Crime

മൂന്നു മാസംമുമ്പ് വിവാഹം, ഒരു മാസം മുമ്പ് പിരിഞ്ഞു, ഒത്തുതീര്‍പ്പിനിടെ തര്‍ക്കം, ഭാര്യയെയും ഭാര്യാസഹോദരനെയും യുവാവ് വെട്ടിക്കൊന്നു

കുമളി: കുടുംബ കലഹത്തെത്തുടര്‍ന്ന് തേനിയില്‍ ഭര്‍ത്താവ് ഭാര്യയെയും ഭാര്യാ സഹോദരനെയും വെട്ടി ക്കൊലപ്പെടുത്തി. ചിന്നമന്നൂര്‍ സ്വദേശിനി നിഖില (25), സഹോദരന്‍ വിവേക്(33) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നിഖിലയുടെ ഭര്‍ത്താവ് ദേവാരം മുത്തയ്യന്‍ ചെട്ടിപെട്ടി സ്വദേശി പ്രദീപ്(27), ഇയാളുടെ പിതാവ് ശിവകുമാര്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തതായാണു സൂചന.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: മൂന്നു മാസം മുമ്പാണ് ചിന്നമന്നൂര്‍ സ്വദേശിനി നിഖിലയെ പ്രദീപ് വിവാഹം കഴിച്ചത്. ഇരുവരും മുത്തയ്യന്‍ ചെട്ടിപ്പെട്ടിയില്‍ പ്രദീപിന്റെ കുടുംബ വീട്ടിലായിരുന്നു താമസം. മദ്യപാനവും അടിപിടിയും തര്‍ക്കങ്ങളുമായി നടന്നിരുന്ന പ്രദീപ് നിരവധി കേസുകളിലും ഉള്‍പ്പെട്ടിരുന്നു. ഇതു കാരണം തര്‍ക്കങ്ങളെത്തുടര്‍ന്ന് ഇരുവരും ഒരു മാസം മുമ്പ് പിരിഞ്ഞു. നിഖില മാതാപിതാക്കള്‍ക്കൊപ്പം താമസിച്ച് വരികയായിരുന്നു.
ഇതിനിടെ ബന്ധുക്കള്‍ ഇടപെട്ട് ഇരുവരെയും യോജിപ്പിച്ചു. കഴിഞ്ഞയാഴ്ചയാണ് നിഖില ഭര്‍ത്താവിനൊപ്പം പോയത്. നാല് ദിവസത്തിനുള്ളില്‍ ഇവര്‍ക്കിടയില്‍ വീണ്ടും പ്രശ്‌നങ്ങളുണ്ടായി. പ്രദീപില്‍നിന്നു ക്രുരമര്‍ദനമേറ്റ നിഖില ചിന്നമന്നൂര്‍ ആശുപത്രിയില്‍ ചികിത്സ തേടി. സ്ത്രീധനം ആവശ്യപ്പെട്ട് പ്രദിപ് നിഖിലയെ മര്‍ദിക്കുന്നതായി ബോഡി താലൂക്ക് പോലീസ് സ്‌റ്റേഷനില്‍ പരാതിയും നല്‍കി.

കഴിഞ്ഞ ദിവസം ഈ പ്രശ്‌നത്തെക്കുറിച്ച് സംസാരിച്ച് ഒത്തുതീര്‍പ്പാക്കിയശേഷം, തന്റെ സാധനങ്ങള്‍ എടുക്കാന്‍ വേണ്ടി നിഖില സഹോദരന്‍ വിവേകിനെയും ബന്ധുക്കളെയും കൂട്ടി മുത്തയ്യന്‍ചെട്ടിപ്പെട്ടിയിലെ ഭര്‍ത്താവിന്റെ വീട്ടിലെത്തി. അവിടെവച്ച് ഇരു കുടുംബത്തിലെയും ബന്ധുക്കള്‍ക്കിടയില്‍ വീണ്ടും തര്‍ക്കം ഉണ്ടാവുകയും കൈയാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു. ഇതിനിടെ പ്രദീപ് കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് വിവേകിനെ തുടരെത്തുടരെ കുത്തുകയായിരുന്നു. വിവേക് സംഭവസ്ഥലത്തുവച്ച് മരിച്ചു. ഇത് കണ്ട് ബോധരഹിതയായി താഴെ വീണ നിഖിലയെ പ്രദീപ് അരിവാള്‍ ഉപയോഗിച്ച് വെട്ടുകയും കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു.

സംഭവത്തിനുശേഷം പ്രദീപും പിതാവ് ശിവകുമാറും ഒളിവില്‍ പോയി. നിഖിലയുടെയും സഹോദരന്‍ വിവേകിന്റെയും മൃതദേഹങ്ങള്‍ പോലിസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. നിഖില നിയമ വിദ്യാര്‍ഥിയായി പഠനം പൂര്‍ത്തിയാക്കിയിരുന്നു. സഹോദരന്‍ വിവേക് തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ കണ്ടക്ടറായിരുന്നു.