‍ ഹരിയാനയിലെ ജൂലാന മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണു കോണ്‍ഗ്രസ് പ്രവര്‍ത്തകയായ വിനേഷ്. പാരീസ് ഒളിമ്പിക്‌സില്‍ വിനേഷിനെ ഭാര വിവാദത്തെത്തുടര്‍ന്ന് അയോഗ്യയാക്കിയിരുന്നു.

അയോഗ്യതയ്‌ക്കെതിരേ രാജ്യാന്തര കായിക തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നാലെ വിരമിക്കല്‍ പ്രഖ്യാപനവുമുണ്ടായി. ”പാരിസ് അവസാനമാണോയെന്ന് ആളുകള്‍ ചോദിച്ചു കൊണ്ടിരിക്കുകയാണ്. കുറേക്കാലം ഉത്തരമില്ലായിരുന്നു. ഗോദയില്‍നിന്ന് അകന്നു നില്‍ക്കണമായിരുന്നു. സമ്മര്‍ദം, പ്രതീക്ഷകള്‍, സ്വന്തം ആഗ്രഹങ്ങള്‍ എല്ലാം മാറ്റിവയ്ക്കണമായിരുന്നു.
ഇപ്പോഴും ഗുസ്തിയെ സ്‌നേഹിക്കുന്നുണ്ടെന്ന സത്യം ഒടുവില്‍ കണ്ടെത്തി. ” വിനേഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. എത്ര ദൂരേക്കു പോയാലും എന്റെ ഒരു ഭാഗം ഇപ്പോഴും ഗുസ്തി മാറ്റില്‍ തന്നെയുണ്ട്. കീഴടങ്ങാനാകാത്ത മനസുമായി ലൊസാഞ്ചലസ് ഒളിമ്പിക്‌സിനു വേണ്ടി തയാറെടുക്കുകയാണ്. ഈ സമയത്ത് യാത്ര ഒറ്റയ്ക്കല്ല. പ്രചോദനമായി ഒപ്പം മകനുമുണ്ട് – വിനേഷ് തുടര്‍ന്നു.

വിനേഷിനും ഭര്‍ത്താവ് സോംവീര്‍ രാതിക്കും ജൂലൈയില്‍ ആണ്‍കുഞ്ഞ് പിറന്നിരുന്നു. പാരിസ് ഒളിമ്പ്ക്‌സില്‍ ഫൈനലിനു തൊട്ടുമുന്‍പാണ് വിനേഷ് ഫോഗതിനെ അയോഗ്യയാക്കിയത്.
ശരീര ഭാരം 100 ഗ്രാം കൂടിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണു താരത്തിനെതിരായ നടപടി. അയോഗ്യയായതോടെ വിനേഷിന് മെഡലും ലഭിച്ചില്ല. 2021 ലെ ടോക്കിയോ ഒളിമ്പിക്‌സില്‍ വിനേഷ് ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റു പുറത്തായിരുന്നു.