Crime

ഹണിമൂണ്‍യാത്ര പോകുന്നതിനിടെ പൊലീസ് വളഞ്ഞു; വയോധികയുടെ കൊലപാതകത്തിൽ നവവരൻ പിടിയിൽ

കോയമ്പത്തൂർ രാമനാഥപുരത്ത് ഫ്ലാറ്റിൽ വയോധികയെ കൊലപ്പെടുത്തിയ കേസിൽ നവവരൻ പിടിയിലായി. തഞ്ചാവൂർ സ്വദേശിയായ പി. രഞ്ജിത്ത് കുമാർ (24) ആണ് കോയമ്പത്തൂർ സിറ്റി പൊലീസിന്റെ പ്രത്യേക സംഘത്തിന്റെ വലയിലായത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ തമിഴ്‌നാട് പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം രാമേശ്വരത്ത് നിന്നാണ് പിടികൂടിയത്. തന്റെ ഭാര്യയുമായി വിനോദയാത്ര പോകുന്നതിനിടെയാണ് ഇയാൾ പൊലീസിന്റെ പിടിയിലാവുന്നത്.

ഈ മാസം മൂന്നിനാണ് സുങ്കത്തിന് സമീപത്തെ ഫ്ലാറ്റിൽ തനിച്ച് താമസിച്ചിരുന്ന ടി. ഗോമതി (69) എന്ന വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിദേശത്തുനിന്ന് നാട്ടിലെത്തിയ മകൾ അമ്മയെ കാണാനായി വാതിൽ തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്. ഗോമതിയുടെ കഴുത്തിലുണ്ടായിരുന്ന രണ്ടര പവന്റെ സ്വർണ്ണമാല നഷ്ടപ്പെട്ടതായി കണ്ടെത്തിയതോടെയാണ് ഇതൊരു കൊലപാതകമാണെന്ന് പൊലീസിന് സൂചന ലഭിച്ചത്. തുടർന്ന് നാല് പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തിയത്.

മൂന്നു മാസം മുൻപ് വിവാഹിതനായ രഞ്ജിത്ത് പ്രദേശത്തെ വീടുകളിൽ നിന്ന് തുണികൾ വാങ്ങി അലക്കി ഇസ്തിരിയിട്ടു നൽകുന്ന ജോലി ചെയ്തിരുന്നു. ഗോമതിയുടെ ഫ്ലാറ്റിൽ സ്ഥിരമായി വരാറുള്ള ഇയാൾക്ക് ആ പരിചയം വെച്ച് അകത്തേക്ക് പ്രവേശിക്കാൻ എളുപ്പമായി. കഴിഞ്ഞ രണ്ടിന് വൈകിട്ട് ഇസ്തിരിയിട്ട തുണികൾ നൽകാൻ എത്തിയതായിരുന്നു ഇയാൾ. ഇതിനിടെ മാല കവരാൻ ശ്രമിച്ചപ്പോൾ വയോധിക ബഹളം വെച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.

വിവാഹശേഷം സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഭാര്യയുമായി ഹണിമൂണ്‍യാത്ര പോകാൻ സാധിക്കാത്തതിനാലാണ് മാല മോഷ്ടിച്ചതെന്ന് രഞ്ജിത്ത് മൊഴി നൽകി. കവർന്ന സ്വർണ്ണമാല രണ്ട് ലക്ഷം രൂപയ്ക്ക് പണയപ്പെടുത്തിയ ശേഷമാണ് ഇയാൾ യാത്ര പോയത്. പത്തുവർഷം മുൻപ് ഭർത്താവ് മരിച്ച ശേഷം ഗോമതി ഫ്ലാറ്റിൽ ഒറ്റയ്ക്കായിരുന്നു താമസം. ഇവരുടെ രണ്ട് മക്കളും വിദേശത്തായതിനാൽ സുരക്ഷാ കുറവ് മനസ്സിലാക്കിയാണ് പ്രതി കൊലപാതകം ആസൂത്രണം ചെയ്തത്.