ഇന്ത്യയിൽ വലിയ തരംഗമായി മാറിയ ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP) എന്ന പരിഹാസ കൂട്ടായ്മ ഇപ്പോൾ അതിർത്തി കടന്ന് പാകിസ്താനിലെ രാഷ്ട്രീയ മേഖലയിലും പടർന്നിരിക്കുകയാണ്. മെയ് 16-ന് ഇന്ത്യയിൽ ആരംഭിച്ച ഈ മൂവ്മെന്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടുകളാണ് ഇപ്പോൾ പാകിസ്താനിലും പ്രത്യക്ഷപ്പെടുന്നത്.
പാകിസ്താനിൽ കോക്രോച്ച് അവാമി പാർട്ടി, കോക്രോച്ച് അവാമി ലീഗ്, മുത്താഹിദ കോക്രോച്ച് മൂവ്മെന്റ് എന്നിങ്ങനെ പല പേരുകളിലാണ് ഈ കൂട്ടായ്മകൾ അറിയപ്പെടുന്നത്. “യുവതലമുറയുടെ, യുവതലമുറയാൽ, പാകിസ്താന് വേണ്ടിയുള്ള ഒരു രാഷ്ട്രീയ മുന്നണി” എന്നാണ് കോക്രോച്ച് അവാമി പാർട്ടിയുടെ ബയോയിൽ കുറിച്ചിരിക്കുന്നത്. മറ്റൊരു പേജിന്റെ ബയോയിൽ പറയുന്നത് “സിസ്റ്റം ആരെയാണോ കറപ്പാനുകളായി (cockroaches) കണക്കാക്കിയത്, ആ ജനങ്ങളുടെ ശബ്ദമാണ് ഞങ്ങൾ” എന്നാണ്.
എത്ര അടിച്ചമർത്തിയാലും ചാവത്തതും പെട്ടെന്ന് പെറ്റുപെരുകുന്നതുമായ കറപ്പാൻ എന്ന ജീവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇന്ത്യയിൽ ഈ പരിഹാസ കൂട്ടായ്മ തുടങ്ങിയത്. ഒരാഴ്ചയ്ക്കുള്ളിൽ ലക്ഷക്കണക്കിന് ആളുകളാണ് ഇതിന്റെ ഓൺലൈൻ ഫോളോവേഴ്സ് ആയി മാറിയത്. ഈ പേജുകളുടെ ലോഗോ ഇന്ത്യൻ കൂട്ടായ്മയുടേതിന് സമാനമാണെങ്കിലും, പാകിസ്താന്റെ പതാകയെ അനുസ്മരിപ്പിക്കുന്ന പച്ചയും വെള്ളയും കലർന്ന നിറമാണ് ഇവർ ഉപയോഗിക്കുന്നത്. ഇമ്രാൻ ഖാന്റെ പിടിഐ, പിഎംഎൽ-എൻ, പിപിപി തുടങ്ങിയ പാകിസ്താനിലെ പ്രധാന രാഷ്ട്രീയ പാർട്ടികൾക്ക് ഒരു ബദലായാണ് ഈ കൂട്ടായ്മ സ്വയം അടയാളപ്പെടുത്തുന്നത്.
അമേരിക്കയിലെ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന, മുമ്പ് ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയ കമ്മ്യൂണിക്കേഷൻ സ്ട്രാറ്റജിസ്റ്റായി ജോലി ചെയ്തിരുന്ന മുപ്പതുകാരനായ അഭിജീത് ദിപ്കെയാണ് ഇന്ത്യയിൽ കോക്രോച്ച് ജനതാ പാർട്ടിക്ക് തുടക്കമിട്ടത്. ഈ പാർട്ടിക്ക് കൃത്യമായ ഒരു മാനിഫെസ്റ്റോയും ഔദ്യോഗിക വെബ്‌സൈറ്റും ഉണ്ട്. എന്നാൽ പാകിസ്താനിലേക്ക് എത്തുമ്പോൾ ഇത് കൂടുതൽ വികേന്ദ്രീകരിക്കപ്പെട്ട ഒന്നായി മാറുകയും, വ്യത്യസ്തരായ നിരവധി ആളുകൾ അവരവരുടേതായ രീതിയിൽ ഇതിന്റെ വകഭേദങ്ങൾ നിർമ്മിക്കുകയുമാണ് ചെയ്യുന്നത്.
ഇന്ത്യൻ സുപ്രീം കോടതിയിലെ ഒരു വാദത്തിനിടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തൊഴിലില്ലാത്ത യുവാക്കളെയും ആക്ടിവിസ്റ്റുകളെയും “കറപ്പാനുകളോടും” “പരാന്നഭോജികളോടും” ഉപമിച്ചതിന് ശേഷമാണ് കോക്രോച്ച് ജനതാ പാർട്ടി രൂപംകൊണ്ടത്. “കറപ്പാനുകളെപ്പോലെ ചില യുവാക്കളുണ്ട്, അവർക്ക് ജോലിയോ പ്രൊഫഷനിൽ ഒരു സ്ഥാനമോ ലഭിക്കുന്നില്ല,” എന്നായിരുന്നു ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമർശം. എന്നാൽ വ്യാജ ബിരുദം ഉപയോഗിച്ച് പ്രൊഫഷനുകളിലേക്ക് കടന്നുകൂടുന്നവരെയാണ് താൻ ഉദ്ദേശിച്ചതെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കുകയുണ്ടായി. ഇതൊരു ഔദ്യോഗിക രാഷ്ട്രീയ പാർട്ടിയല്ലെങ്കിൽ കൂടിയും, ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളിൽ 20 ദശലക്ഷത്തിലധികം (രണ്ട് കോടി) ഫോളോവേഴ്സിനെ ഇൻസ്റ്റാഗ്രാമിൽ സ്വന്തമാക്കാൻ കോക്രോച്ച് ജനതാ പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ട്.




