Uncategorized

‘തണ്ണിമത്തനില്‍ എലിവിഷം വന്നതെങ്ങനെ?’; ദുരൂഹത ഒഴിയാതെ മുംബൈ-കൂട്ടമരണം,ഫോറൻസിക് റിപ്പോർട്ട് പുറത്ത്

മുംബൈയിൽ ഒരു കുടുംബത്തിലെ നാലുപേരുടെ മരണം തണ്ണിമത്തൻ കഴിച്ചതുകൊണ്ടുള്ള ഭക്ഷ്യവിഷബാധയല്ലെന്നും, മാരകമായ വിഷം ഉള്ളിൽ ചെന്നതാണെന്നും ഫൊറൻസിക് പരിശോധനയിൽ വ്യക്തമായി. മരിച്ചവരുടെ ശരീരത്തിലും അവർ കഴിച്ച പഴത്തിന്റെ അവശിഷ്ടങ്ങളിലും എലിവിഷത്തിൽ അടങ്ങിയിരിക്കുന്ന വിഷാംശം കണ്ടെത്തിയിട്ടുണ്ട്.

പോസ്റ്റ്‌മോർട്ടം വേളയിൽ ഇവരുടെ ആന്തരികാവയവങ്ങളിൽ കണ്ട പച്ചനിറമാണ് കേസിൽ വലിയൊരു വഴിത്തിരിവായത്. ഭക്ഷണത്തിൽ അബദ്ധത്തിൽ വിഷം കലർന്നതാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ എന്നതിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്.

അബ്ദുള്ള ഡൊക്കാഡിയ, ഭാര്യ നസ്രീൻ, മക്കളായ സൈനബ്, ആയിഷ എന്നിവർ മുംബൈയിലെ വീട്ടിൽ ബന്ധുക്കൾക്കായി അത്താഴവിരുന്ന് നൽകിയിരുന്നു. മട്ടൺ പുലാവ് കഴിച്ചു ബന്ധുക്കൾ മടങ്ങിയ ശേഷം പുലർച്ചെ ഒരു മണിയോടെയാണ് കുടുംബം തണ്ണിമത്തൻ കഴിച്ചത്. എന്നാൽ പുലർച്ചെ അഞ്ചു മണിയോടെ നാലുപേർക്കും കടുത്ത ശാരീരിക അസ്വസ്ഥതകളും ഛർദ്ദിയും അനുഭവപ്പെടുകയും വൈകാതെ തന്നെ മരണം സംഭവിക്കുകയുമായിരുന്നു. അതിവേഗത്തിൽ മരണം സംഭവിച്ചത് പോലീസിനെ തുടക്കത്തിൽ തന്നെ സംശയത്തിലാക്കിയിരുന്നു.

എലിവിഷത്തിൽ സാധാരണയായി ഉപയോഗിക്കുന്ന ‘സിങ്ക് ഫോസ്ഫൈറ്റ്’ എന്ന രാസവസ്തുവാണ് മരണത്തിന് കാരണമായതെന്ന് വിദഗ്ധ പരിശോധനയിൽ തെളിഞ്ഞു. ഇതേ വിഷാംശം കുടുംബം കഴിച്ച പഴത്തിന്റെ സാംപിളുകളിലും കാണപ്പെട്ടു. ഈ വിഷം പഴത്തിൽ എങ്ങനെ എത്തിയെന്നതിനെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. അന്നേദിവസം വിരുന്നിൽ പങ്കെടുത്ത ബന്ധുക്കൾക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാത്തതിനാൽ അവർ കഴിച്ച പുലാവിൽ കുഴപ്പമില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

മട്ടൺ പുലാവിലല്ല, മറിച്ച് തണ്ണിമത്തനിലാണ് വിഷാംശം കണ്ടതെന്നത് കേസിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ഇത് അബദ്ധത്തിൽ സംഭവിച്ചതാണോ അതോ ആരെങ്കിലും മനഃപൂർവ്വം ചെയ്തതാണോ എന്ന കാര്യത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. കുടുംബത്തിന് ആത്മഹത്യ ചെയ്യേണ്ട സാഹചര്യങ്ങൾ ഒന്നുമുണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. ജെ.ജെ മാർഗ് പോലീസ് അയൽക്കാരുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തി വരികയാണ്.